ഹര്‍ത്താല്‍ നടത്തി അപമാനിച്ച്‌ ഓടിച്ചു വിട്ട മാധവ് ഗാഡ്ഗിലിനോട് മാപ്പ് പറഞ്ഞ് കേരളം

തിരുവനന്തപുരം: മിന്നല്‍പ്രളയങ്ങളും, മേഘവിസ്‌ഫോടനവും, ഉരുള്‍പൊട്ടലുകളില്‍ ഗ്രാമങ്ങളും അതിലെ മനുഷ്യരും കുത്തിയൊലിച്ചു പോവുന്നതും കണ്ട് കേരളം വീണ്ടും ഞെട്ടി വിറയ്ക്കുന്നു. പരിസ്ഥിതി നാശം തുടര്‍ന്നാല്‍ ഇതൊക്കെ സംഭവിക്കുമെന്ന് ഒരു ദശകം മുമ്ബ് പറഞ്ഞ പ്രൊഫ.മാധവ് ഗാഡ്ഗിലിനെ ശവം തീനി കഴുകനെന്നും, വിദേശ ചാരനെന്നും ആക്ഷേപിച്ചും ഹര്‍ത്താലൊക്കെ നടത്തിയുമാണ് നമ്മള്‍ അന്ന് ഓടിച്ചുവിട്ടത്.

ഭൂമിയുടെ സ്വഭാവമറിഞ്ഞ് കൃഷിയും കെട്ടിടനിര്‍മ്മാണവും നടത്തണമെന്ന ഗാഡ്ഗിലിന്റെ നിര്‍ദ്ദേശം പരിഗണിച്ചിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ ദുരന്തങ്ങളുടെ തീവ്രത കുറയ്ക്കാമായിരുന്നു. നഷ്ടങ്ങളുടെ കണക്കെടുപ്പിനൊപ്പം, ദുരന്തകാരണങ്ങള്‍ കൂടി ശാസ്ത്രീയമായി പഠിച്ചില്ലെങ്കില്‍ കേരളം പ്രകൃതിദുരന്തങ്ങളുടെ ശവപ്പറമ്ബാവും.

വനഭൂമി കൈയേറരുത്, കൃഷിഭൂമി തരം മാറ്റരുത്, അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് പാരിസ്ഥിതിക പഠനം നിര്‍ബന്ധമാക്കണം, പുതിയ നിര്‍മ്മാണച്ചട്ടമുണ്ടാക്കണം, നദികളുടെ ഒഴുക്ക് തടയരുത്, നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കണം എന്നിങ്ങനെ ഗാഡ്ഗിലിന്റെ നിര്‍ദ്ദേശങ്ങളെല്ലാം തള്ളിയ ശേഷം, പൊതുപദ്ധതികള്‍ക്കായി നീര്‍ത്തടങ്ങളും വയലുകളും നികത്താമെന്ന നിയമം പാസാക്കി. മുപ്പത് വര്‍ഷത്തിനിടെ ആറു ലക്ഷം ഹെക്ടര്‍ നെല്‍വയല്‍ ഇല്ലാതായ സംസ്ഥാനത്താണ് ,ഇങ്ങനെയൊരു നിയമം വന്നത്. ഉരുള്‍പൊട്ടല്‍ മേഖലകളില്‍ കെട്ടിടനിര്‍മ്മാണം അനുവദിക്കരുതെന്നും, കെട്ടിടങ്ങളും കൃഷിയുമൊക്കെ എവിടെയൊക്കെ ആകാമെന്ന് ഭൗമ മാപ്പിംഗിലൂടെ രേഖപ്പെടുത്തണമെന്നുമുള്ള ഗാഡ്ഗിലിന്റെ ശുപാര്‍ശകളും ചെവിക്കൊണ്ടില്ല. മൂന്നു വര്‍ഷത്തിനിടെ, പത്ത് ജില്ലകളില്‍ ആയിരത്തിലേറെ ഉരുള്‍പൊട്ടലുകളുണ്ടായി. നൂറെണ്ണം അതിതീവ്രമായിരുന്നു. പശ്ചിമഘട്ടത്തിലെ 80 ശതമാനവും ഉരുള്‍പൊട്ടല്‍ മേഖലയാണ്. 13000 ഉരുള്‍പൊട്ടല്‍ മേഖലകളും 17000 മണ്ണിടിച്ചില്‍ മേഖലകളുമുണ്ട്. എന്നിട്ടും പുതിയ ക്വാറികളുണ്ടാവുന്നു.

അപമാനിച്ചു, തുരത്തി

നിയമസഭയില്‍ രാഷ്ട്രീയഭേദേെന്യ ഗാഡ്ഗിലിന് അപമാനവര്‍ഷമുണ്ടായി. ‘ക്വാറികളുണ്ടെങ്കിലെന്താ, മഴ പെയ്യുന്നുണ്ടല്ലോ’ എന്ന് തോമസ്ചാണ്ടിയും ‘ജെ.സി.ബി പോയിട്ട് കൈക്കോട്ടു പോലും വയ്ക്കാത്ത നിബിഡ വനത്തില്‍ എങ്ങനെ ഉരുള്‍പൊട്ടി’ എന്ന് പി.വി.അന്‍വറും ഗാഡ്ഗില്‍ പറയുന്നത് ശരിയെങ്കില്‍ വനത്തിലെങ്ങനെ ഉരുള്‍പൊട്ടിയെന്ന് പി.സി.ജോര്‍ജും പരിഹസിച്ചു. ദുരന്തങ്ങള്‍ പ്രകൃതിയുടെ ആര്‍ക്കും തടുക്കാനാവാത്ത വിധിയാണെന്നും, നിയമങ്ങള്‍ ഇളവുചെയ്യണമെന്നുമാണ് എസ്.രാജേന്ദ്രന്‍ പറഞ്ഞത്. ‘ശവംതീനി കഴുകന്‍’ എന്നാണ് ഇടുക്കിയിലെ മുന്‍ എം.പി ഗാഡ്ഗിലിനെ വിളിച്ചത്.

മാധവ് ഗാഡ്ഗില്‍

പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനത്തിന് പദ്മഭൂഷണ്‍, ദേശീയ പരിസ്ഥിതി ഫെലോഷിപ്, ശാന്തി സ്വരൂപ് ഭട്നാഗര്‍, വോള്‍വോ എന്‍വയണ്‍മെന്റല്‍, ടൈലര്‍, രാജ്യോത്സവ പ്രശാന്തി പുരസ്‌കാരങ്ങള്‍ ലഭിച്ചു. പൂനെ സ്വദേശി. പശ്ചിമഘട്ട, നീലഗിരി ജൈവമണ്ഡല സംരക്ഷണത്തിന് പദ്ധതിരേഖയുണ്ടാക്കി.

കേരളത്തിലെ ഇപ്പോഴത്തെ അതിതീവ്ര മഴയ്ക്കും ഉരുള്‍പൊട്ടലിനും കാരണം അനിയന്ത്രിതമായ പ്രകൃതി ചൂഷണവും അസാധാരണമായ കാലാവസ്ഥാ മാറ്റവുമാണെന്നും, പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കില്‍ ഇനിയും പല ദുരന്തങ്ങള്‍ക്ക് കേരളം സാക്ഷിയാവുമെന്നും ഗാഡ്ഗില്‍ പറഞ്ഞു.

5607.5
ചതുരശ്ര കി.മീ പ്രദേശം ഉരുള്‍പൊട്ടല്‍ മേഖല

5624.1
ചതുരശ്ര കി.മീ പ്രളയ സാദ്ധ്യതാ മേഖല

Related posts

Leave a Comment