എം വിൻസെന്റ് എംഎല്‍എ സഞ്ചരിച്ച കാര്‍ ഡിവൈഡറിലിടിച്ച്‌ അപകടം

തിരുവനന്തപുരം : കോവളം എംഎല്‍എ എം വിന്‍സന്റെ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ എംഎല്‍എയ്ക്ക് പരിക്കേറ്റു. ബാലരാമപുരത്തെ വീട്ടില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോകും വഴി ഇന്ന് പുലര്‍ച്ചെ പ്രാവച്ചമ്ബലത്ത് വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ വിൻസെൻ്റിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. വിൻസെന്റിന് ഒപ്പമുണ്ടായിരുന്നയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സ്കൂട്ട‍ർ യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച വാഹനം ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.

വഴിയാത്രക്കാരിയെ ഇടിച്ച് നിയന്ത്രണം വിട്ട കാർ മരത്തിലും ഇടിച്ചു; രണ്ടു സ്ത്രീകൾ മരിച്ചു

ചാലക്കുടി:  റോഡ് കുറുകെ കടന്ന സ്ത്രീയും അവരെ ഇടിച്ചപ്പോൾ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കാർ യാത്രക്കാരിയും മരിച്ചു. രാവിലെ 5.45ന് ചാലക്കുടി – അതിരപ്പിള്ളി റോഡിൽ പരിയാരം സിഎസ്ആർ കടവിലാണ് അപകടം. കാൽനട യാത്രക്കാരി പരിയാരം ചില്ലായി ദേവസിയുടെ ഭാര്യയുമായ അന്നു (74), കാറിലെ യാത്രക്കാരി കൊന്നക്കുഴി തോമസിന്റെ ഭാര്യ ആനി (60) എന്നിവരാണു മരിച്ചത്. നിയന്ത്രണം വിട്ട കാർ മരത്തിലിടിക്കുകയായിരുന്നു. റോഡിൽ വളവുള്ള ഭാഗമാണിത്. തോമസാണ് കാർ ഓടിച്ചിരുന്നത്. പരുക്കേറ്റ തോമസ് ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹം ഇതേ ആശുപത്രിയിലെ മോർച്ചറിയിലാണ്. പള്ളിയിലേക്കു പോകുകയായിരുന്നു അന്ന്.

കാര്‍ ഇടിച്ച്‌ റോഡില്‍ വീണ മദ്ധ്യവയസ്‌കന്റെ തലയിലൂടെ ലോറി കയറിയിറങ്ങി; ദാരുണാന്ത്യം

തിരുവനന്തപുരം: വെഞ്ഞാറമൂട് ആലന്തറയില്‍ കാര്‍ ഇടിച്ച്‌ റോഡില്‍ വീണയാള്‍ ലോറി കയറി മരിച്ചു.നാഗര്‍കോവില്‍ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി കൃഷ്ണകുമാര്‍ (43) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ ആലന്തറ പെട്രോള്‍ പമ്ബിന് സമീപമാണ് അപകടമുണ്ടായത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ കൃഷ്ണകുമാര്‍ തമിഴ്നാട്ടില്‍ നിന്ന് പന്തളത്തേക്ക് പോവുകയായിരുന്നു. ആലന്തറ പെട്രോള്‍ പമ്ബിന് സമീപമുള്ള കടയില്‍ നിന്നും ചായ കുടിച്ച ശേഷം തിരിച്ചു വാഹനത്തിലേക്ക് പോകുന്ന സമയം വെഞ്ഞാറമൂട് ഭാഗത്ത് നിന്നും വരികയായിരുന്ന ഒരു കാര്‍ കൃഷ്ണകുമാറിനെ ഇടിച്ചിടുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഇയാളുടെ തലയിലൂടെ ലോറിയുടെ ടയര്‍ കയറി ഇറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു.

വീണ്ടും ജീവനെടുത്ത് സ്വകാര്യ ബസ്; കൊച്ചിയില്‍ ബസിടിച്ച്‌ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കൊച്ചിയില്‍ സ്വകാര്യ ബസിടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കച്ചേരിപ്പടി മാധവ ഫാര്‍മസി ജംഗ്ഷനിലാണ് അപകടം നടന്നത്. വൈപ്പിന്‍ സ്വദേശി ആന്റണിയാണ് (46) മരിച്ചത്. ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. ബസിനടിയിലേക്ക് വീണ ആന്‍്റണി തല്‍ക്ഷണം തന്നെ മരിച്ചു. സിഗ്നലില്‍ ബൈക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനിടെ സിഗ്നല്‍ മാറിയതോടെ പിന്നില്‍ നിന്നെത്തിയ പ്രൈവറ്റ് ബസ് വളരെ അലക്ഷ്യമായി ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഇടിക്കുകയായിരുന്നു. തെറിച്ച്‌ വീണ ആന്റണിയുടെ ദേഹത്തുകൂടിയാണ് ബസിന്റെ മുന്‍ ചക്രം കയറിയിറങ്ങിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

എറണാകുളത്ത് മൂന്നു ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു; നാലു പേര്‍ക്ക് ഗുരുതര പരുക്ക്

വലമ്പൂർ മൂലേക്കുഴി എം.എസ്‌. അഭിഷേക് (21) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 നായിരുന്നു അപകടം. ടര്‍ഫില്‍ കളികഴിഞ്ഞ ശേഷം ബൈക്കില്‍ മടങ്ങുമ്പോഴായിരുന്നു അഭിഷേക് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കില്‍ കൂട്ടിയിടിക്കുന്നത്. തൊട്ടു പിന്നാലെ വന്ന ബൈക്ക് അപകടത്തില്‍ പെട്ട ബൈക്കുകളിലേക്ക് ഇടിച്ചു കയറി. പരുക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊച്ചിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ് കയറിയിറങ്ങി സ്ത്രീ മരിച്ചു

കൊച്ചി∙ ലിസി ജംക്‌ഷനിൽ ബസ് കയറിയിറങ്ങി സ്ത്രീ മരിച്ചു. കളമശേരി സ്വദേശി ലക്ഷ്മി (43) ആണ് മരിച്ചത്. ഇന്നു രാവിലെ 9 മണിയോടെയായിരുന്നു സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന ലക്ഷ്മി നിർത്തിയിട്ടിരുന്ന ബസിന് മുന്നിലെത്തുകയായിരുന്നു. ഈ സമയം ബസ് മുന്നോട്ടെടുക്കുകയും ലക്ഷ്മിയെ ഇടിക്കുകയും ചെയ്തു. താഴേക്ക് വീണ ലക്ഷ്മിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്ത് വച്ചു തന്നെ ഇവർ മരിച്ചെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി

തിരുവനന്തപുരത്ത് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. അപകടത്തില്‍ പൂവച്ചല്‍ യു.പി സ്‌കൂള്‍ വിദ്യാര്‍ഥി ഇമ്മാനുവേലിന് ഗുരുതര പരുക്ക്. വിദ്യാര്‍ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിമന്റ് കയറ്റിവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. റോഡില്‍വീണ കുട്ടിയുടെ അരക്ക് മുകളിലൂടെ ലോറി കയറിയിറങ്ങി. കുട്ടിയെ ഇടിച്ചിട്ട് മുന്‍വശത്തെ ടയര്‍ കയറിയിറങ്ങുകയായിരുന്നു. ആദ്യം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടം വരുത്തിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.

ആറാട്ടുപുഴയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമകനും മരിച്ചു

തൃശ്ശൂര്‍ ആറാട്ടുപുഴ മന്ദാരംകടവില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 2 പേര്‍ മരിച്ചു.കാറില്‍ 4 പേരാണ് ഉണ്ടായിരുന്നത്. തൃശൂര്‍ ചീരാച്ചി സ്വദേശികളായ രാജേന്ദ്രബാബു(66), ഭാര്യ സന്ധ്യ (62) കൊച്ചുമകന്‍ സമര്‍ഥ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ രാജേന്ദ്രന്റെ ഭാര്യയെയും മകനെയും ആശുപത്രിയിലേക്ക് മാറ്റി. ബന്ധുവിന്റെ കല്യാണത്തിനായി റിസോര്‍ട്ടില്‍ പോകവേയാണ് അപകടം. മരിച്ചവരുടെ മൃതദേഹം രോഹിണി ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാജേന്ദ്ര ബാബുവാണ് കാർ ഓടിച്ചത്. ആകെ 4 പേർ കാറിൽ ഉണ്ടായിരുന്നു. രാജേന്ദ്രബാബുവിന്റെ മകന്‍ ശരത്തിന്റെ നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ സൈന്‍ ബോര്‍ഡിലിടിച്ച് നിയന്ത്രണംവിട്ട കാര്‍ പുഴയിലേക്കു പറിയുകയായിരുന്നു. കാര്‍ വീണ ഭാഗത്ത് 15 അടിയോളം വെള്ളമുണ്ടായിരുന്നു.

ഓവര്‍ടേക്കിങ്ങിനിടെ ബൈക്കില്‍ നിന്നും തെറിച്ചുവീണു; കെഎസ്‌ആര്‍ടിസിക്ക് അടിയില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു

കൊച്ചി: കെഎസ്‌ആര്‍ടിസി ബസിന് അടിയില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. കോതമംഗലം കോട്ടപ്പടി സ്വദേശി അശ്വിന്‍ എല്‍ദോസ് ആണ് മരിച്ചത്. ബിഡിഎസ് വിദ്യാര്‍ത്ഥിയാണ്. കോതമംഗലം നഗരത്തില്‍ വെച്ച്‌ രാവിലെ 11.30 ഓടെയായിരുന്നു അപകടം. കെഎസ്‌ആര്‍ടിസി ബസിനെ മറികടക്കാന്‍ ശ്രമിക്കവെയാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ത്ഥി അപകടത്തില്‍പ്പെട്ടത്. താലൂക്ക് ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയിട്ട കെഎസ്‌ആര്‍ടിസി ബസ് മുന്നോട്ട് എടുക്കുന്നതിനിടെ എല്‍ദോസും ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചു. ഇതിനിടെ ബൈക്ക് സ്‌കിഡ് ചെയ്ത് എല്‍ദോസ് നേരെ ബസിന്റെ പിന്‍ചക്രങ്ങളുടെ അടിയിലേക്ക് വീഴുകയായിരുന്നു.

മുന്‍പില്‍ പോയ ബൈക്ക് അപ്രതീക്ഷിതമായി വെട്ടിത്തിരിച്ചു; റോഡില്‍ വീണ സ്‌കൂട്ടര്‍ യാത്രികയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി

എറണാകുളം : ബൈക്ക് ഇടിച്ച്‌ റോഡില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. പുറകെ വന്ന ബസ് യുവതിയുടെ ശരീരത്തില്‍ കയറി ഇറങ്ങി. കൊച്ചിയിലെ സിനര്‍ജി ഓഷ്യാനിക് സര്‍വ്വീസ് ജീവനക്കാരി കാവ്യ ധനേഷാണ് മരിച്ചത്. ബൈക്ക് അലക്ഷ്യമായി യുടേണ്‍ തിരിച്ചതാണ് അപകടത്തിന് കാരണം. തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷനിലാണ് സംഭവം.അപകടം നടന്നതിന് പിന്നാലെ ബൈക്ക് യാത്രക്കാരന്‍ കടന്നു കളഞ്ഞു . ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ബൈക്ക് യാത്രികനായ യുവാവ് അലക്ഷ്യമായി ബൈക്ക് തിരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ ബൈക്കില്‍ തട്ടി വീണ കാവ്യയുടെ മുകളിലേക്ക് കലൂര്‍, തലയോലപ്പറമ്പ് റൂട്ടിലൂടെ ഓടുന്ന സ്വകാര്യ ബസ് കയറിയിറങ്ങുകയായിരുന്നു. പിന്നാലെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിയാണ് കാവ്യ മരണപ്പെട്ടത്. തൃപ്പൂണിത്തറ ഹില്‍പാലസ് പോലീസും, ട്രാഫിക് പോലീസും ബൈക്ക് യാത്രികനായ യുവാവിനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചാവും അന്വേഷണം…