പോളിങ് കുറഞ്ഞത് ആർക്ക് അനുകൂലം? തെരഞ്ഞെടുപ്പ് ചരിത്രം പറയുന്നത് ഇങ്ങനെ; വടകരയിൽ പ്രതീക്ഷ ഇടതുപക്ഷത്തിനോ?

കൊച്ചി: ആവേശകരമായ പ്രചാരണത്തിനുശേഷമാണ് കേരളം പോളിങ് ബൂത്തിലേക്ക് എത്തിയതെങ്കിലും ഇത്തവണ സംസ്ഥാനത്ത് പോളിങ് ശതമാനത്തിൽ ഇടിവുണ്ടായിരിക്കുകയാണ്. പോളിങ് ശതമാനത്തിൽ വന്ന ഇടിവ് മുന്നണികളെയെല്ലാം ആശങ്കയിലാക്കിയിട്ടുണ്ട് ജനമനസ്സ് എന്താണെന്നറിയാൻ ഇനി 38 ദിവസം കാത്തിരിക്കണം. ജൂൺ നാലിനാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നത്. ഇന്നലെ രാത്രി 08:15 വരെയുള്ള ഔദ്യോഗിക കണക്കനുസരിച്ച് സംസ്ഥാനത്ത് 70.35 ശതമാനമാണ് പോളിങ്. രാത്രി വൈകിയും വടകര ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നിരുന്നു. എങ്കിലും ശതമാനക്കണക്കിൽ വലിയൊരു വ്യത്യാസം ഉണ്ടാവുകയില്ല. കഴിഞ്ഞതവണ 77.68 ശതമാനം പോളിങ് ഉണ്ടായിരുന്നതാണ് ഇത്തവണ കുറഞ്ഞിരിക്കുന്നത്.വിവിധ കാരണങ്ങൾ പോളിങ് കുറയാൻ ഇടയാക്കിയിട്ടുണ്ടാകാമെങ്കിലും ശക്തമായ മത്സരം നടന്ന വടകര പോലുള്ള മണ്ഡലങ്ങളിൽ പോളിങ് കുറഞ്ഞത് മുന്നണികളെ ആശങ്കയിലാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും അവസാനം പോളിങ് അവസാനിച്ചത് വടകര കുറ്റ്യാടി മണ്ഡലത്തിലെ 141-ാം ബൂത്തിലാണ്. മുടപ്പിലാവില്‍ എല്‍പി സ്‌കൂളിൽ രാത്രി 11.43നാണ് അവസാനത്തെ ആള്‍ വോട്ട് ചെയ്തത്. കഴിഞ്ഞതവണ 82.48 ശതമാനമായിരുന്ന വടകരയിലെ പോളിങ്ങെങ്കിൽ ഇന്നലെയത് 73.36 ആയി കുറഞ്ഞു (അന്തിമ കണക്കിൽ മാറ്റം വന്നേക്കാം). വൻ പ്രചാരണം നടന്നിട്ടും പോളിങ് കുറഞ്ഞത് ഇടത് – വലത് മുന്നണികളെ ഞെട്ടിച്ചിരിക്കുകയാണ്.2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവും കുറവ് പോളിങ്ങാണ് ഇന്നലെ രേഖപ്പെടുത്തിയത്. 2004 – 71.43 ശതമാനം, 2009 -73.20 ശതമാനം, 2014 – 73.94 ശതമാനം, 2019 – 77.68 എന്നിങ്ങനെയായിരുന്നു സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനം. ഇതിൽ ഏറ്റവും കുറവ് പോളിങ് നടന്ന 2004ൽ കേരളത്തിൽ ഇടത് തരംഗമായിരുന്നു.

Related posts

Leave a Comment