മയ്യഴിയുടെ അഭിമാനം ക്യാപ്റ്റന്‍ പ്രേമന്‍; 101 ജീവന്‍ രക്ഷിച്ച റസ്‌ക്യൂ ഓപ്പറേഷന്‍ ഹെഡ്

മാഹി: കൂരിരുട്ടില്‍ ഇരുന്നൂറ് കി.മീറ്റര്‍ വേഗതയില്‍ വീശിയടിച്ച ടൗട്ടേയുടെ താണ്ഡവത്തിനും, ആയിരം നാവുള്ള അനന്തനെപ്പോലെ ചീറ്റി വന്ന കൊടും തീരമാലകള്‍ക്കിടയിലും, മരണത്തെ മുന്നില്‍ കണ്ടï 12 മണിക്കൂറുകളില്‍, ധീരമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എഎസ്‌എല്‍ ചീല്‍ എന്ന കപ്പലിന്റെ ക്യാപ്ടന്‍ മാഹി പാറക്കല്‍ സ്വദേശിയുമായ ചാണോളിയന്‍ വളപ്പില്‍ പ്രേമനായിരുന്നു. മരണം വരെ ഈ രക്ഷാപ്രവര്‍ത്തനം മറക്കാനാവില്ലെന്ന് പ്രേമന്‍ സാക്ഷ്യപ്പെടുത്തുന്നു.

നൂറുകണക്കിന് മനുഷ്യ ജീവനുകള്‍ ആശങ്കയില്‍ തണുത്തുറഞ്ഞു പോയ ദിനരാത്രങ്ങളെ ഉള്‍ക്കിടിലത്തോടെയാണ് ഈ നാവികന്‍ ഓര്‍ക്കുന്നത്. അതിശക്തമായ ചുഴലിക്കാറ്റില്‍ സാഗര്‍ ഭൂഷണ്‍ എന്ന ഷിപ്പിങ്ങ് കോര്‍പ്പറേഷന്റെ കപ്പല്‍ എട്ട് നങ്കൂരങ്ങളുമിട്ട് കടലില്‍ ഉറപ്പിച്ച്‌ നിര്‍ത്തിയതായിരുന്നു. എന്നാല്‍ ഇവ പൂര്‍ണ്ണമായും വിഛേദിക്കപ്പെടുകയും, ഗുജറാത്ത് തീരത്തേക്ക് അതിവേഗം കപ്പല്‍ ഒഴുകി പോവുകയുമായിരുന്നു. അപ്പോള്‍ 90 കി.മി.വേഗതയിലുള്ള കാറ്റും, അഞ്ച് മുതല്‍ ആറ് മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകളും കപ്പലിനെ കടലില്‍ അമ്മാനമാടുകയായിരുന്നു. കപ്പല്‍ കരയിലെത്തിയാല്‍ തിരമാലകളില്‍പ്പെട്ട് മറയും. അത് വന്‍ ദുരന്തത്തിന്നിടയാക്കുമെന്നുറപ്പ്. അതിന് മുമ്ബ് ഏത് വിധേനയും രക്ഷപ്പെടുത്തണമെന്ന സന്ദേശങ്ങള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങില്‍ നിന്നും, കമ്ബനിയില്‍ നിന്നുമൊക്കെ വന്നുകൊണ്ടിരുന്നു.

പത്ത് മുതല്‍ 12 മീറ്റര്‍ വരെയുള്ള കൂറ്റന്‍ തിരമാലകളും, 200 മീറ്റര്‍ വേഗതയിലുള്ള കാറ്റും, രാത്രി പന്ത്രണ്ട് മണിയോടെ അല്‍പ്പം ശമിച്ചു. കാറ്റ് 100 കി.മി. വേഗതയിലായി. കൊച്ചി സ്വദേശിയായ ചിഫ് ഓഫീസര്‍ മൈക്കിള്‍ ജോസഫും മറ്റ് 16 കപ്പല്‍ ജീവനക്കാര്‍ക്കുമൊപ്പം അവര്‍ സാഗര്‍ ഭൂഷണ്‍ കപ്പലിനെ ലക്ഷ്യമാക്കി കുതിച്ചു. കരയില്‍ നിന്ന് ഏതാണ്ട് ഒന്നര നോട്ടിക്കല്‍ മൈലില്‍ വെച്ച്‌ കപ്പലിന്നടുത്തെത്തി. കെട്ടിവലിക്കാനുപയോഗിക്കുന്ന റോപ്പ് ഉപയോഗിച്ച്‌ കപ്പലിനെ പിടിച്ചു നിര്‍ത്തി. അരമണിക്കൂറിനകം നാവിക സേനയുടെ കപ്പലുമെത്തി. സാഗര്‍ഭൂഷനെ കെട്ടിവലിച്ച്‌ ഇന്നലെ ഉച്ചയോടെ മുംബെ തുറമുഖത്തെത്തിച്ചു. കപ്പലിലെ 101 പേരും സുരക്ഷിതരാണ്. അതിനിടെ എഞ്ചിന്‍ തകരാറ് മുലം 137 പേരുള്ള ഗാല്‍ കണ്‍ട്രക്ടര്‍ എന്ന ബാര്‍ജും. 297 പേരുള്ള എസ്‌എസ് 3 എന്ന ബാര്‍ജും അപകടത്തില്‍പ്പെട്ടിരുന്നു. ഗാല്‍ കണ്‍ട്രക്ടര്‍ കരയിലുറച്ചു പോയി. മുങ്ങിപ്പോയ 305 എന്ന ബാര്‍ജിലെ 261 പേരില്‍ 26 പേരൊഴികെ മറ്റുള്ളവരെയെല്ലാം രക്ഷപ്പെടുത്താനായി. രക്ഷാപ്രവര്‍ത്തനങ്ങളില്‍ നാവികസേന നടത്തിയ തല്‍സമയ നീക്കങ്ങള്‍ ധീരോദാത്തമാണ്.

18ന് ഉച്ചയോടെ ശക്തിയേറി വന്ന കാറ്റ് വൈകീട്ടോടെ, കൊടുങ്കാറ്റുകളുടെ കൊടുങ്കാറ്റായി 200 കി.മി വേഗതയാര്‍ജ്ജിക്കുകയായിരുന്നു. പിന്നീട് അത് ചുഴലിക്കാറ്റായി പരിണമിച്ചു. എല്ലാം പിഴുതെറിയപ്പെടുകയാണെന്ന് തോന്നിപ്പോയ നിമിഷങ്ങള്‍. ഒടുവില്‍ മൂന്ന് ദിവസങ്ങള്‍ക്കൊടുവില്‍ മുംബെ തീരത്തെത്തിയപ്പോള്‍, കപ്പലിന്റെ പെയിന്റ് പോലും കാറ്റില്‍ ഇളകിപ്പോയതാണ് കണ്ടതെന്ന് ക്യാപ്റ്റന്‍ പ്രേമന്‍ പറഞ്ഞു. 28 വര്‍ഷം സര്‍വീസുള്ള ക്യാപ്റ്റന്‍ പ്രേമന്‍ കഴിഞ്ഞ നാല് വര്‍ഷമായി എഎസ്‌എല്‍ ചീല്‍ എന്ന കപ്പലിലാണ് ജോലി ചെയ്യുന്നത്. 1999 ല്‍ ഒറീസ്സയില്‍ പതിനായിരങ്ങള്‍ മരണപ്പെട്ട ചുഴലിക്കാറ്റ് ദുരന്തത്തിനും ഈ കപ്പിത്താന്‍ സാക്ഷ്യം വഹിച്ചിരുന്നു. പാരദ്വീപിലുണ്ടായിരുന്ന പ്രേമനെ നടുക്കിയതായിരുന്നു അന്നത്തെ ദുരന്തക്കാഴ്ചകള്‍.

Related posts

Leave a Comment