സമൂഹമാധ്യമങ്ങള്‍ക്ക് പൂട്ടുവീഴുമോ? ശക്തമായ നിയന്ത്രണത്തിന് തയാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങള്‍ക്ക് ശക്തമായ നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍.

കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് ഇതുസംബന്ധിച്ച സൂചനകള്‍. സമൂഹമാധ്യമങ്ങളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കണമെന്നും രാഷ്ട്രീയപരമായ ഐക്യമുണ്ടായാല്‍ ഇക്കാര്യത്തില്‍ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കമാണെന്നുമാണ് മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കിയത്. കേന്ദ്രം നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമിക്കുമ്ബോഴൊക്കെയും അഭിപ്രായ സ്വാതന്ത്രത്തെ ഇല്ലാതാക്കുന്നുവെന്ന് ആരോപിച്ച്‌ പ്രതിപക്ഷം രംഗത്തെത്തുകയാണെന്നും മന്ത്രി പറഞ്ഞു.

രാജ്യസഭയും ലോക്സഭയും അഭിപ്രായ ഐക്യത്തിലെത്തിയാല്‍ സമൂഹമാധ്യമങ്ങളില്‍ ഇടപെടുന്നവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്താനുള്ള നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാണെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ദിവസങ്ങള്‍ക്ക് മുമ്ബ്, ഗൂഗ്ള്‍, ഫേസ്ബുക്, യൂട്യൂബ്, ട്വിറ്റര്‍ എന്നീ കമ്ബനികളുടെ ഉന്നത ഉദ്യോഗസ്ഥരുമായി ഐ.ടി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിരുന്നു. വിവാദപരമായ ഉള്ളടക്കങ്ങളെ അടയാളപ്പെടുത്തല്‍, തരംതാഴ്ത്തല്‍, എടുത്തുമാറ്റല്‍ തുടങ്ങിയ പ്രക്രിയകളെ കുറിച്ച്‌ ചര്‍ച്ചചെയ്യാനായിരുന്നു കൂടിക്കാഴ്ച. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയുടെ ചോദ്യത്തിന് മറുപടിയായി സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രം തയാറാണെന്ന കാര്യം മന്ത്രി വ്യക്തമാക്കിയത്.

ജനുവരി 31നാണ് ടെക് ഭീമന്മാരായ സ്ഥാപനങ്ങളുമായുള്ള ചര്‍ച്ച നടന്നത്. ഇത് ഒറ്റത്തവണയുള്ള കൂടിക്കാഴ്ചയല്ലെന്നും എല്ലാ മൂന്ന് മാസം കൂടുമ്ബോഴും ഇത്തരം കൂടിക്കാഴ്ച ഇനി നടക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

പൗരന്മാരുടെ സുരക്ഷക്കായി നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന അഭിപ്രായമാണ് വ്യക്തിപരമായി തനിക്കുള്ളതെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളെ കൂടുതല്‍ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാന്‍ ഒരു സമൂഹമെന്ന നിലയില്‍ നാം മുന്നോട്ടുവരണം -മന്ത്രി പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കുന്നത് അടിസ്ഥാനപരമായ ധര്‍മമാണെന്നും അതില്‍ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. ബുള്ളി ബായ് ആപ്പിലൂടെ മുസ്ലിം സ്ത്രീകളെ ലേലത്തിന് വെച്ച സംഭവത്തില്‍ ബി.ജെ.പി നേതാവ് സുശീല്‍ കുമാര്‍ മോദിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രം എപ്പോഴൊക്കെ മുന്നോട്ടു വന്നിട്ടുണ്ടോ, അപ്പോഴെല്ലാം പ്രതിപക്ഷമാണ് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണെന്ന ആരോപണവുമായി രംഗത്തുവരാറുള്ളതെന്നും മന്ത്രി പറഞ്ഞു.

Related posts

Leave a Comment