രണ്ടാം ദിനവും കോർപറേഷൻ ആസ്ഥാനം സംഘർഷ ഭൂമി

തിരുവനന്തപുരം : നിയമനങ്ങൾക്കു പാർട്ടി പട്ടിക ചോദിച്ചു തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് എഴുതിയതായി പുറത്തുവന്ന കത്തിനെച്ചൊല്ലി രണ്ടാം ദിനവും കോർപറേഷൻ ആസ്‌ഥാനം സംഘർഷ ഭൂമി‍യായി.

തിരുവനന്തപുരം മേയറുടെ ഓഫിസ് രണ്ടാംദിനവും ബിജെപി ഉപരോധിച്ചു. ഓഫിസിനു മുന്നില്‍ നിലത്ത് കിടന്ന് ബി ജെ പി കൗൺസിലർമാർ പ്രതിഷേധിച്ചു.
മേയറുടെ ഓഫിസ് കവാടത്തിന് മുന്നില്‍ ബിജെപി കൊടി നാട്ടി.

എസ് എ  ടി ആശുപത്രിയിൽ താൽക്കാലിക നിയമനത്തിനു പാർട്ടി പട്ടിക ആവശ്യപ്പെട്ടു.

സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പ‍നു കത്തെഴുതിയതു താൻ തന്നെയാണെന്നും എന്നാൽ കത്ത് ആർക്കും കൊടുത്തില്ലെന്നും സമ്മതിച്ച കോർപ്പറേഷനിലെ സിപിഎം പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ. അനിലിനെതിരെയും പ്രതിഷേധം ശക്‌തമാക്കി.

മേയർ ആര്യ രാജേന്ദ്രനെയും ഡി.ആർ അനിലിനെയും ഓഫിസിൽ പ്രവേശിപ്പിക്കില്ലെന്നും പ്രതിഷേധക്കാർ നിലപാട് എടുത്തു. 295 താൽക്കാലിക നിയമനത്തിൽ പാർട്ടിയുടെ മുൻഗണനാ പട്ടിക തേടി.

സിപിഎം ജില്ലാ സെക്രട്ടറിക്കു മേയർ ആര്യ രാജേന്ദ്രൻ എഴുതിയതായി പുറത്ത് വന്ന കത്തിനെ ചൊല്ലിയാണു പ്രതിപക്ഷ കൗൺസിലർമാരും പ്രതിപക്ഷ യുവജന സംഘടനകളും അതിശക്തമായ പ്രതിഷേധം അഴിച്ചുവിട്ടത്.

പ്രതിപക്ഷം പറയുമ്പോൾ രാജിവയ്ക്കാൻ നിർവാഹമില്ലെന്നായിരുന്നു മേയർ ആര്യ രാജേന്ദ്രന്റെ പ്രതികരണം. അതൊക്കെ തമാശയായേ കാണുന്നുള്ളൂ. ‘‘സമരം നടത്തുമ്പോഴെല്ലാം പ്രതിപക്ഷം രാജിയെന്നു വെറുതേ പറഞ്ഞുകൊണ്ടിരിക്കുകയാണ്.

എന്നെ മേയർ ആക്കിയത് അവരല്ല,പാർട്ടിയാണ്. പാർട്ടിയാണു തീരുമാനമെടുക്കേണ്ടതെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു. മേയർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു ഇന്നലെ പ്രതിപക്ഷം നടത്തിയ സമരത്തിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നര വരെ കോർപറേഷൻ ഓഫിസ് കലാപഭൂമിയായി.

ഓഫിസിനുളളിൽ ബിജെപി–സിപിഎം കൗൺസിലർമാർ ഏറ്റുമുട്ടി. മേയർ ചേംബറിലുള്ളപ്പോൾ പ്രതിഷേധവുമായി എത്തിയ ബിജെപി കൗൺസിലർമാർ അകത്തേക്കു കടക്കാതിരിക്കാൻ പൊലീസ് ഗേറ്റ് പൂട്ടി.

ഇതിൽ പ്രതിഷേധിച്ച ബിജെപി കൗൺസിലർമാർ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എസ്.സലീമിനെ ചേംബറിൽ പൂട്ടിയിട്ടതോടെ സിപിഎം–ബിജെപി കൗൺസിലർമാർ തമ്മിൽ കയ്യാങ്കളിയായി.

പെൻഷൻ ആവശ്യത്തിനായി എത്തിയ വയോധിക സംഘർഷം കണ്ട് കുഴഞ്ഞുവീണിരുന്നു.

Related posts

Leave a Comment