യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രധാന പ്രതി പിടിയില്‍, കാര്‍ പിടിച്ചെടുത്തു

ആലപ്പുഴ മാന്നാര്‍ കൊരട്ടിക്കാട് കോട്ടുവിളയില്‍ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാന പ്രതി പിടിയില്‍. പൊന്നാനി സ്വദേശി ഫഹദാണ് പിടിയിലായത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മറ്റു മൂന്നുപേരും പിടിയിലായിട്ടുണ്ട്. ബിന്ദുവിനെ തട്ടികൊണ്ടുപോകാന്‍ സംഘം ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. സംഘത്തിന് പ്രാദേശികമായി സഹായം നല്‍കിയ മറ്റു ചിലരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. സ്വര്‍ണക്കടത്ത് സംഘമാണ് ബിന്ദുവിനെ തട്ടിക്കൊണ്ടുപോയതെന്ന് തെളിഞ്ഞിരുന്നു.
ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയതിനു പിന്നാലെയാണ് ബിന്ദുവിനെ വീടാക്രമിച്ച്‌ സംഘം കടത്തിക്കൊണ്ടുപോയത്. തുടര്‍ന്ന് പാലക്കാട് വടക്കഞ്ചേരിയില്‍ ഇറക്കിവിട്ടു. ഇവിടെ നിന്ന് പൊലീസാണ് ബിന്ദുവിനെ നാട്ടിലെത്തിച്ചത്. ഗള്‍ഫില്‍നിന്ന് ഹനീഫ എന്നയാള്‍ നല്‍കിയ സ്വര്‍ണം അടങ്ങിയ പൊതി നാട്ടില്‍ ഏല്‍പ്പിക്കാതിരുന്നതാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് ബിന്ദുവിന്റെ മൊഴി. ഹനീഫ ഏല്‍പ്പിച്ച പൊതിയില്‍ സ്വര്‍ണം ആണെന്ന് അറിഞ്ഞതോടെ അത് മാലി വിമാനത്താവളത്തില്‍ ഉപേക്ഷിച്ചു. എന്നാല്‍ കൊച്ചി വിമാനത്താവളത്തില്‍, അത് കാത്തിരുന്നവര്‍ തങ്ങളെ പിന്തുടരുകയായിരുന്നുവെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സംഭവത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുള്ളതിനാല്‍ കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസ് അന്വേഷിക്കുന്നുണ്ട്. കൊച്ചിയില്‍ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മാന്നാര്‍ സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വീട്ടിലെത്തിയ കസ്റ്റംസ് സംഘം ബിന്ദുവിനെയും ചോദ്യം ചെയ്തിരുന്നു. എട്ട് മാസത്തിനിടെ മൂന്ന് തവണ സ്വര്‍ണം എത്തിച്ചു. ഒടുവില്‍ കൊണ്ടുവന്നത് ഒന്നരക്കിലോ സ്വര്‍ണമാണ്. ഇത് വഴിയില്‍ ഉപേക്ഷിച്ചെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വസിച്ചിട്ടില്ല.

സ്വര്‍ണക്കടത്ത് സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പൊലീസ് കൈമാറിയിട്ടുണ്ട്. സംഘത്തിലെ പ്രധാനിയായ ഹനീഫയുടെയും കൂട്ടാളികളുടെയും വിവരമാണ് ഇഡിക്ക് കൈമാറിയത്.

Related posts

Leave a Comment