മരിക്കും വരെ കവര്‍ഫോട്ടോയായി നിങ്ങളുണ്ടാകും സച്ചിയേട്ട; അനില്‍ പി. നെടുമങ്ങാടിന്റെ അറം പറ്റിയ വാക്കുകള്‍

തൊടുപുഴ: അനില്‍ പി. നെടുമങ്ങാടിന്റെ ജനങ്ങള്‍ നെഞ്ചേറ്റിയ സിനിമയായിരുന്നു ഈ വര്‍ഷം പുറത്തിറങ്ങിയ അയ്യപ്പനും കോശിയും. സിനിമയില്‍ സിഐയുടെ വേഷത്തിലെത്തിയ അദ്ദേഹം ബിഗ് സ്‌ക്രീന്‍ പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി നേടി പുത്തന്‍ താരമായി.

ഈ സിനിമ സംവിധാനം ചെയ്തത് അടുത്തിടെ അന്തരിച്ച സച്ചിയാണ്. സച്ചിയുടെ പിറന്നാള്‍ ദിനത്തിലാണ് അനിലും അപകടത്തില്‍പ്പെടുന്നത്, ഈ വിവരം ആരാധകരുടെ ഉള്ളുലയ്ക്കുകയാണ്. ക്രിസ്തുമസ് ദിനത്തില്‍ രാവിലെ സച്ചിയെ അനുസ്മരിച്ച്‌ അദ്ദേഹം കുറിപ്പ് പങ്കിട്ടിരുന്നു. പിന്നാലെ മരണവാര്‍ത്ത എത്തിയതോടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴെ ഇതിലെ വാക്കുകള്‍ അറംപറ്റിയെന്ന തരത്തിലുള്ള സങ്കട കമന്റുകളുടെ ഘോഷയാത്രയായിരുന്നു.
പോസ്റ്റ് ഇങ്ങനെ- ‘ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത്.. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ്ബിയിലെ കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ. ഷൂട്ടിങിനിടയില്‍ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താന്‍ ലേറ്റായപ്പോ കുറച്ച്‌ സെക്കന്റ് എന്റെ കണ്ണില്‍ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ.? ഞാന്‍ പറഞ്ഞു ആയില്ല ആവാം. ചേട്ടന്‍ വിചാരിച്ചാല്‍ ഞാന്‍ ആവാം…. സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാന്‍ നിരീക്ഷിച്ച്‌ അവതരിപ്പിച്ചതാണ് . സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാന്‍ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു’. അദ്ദേഹത്തിന് സച്ചിയോടുള്ള സ്നേഹവും ബഹുമാനവുമാണ് ഈ പോസ്റ്റില്‍ വ്യക്തമാകുന്നത്.

സിനിമ വലിയ വിജയമായതിന് പിന്നാലെ കഴിഞ്ഞ ജൂണ്‍ 18ന് ആണ് സച്ചി അന്തരിക്കുന്നത്. അതും മികച്ച സിനിമകളുടെ പ്രതീക്ഷകള്‍ ബാക്കിവെച്ച്‌. ഇത്തരത്തില്‍ തന്നെ അനിലും… ആരോടും ഒന്നും പറയാതെയുള്ള അദ്ദേഹത്തിന്റെ മരണ വിവരം കൂടി എത്തിയത് ആരാധകരെ സങ്കട കടലിലാക്കി… സമൂഹമാധ്യമങ്ങളിലടക്കം ഇത് വ്യക്തമായി ഇപ്പോഴും നിറഞ്ഞ് നില്‍ക്കുകയാണ്.

Related posts

Leave a Comment