ബ്ലാക്ക് ഫംഗസ്: രാജ്യത്ത് ഏഴായിരത്തിലധികം പേര്ക്ക് രോഗബാധ, കേരളത്തില് രോഗം ബാധിച്ച യുവതി മരിച്ചു

തിരുവനന്തപുരം: കോവിഡ് ബാധിതരില്‍ അപൂര്‍വമായി കണ്ടുവരുന്ന ബ്ലാക്ക് ഫംഗസ് രോഗബാധ (മ്യൂക്കോര്‍ മൈക്കോസിസ്) കേരളത്തില്‍ റിപോര്‍ട്ട് ചെയ്തതിന് പിന്നാലെ രോഗം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന രോഗി മരിച്ചു. മുല്ലപ്പള്ളി സ്വദേശിനി അനീഷ(32) ആണ് മരിച്ചത്. നേരത്തെ, ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അറുപത്തിരണ്ടുകാരന്റെ ഒരു കണ്ണ് നീക്കം ചെയ്തിരുന്നു. രോഗം ശരീരത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ അടിയന്തര ശസ്ത്രക്രിയയിലൂടെ ഇദ്ദേഹത്തിന്റെ ഒരു കണ്ണ് നീക്കം ചെയ്യുകയായിരുന്നു.

 

കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ അഞ്ചു ജില്ലകളിലെ 13 പേര്‍ക്കുകൂടി രോഗം റിപ്പോര്‍ട്ടുചെയ്തിരുന്നു. പാലക്കാട് സ്വദേശി, മലപ്പുറം ജില്ലയിലെ എടവണ്ണ, വണ്ടൂര്‍, വഴിക്കടവ്, ചെറുവായൂര്‍, നിലമ്പൂര്‍ കരുളായി, എടരിക്കോട്, തിരൂര്‍ സ്വദേശികള്‍, കോഴിക്കോട് ജില്ലയിലെ പയ്യാനക്കല്‍, ഇരിങ്ങല്ലൂര്‍ സ്വദേശികള്‍, കോട്ടയം സ്വദേശികളായ മൂന്നുപേര്‍ക്കുമാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്.

 

ഒരു വശത്തനുഭവപ്പെടുന്ന ശക്തമായ തലവേദന, കണ്ണുകള്‍ക്കു ചുറ്റും ശക്തമായ വേദന, കാഴ്ച മങ്ങുക, മൂക്കില്‍നിന്നും കറുപ്പുനിറത്തിലുള്ള ദ്രവം പുറത്തുവരുക എന്നതാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. രണ്ടു കോഴിക്കോട് സ്വദേശികളും അഞ്ചു മലപ്പുറം സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. തമിഴ്‌നാട് ഗൂഢല്ലൂര്‍ സ്വദേശിനിയെയും ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്.കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച മൂന്നുപേര്‍ ഉള്‍പ്പെടെ കഴിഞ്ഞ ഏഴുമാസത്തിനിടയില്‍ കോറോണ ബാധിതരും അല്ലാത്തവരിലുമായി ഒമ്പതു പേര്‍ക്ക് കോട്ടയത്ത് രോഗം സ്ഥിരീകരിച്ചു.

 

രാജ്യത്ത് ഇതുവരെ 7,250 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിട്ടുണ്ട്. 219 പേര്‍ മരിച്ചതായുമാണ് കണക്കുകള്‍. 13 സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കണക്കുകള്‍ പ്രകാരമാണിത്. രോഗബാധ കൂടുതല്‍ മഹാരാഷ്ട്രയിലാണ് ഇവിടെ 1500 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 90 മരണങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗബാധ കൂടുതല്‍ കണ്ടെത്തിയ മറ്റ് സംസ്ഥാനങ്ങളില്‍ ഗുജറാത്ത്: 1,163 കേസുകള്‍ കണ്ടെത്തി 61 പേര്‍ മരിച്ചു. മധ്യപ്രദേശ്: 575 കേസുകളും 31 മരണങ്ങളും. ഹരിയാനയില്‍ 268 കേസുകളില്‍ എട്ട് മരണങ്ങള്‍ ഹരിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഡല്‍ഹി: 203 കേസുകളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശ്: 169 കേസുകളും എട്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ബീഹാര്‍: 103 കേസുകളില്‍ മ്യൂക്കോമൈക്കോസിസ് മൂലം 2 പേര്‍ മരിച്ചു. ഛത്തീസ്ഗണ്ഡ്: 101 പേരില്‍ രോഗം കണ്ടെത്തിയപ്പോള്‍ ഒരാള്‍ മരിച്ചു.കര്‍ണാടക: 97 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും മരണം റിപോര്‍ട്ട് ചെയ്തിട്ടില്ല. തെലങ്കാനയില്‍ 90 ഓളം കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്, 10 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്

Related posts

Leave a Comment