പോപ്പുലർഫ്രണ്ട് ഹർത്താൽ: നേതാക്കളുടെ സ്വത്ത് ഉടൻ ജപ്തി ചെയ്യണം: അന്ത്യശാസനവുമായി ഹൈക്കോടതി

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട ജപ്തിനടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം.
നടപടി സ്വീകരിക്കാന്‍ വൈകുന്നതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.

ഈ മാസം 24ന് കേസ് വീണ്ടും പരിഗണിക്കും. നടപടികള്‍ പൂര്‍ത്തിയാക്കി ജില്ലാ അടിസ്ഥാനത്തിനുള്ള റിപ്പോര്‍ട്ട് 23നകം സമര്‍പ്പിക്കണമെന്ന് കോടതി പറഞ്ഞു.

ജപ്തി നോട്ടീസ് നല്‍കാതെ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. ഇനി ഇക്കാര്യത്തില്‍ അവധി നല്‍കാന്‍ കഴിയില്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന അക്രമങ്ങളില്‍ സംസ്ഥാനത്ത് അഞ്ച് കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത നേതാക്കളില്‍നിന്നും സംഘടനയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയും ഈ തുക ഈടാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഇത് നടപ്പാക്കാന്‍ കഴിയാതെ വന്നതിന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. ഈ മാസം 15നകം നടപടികള്‍ പൂര്‍ത്തിയാക്കാമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

എന്നാല്‍ നടപടികള്‍ പൂര്‍ത്തിയായില്ലെന്ന് ഇന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതോടെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

Related posts

Leave a Comment