പാലാ സീറ്റില്‍ സമവായശ്രമം; നേതാക്കളെ പവാര്‍ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളഘടകത്തില്‍ അനുനയ നീക്കവുമായി എന്‍.സി.പി കേന്ദ്ര നേതൃത്വം. പാലാ സീറ്റില്‍ മാണി സി കാപ്പന്റെ സ്ഥാനാര്‍ഥിത്വം അടക്കമുള്ള കാര്യങ്ങളില്‍ അഭിപ്രായഭിന്നത ശക്തമായ സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വം ഇടപെടുന്നത്.

ഫെബ്രുവരി ഒന്നിനാണ് കൂടിക്കാഴ്ച്ച. ടി.പി പീതാംബരനും എ.കെ ശശീന്ദ്രനും മാണി സി കാപ്പനും പങ്കെടുക്കും. ഇതിനു മുന്‍പ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും ഡി രാജയുമായി ചര്‍ച്ച നടത്തും.

ഇതിനിടെ, മാണി സി കാപ്പന്‍ മുംബൈയിലെത്തി ശരദ് പവാറിനെ കണ്ടു. പാലായില്‍ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായതോടെ ഇനി ഇടതുമുന്നണിയ്ക്ക് ഒപ്പം നില്‍ക്കുന്നതില്‍ അര്‍ഥമുണ്ടോ എന്നാണ് മാണി സി കാപ്പന്‍ ഉന്നയിക്കുന്ന ചോദ്യം. ജയിച്ച ഒരു സീറ്റും വിട്ടു കൊടുക്കേണ്ടെന്നു പവാര്‍ പറഞ്ഞതായി മാണി സി കാപ്പന്‍ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളെ അറിയിച്ചു. കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ സഹോദരന്‍ തന്നെ മത്സരിക്കുമെന്നും മാണി സി കാപ്പന്‍ അറിയിച്ചു.

Related posts

Leave a Comment