തന്റെ വസ്തുവകകള്‍ തന്റെ കൂടി അനുമതിയില്ലാതെ അറ്റാച്ച്‌ ചെയ്യാന്‍ പാടില്ല എന്നു കാണിച്ച്‌ കെവിറ്റ് ഹര്‍ജി സൂരജിന്റെ അച്ഛന്‍ നല്‍കിയത് മകന്റെ അറസ്റ്റിന് മുമ്ബ്; ഉത്രയുടെ സ്വര്‍ണം വിറ്റതിനും പണയം വച്ചതിനും പകരമായി വസ്തുവകകള്‍ അറ്റാച്ചു ചെയ്യുന്നത് ഒഴിവാക്കാന്‍ സുരേന്ദ്രപണിക്കര്‍ നടത്തിയത് അത്യുഗ്രന്‍ നിയമ വഴി; സൂരജിന് ഒളിവില്‍ പോകാന്‍ അവസരമൊരുക്കിയത് എംബിഎക്കാരി സഹോദരി തന്നെ; സൂര്യ കേസില്‍ പ്രതിയാകുമെന്ന ഉറപ്പായി; ഉത്ര കൊല കേസില്‍ നിറയുന്നത് ഒരു കുടുംബത്തിന്റെ സാമ്ബത്തിക മോഹം തന്നെ

അഞ്ചല്‍: ഉത്ര കൊലപാതകത്തില്‍ സൂരജിന്റെ കുടുംബത്തിന് കിട്ടുന്നത് മികച്ച നിയമോപദേശമെന്ന നിഗമനത്തിലേക്ക് പൊലീസ്. കേസില്‍ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രപ്പണിക്കരെ അന്വേഷകസംഘം ചോദ്യംചെയ്തിരുന്നു. ഇതിനിടെയാണ് നിര്‍ണ്ണായക വിവരം പൊലീസിന് ലഭിച്ചത്. മകന്റെ അറസ്റ്റിനു മുമ്ബു തന്നെ സൂരജിന്റെ അച്ഛന്‍ തന്റെ പേരിലുള്ള വസ്തുവകകള്‍ തന്റെ കൂടി അനുമതിയില്ലാതെ അറ്റാച്ച്‌ ചെയ്യാന്‍ പാടില്ല എന്നു കാണിച്ച്‌ കെവിറ്റ് ഹര്‍ജി നല്‍കിയിരുന്നു. ഉത്രയുടെ സ്വര്‍ണം വിറ്റതിനും പണയം വച്ചതിനും പകരമായി വസ്തുവകകള്‍ അറ്റാച്ചു ചെയ്യുന്നത് ഒഴിവാക്കാനായിരുന്നു ഇത്. അതായത് കുറ്റകൃത്യം കണ്ടു പിടിക്കുമെന്ന ഭയം വളരെ നേരത്തെ തന്നെ സൂരജിന്റെ അച്ഛനും ഉണ്ടായിരുന്നു. ഇതോടെ അന്വേഷണം വളരെ കരുതലോടെ കൊണ്ടു പോകാനാണ് തീരുമാനം. സ്ത്രീധനമായി കിട്ടിയ സ്വര്‍ണ്ണവും പണവുമെല്ലാം സൂരജ് ചെലവാക്കിയെന്നതിനും തെളിവു കൂടിയാണ് ഈ നീക്കം.

ഉത്രയെ കൊലപ്പെടുത്താനുള്ള സൂരജിന്റെ തീരുമാനവും അതിനായുള്ള ആസൂത്രണവും അമ്മയ്ക്കും സഹോദരിക്കും അറിയാമായിരുന്നതായി വിവരം ലഭിച്ചതിനാല്‍ അവരേയും അടുത്തദിവസം തന്നെ ചോദ്യംചെയ്യും. . പാമ്ബുപിടിത്തക്കാരന്‍ കല്ലുവാതുക്കല്‍ ചാവരുകാവ് സുരേഷിനെ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളാണ് സൂരജിന്റെ അറസ്റ്റിലേക്ക് നയിച്ചത്. പ്രതിക്ക് ഒളിച്ചിരിക്കാന്‍ സൗകര്യം ഒരുക്കിയ സഹോദരിയുടെ സുഹൃത്തിനെയും കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഉത്രയുടെ അച്ഛനമ്മമാരുടെ പരാതി ഉയര്‍ന്നപ്പോള്‍ സൂരജിന് ഒളിവില്‍ പോകാന്‍ സൗകര്യം ഒരുക്കിയത് സഹോദരി സൂര്യയാണെന്നതിനുള്ള തെളിവും അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതും എംബിഎക്കാരിയെ കുടുക്കാന്‍ പോന്ന തെളിവാണ്. ഗാര്‍ഹിക പീഡനത്തിലും അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ കൊലപാതക കേസില്‍ അന്വേഷണം പൂര്‍ത്തി ആയ ശേഷം ഇക്കാര്യത്തില്‍ തെളിവ് ശേഖരണം നടത്തൂ. ഉത്രയുടെ അച്ഛനമ്മമാരില്‍നിന്നും അയല്‍വാസികളില്‍നിന്നും അന്വേഷകസംഘം ഞായറാഴ്ച വിശദമായ മൊഴിയെടുത്തു.

കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് സുരേന്ദ്രപ്പണിക്കരെ ചോദ്യംചെയ്തത്. മകന്റെ പാമ്ബ് പരിചരണത്തെ കുറിച്ച്‌ അദ്ദേഹത്തിന് അറിയാമായിരുന്നു എന്നാണ് സൂചന. സൂരജിന്റെ അമ്മ രേണുകയേയും സഹോദരി സൂര്യയേയും ചോദ്യംചെയ്യുന്നതോടെ കുടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷകസംഘം കരുതുന്നത്. മെയ്‌ ആറിന് രാത്രിയാണ് ഏറത്ത് വെള്ളശേരില്‍ വീട്ടില്‍ ഉത്ര (25)യെ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് മൂര്‍ഖന്‍ പാമ്ബിനെക്കൊണ്ട് കൊത്തിച്ച്‌ കൊലപ്പെടുത്തിയത്. ആദ്യം മരണത്തില്‍ സംശയം ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട് ഉത്രയുടെ അച്ഛനമ്മമാര്‍ പരാതി നല്‍കി. അന്വേഷണം നടത്തുന്നതിനിടെ കുടുങ്ങുമെന്ന് മനസ്സിലാക്കിയ സൂരജ് അഭിഭാഷകനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതിന് സഹോദരിയുടെ ഫോണാണ് ഉപയോഗിച്ചത് എന്നാണ് പൊലീസിന് ലഭിച്ച വിവരം. മെയ് 23ന് സൂരജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാമ്ബുപിടിത്തക്കാരന്‍ കല്ലുവാതുക്കല്‍ ചാവരുകാവ് സുരേഷിനെ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളാണ് സൂരജിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എ അശോകന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. ക്രൈംബ്രാഞ്ച് എസ്‌ഐ മുരുകന്‍, രമേശന്‍, മനോജ്, സിപിഒ സജീന എന്നിവരും സംഘത്തിലുണ്ട്.

സൂരജിന്റെ് അമ്മയ്ക്കും സഹോദരിക്കുമുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തു വന്നു കഴിഞ്ഞു. നേരത്തേ അണലിയെ വാങ്ങിയതിന് ഇരുവരും സാക്ഷികളാണെന്നു സൂരജ് പൊലീസിനോടു സമ്മതിച്ചു. കൊലപാതക വിവരം സൂരജിന്റെ സഹോദരി ഇന്റര്‍നെറ്റ് കോളിലൂടെ പുരുഷ സുഹൃത്തിനെ അറിയിച്ചെന്ന വിവരവും അന്വേഷണസംഘം പരിശോധിക്കും. ശാസ്ത്രീയ തെളിവുകള്‍ ഇതിനായി ശേഖരിക്കും. അണലിയെ ഫെബ്രുവരി 26-ന് പാമ്ബുപിടിത്തക്കാരന്‍ സുരേഷ് എത്തിക്കുമ്ബോള്‍ വീട്ടിലുണ്ടായിരുന്നെങ്കിലും ഉത്ര ഈ വിവരം അറിഞ്ഞിരുന്നില്ല. എലിയെ പിടിക്കാന്‍ പാമ്ബിനെ കൊണ്ടുവന്നുവെന്നാണ് സൂരജ് അച്ഛന്‍ സുരേന്ദ്രനോടു പറഞ്ഞത്. പാമ്ബിന് പറഞ്ഞുറപ്പിച്ച തുക സുരേഷിനു കൈമാറി. പാമ്ബിനെ അന്നുതന്നെ ചാക്കില്‍നിന്നു പുറത്തെടുത്ത് വീടിനുള്ളിലെ ചവിട്ടുപടിയിലിട്ടു. ഈ സമയം അമ്മയും സഹോദരിയും വീടിനു പുറത്തിറങ്ങി. കൊലപാതക ശ്രമത്തെക്കുറിച്ച്‌ അറിഞ്ഞുകൊണ്ടായിരുന്നു ഇതെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.

തുടര്‍ന്ന് ഉത്രയോടു മുകളിലത്തെ നിലയില്‍നിന്ന് ഫോണ്‍ എടുത്തു കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. മുകള്‍നിലയിലേക്കു പോയ ഉത്ര പാമ്ബിനെ കണ്ടതിനാല്‍ പദ്ധതി നടന്നില്ല. ഇതേ പാമ്ബിനെ ചാക്കിലാക്കി സൂക്ഷിച്ചാണ് മാര്‍ച്ച്‌ രണ്ടിന് ഉത്രയെ ആദ്യം കടിപ്പിച്ചത്. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്കു സൂരജിന്റെ അമ്മയെയും സഹോദരിയെയും കൊലപാതകക്കേസില്‍ പ്രതി ചേര്‍ക്കുമെന്നാണു സൂചന. പാമ്ബുകളുമായുള്ള ഇയാളുടെ ബന്ധം സൂചിപ്പിക്കുന്ന അടുത്ത ബന്ധുവിന്റെ വെളിപ്പെടുത്തല്‍ കേസില്‍ നിര്‍ണായകമാകുകയാണ്. ഉത്ര പാമ്ബ് കടിയേറ്റാണ് മരിച്ചതെന്ന് അറിഞ്ഞപ്പോള്‍ സൂരജിന്റെ അടുത്ത ബന്ധുവായ സ്ത്രീ ഇക്കാര്യം ഉത്രയുടെ വീട്ടുകാരോടും അടുപ്പക്കാരോടും വെളിപ്പെടുത്തിയതായാണ് മൊഴി. അടൂരിലെ വീട്ടില്‍ സൂരജ് പാമ്ബുമായി എത്തിയത് കണ്ടിരുന്നുവെന്നും ആ പാമ്ബാണോ കടിച്ചതെന്ന സംശയവും സ്ത്രീ ഉന്നയിക്കുകയുണ്ടായി.

അതേസമയം ഉത്രയ്ക്ക് പാമ്ബ് കടിയേറ്റതിന് ശേഷം സൂരജില്‍ പരിഭ്രമ ലക്ഷണങ്ങള്‍ കണ്ടതായി ഉത്രയുടെ സഹോദരന്‍ വിഷുവും മൊഴി നല്‍കിയിരുന്നു. ഉത്രയുടെ സ്വര്‍ണത്തിന്റെ ഏറെ ഭാഗവും സൂരജ് കൈവശപ്പെടുത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണത്തില്‍ ഒരു ഭാഗം സ്വന്തം വീട്ടുകാര്‍ക്ക് നല്‍കിയതായാണ് സൂരജിന്റെ മൊഴി. ആഡംബര ജീവിതത്തിനായാണ് സൂരജ് ഉത്രയില്‍ നിന്ന് കൈക്കലാക്കിയ സ്വര്‍ണം ഉപയോഗിച്ചതെന്നാണ് പൊലീസ് കരുതുന്നത്. കൈവശമാക്കിയ സ്വര്‍ണത്തില്‍ ഒരുഭാഗം സ്വന്തം വീട്ടുകാര്‍ക്ക് നല്‍കിയതായി സൂരജ് നേരത്തെ സമ്മതിച്ചിരുന്നു.

സുഹൃത്തുക്കളേയും ചോദ്യം ചെയ്യും

സൂരജിന്റെ 15 സുഹൃത്തുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പാമ്ബിനെ വാങ്ങിയ വിവരം സൂരജ് സുഹൃത്തുക്കളെ അറിയിച്ചിരുന്നതായി ചോദ്യംചെയ്യലില്‍ തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എ അശോക് അറിയിച്ചു.

സൂരജിന് പാമ്ബുപിടുത്തത്തില്‍ പരിശീലനം ലഭിച്ചത് ആരില്‍ നിന്നാണെന്നും അന്വേഷിക്കുന്നുണ്ട്. യുട്യൂബില്‍ നോക്കിയാണ് പഠിച്ചതെന്ന് സൂരജ് പറഞ്ഞെങ്കിലും പൊലീസ് ഇക്കാര്യം പൂര്‍ണമായി വിശ്വസിക്കുന്നില്ല. കൊലപാതകത്തിനുശേഷം സുഹൃത്തുക്കളുടെ പിന്തുണയോടെയാണ് ഉത്രയുടെ വീട്ടില്‍നിന്ന് കുഞ്ഞിനെ അടൂരിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുപോകാനും സൂരജ് ശ്രമിച്ചത്. സൂരജിന് ഒളിവില്‍ക്കഴിയാനുള്ള സഹായവും സുഹൃത്തുക്കള്‍ നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സുഹൃത്തുക്കളെ ചോദ്യംചെയ്യുന്നത്.

പൊലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞാലുടന്‍ സൂരജിനെയും സുരേഷിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ വനംവകുപ്പും കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി ആര്‍ ജയന്‍ പറഞ്ഞു. മൂന്നുകേസുകളാണ് ഇരുവരുടെയും പേരില്‍ എടുത്തിട്ടുള്ളത്. ഉത്രയെ ആദ്യം കടിപ്പിച്ച അണലിയെ എത്തിച്ചത് കല്ലുവാതുക്കലില്‍ നിന്നാണെന്ന് വനംവകുപ്പ് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.

തന്റെ സ്വര്‍ണാഭരണങ്ങള്‍ ഒരുലക്ഷം രൂപയ്ക്ക് പണയം വെച്ചിരുന്നതായി ഉത്ര ബന്ധുക്കളെ അറിയിച്ചിരുന്നു. ഈ സ്വര്‍ണം കണ്ടെത്താന്‍ സൂരജുമായി തെളിവെടുപ്പ് നടത്തും. വീട്ടുകാര്‍ നല്‍കാമെന്ന് അറിയിച്ചിരുന്ന മൂന്നരയേക്കര്‍ സ്ഥലം എഴുതി നല്‍കാത്തതിനെച്ചൊല്ലി സൂരജിന്റെ കുടുംബാംഗങ്ങള്‍ ഉത്രയെ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന പരാതിയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതുസംബന്ധിച്ച തെളിവുകള്‍ ശേഖരിക്കാന്‍ സൂരജിന്റെ കുടുംബത്തെ ചോദ്യം ചെയ്യും.

Related posts

Leave a Comment