ഡല്‍ഹി അലിപുറിലെ തീപിടുത്തം: മരണസംഖ്യ 11 ആയി, 2 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

ന്യുഡല്‍ഹി: ഡല്‍ഹി അലിപുറിലെ ഒരു പെയിന്റ് ഫാക്ടറിയില്‍ ഇന്നലെ വൈകിട്ടുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി.

രണ്ട് പേര്‍ ഇപ്പോഴും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ഒരു പോലീസുകാരനടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.

പെയിന്റ് ഫാക്ടറിയില്‍ ഉണ്ടായ തീ തൊട്ടടുത്തുള്ള രണ്ട് ഗോഡൗണുകളിലേക്കും ഒരു ഡീ-അഡിക്ഷന്‍ സെന്ററിലേക്കും വ്യാപിക്കുകയായിരുന്നു.

അലിപുറിലെ ദയാല്‍പുര്‍ മാര്‍ക്കറ്റിലാണ് തീപിടുത്തമുണ്ടായത്. ഫാക്ടറിക്കുള്ളില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ 11 മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

ഇന്നലെ വൈകിട്ട് 5.25 ഓടെയാണ് അഗ്നിശമന സേനയ്ക്ക് തീപിടുത്തമുണ്ടായതായി വിവരം ലഭിക്കുന്നത്.

ആറ് യൂണിറ്റ് സ്ഥലത്തെത്തിയിട്ടും തീ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ നാല് മണിക്കൂര്‍ പരിശ്രമിച്ചാണ് തീ നിയന്ത്രിച്ചത്.

തീപിടുത്തത്തിനു മുന്‍പ് ഫാക്ടറിക്കുള്ളില്‍ നിന്ന് ഒരു സ്‌ഫോടന ശബ്ദം കേട്ടിരുന്നു. ഫാക്ടറിയില്‍

സംഭരിച്ചിരുന്ന കെമിക്കലാണ് സ്‌ഫോടനത്തിന് കാരണമെന്ന നിഗമനത്തിലാണ് അധികൃതര്‍.

തീപിടുത്തത്തിനു പിന്നാലെ കെട്ടിടം തകര്‍ന്നു. ഇതിനുള്ളില്‍ തൊഴിലാളികള്‍ കുടുങ്ങിപ്പോകുകയായിരുന്നു.

തിരിച്ചറിയാന്‍ കഴിയാത്ത വിധം മൃതദേഹങ്ങള്‍ കത്തിപ്പോയിരുന്നുവെന്ന് ഡല്‍ഹി ഫയര്‍ ഫോഴ്‌സ് ഡയറക്ടര്‍ അതുല്‍ ഗാര്‍ഗ് പറഞ്ഞു.

Related posts

Leave a Comment