അരിക്കെമ്പന് കവചമൊരുക്കി പിടിയാനകളും കുട്ടികളും; പടക്കംപൊട്ടിച്ചിട്ടും ചിതറിയോടിയില്ല

ഇടുക്കി: വനംവകുപ്പിന്റെ അരിക്കൊമ്പന്‍ ദൗത്യം വൈകുന്നു. ചിന്നക്കനാല്‍ സിമന്റ് പാലം ഭാഗത്ത് രാവിലെ അരിക്കൊമ്പനെ കണ്ടെങ്കിലും ജനസാന്നിധ്യം അറിഞ്ഞതോടെ ആന പ്ലാന്റേഷനുള്ളിലേക്ക് കടന്നു.

അരിക്കൊമ്പന് കവചമൊരുക്കി പിടിയാനകളും കുട്ടിയാനകളും ഒപ്പം നല്‍ക്കുകയാണ്. പടക്കംപൊട്ടിച്ച്‌ ആനക്കൂട്ടത്തെ മാറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആനകള്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് വാഹനമെത്തിക്കാനുള്ള ബുദ്ധിമുട്ടും ദൗത്യത്തിന് തടസ്സമാകുന്നു.

ഇതിനിടെ, കോട്ടയം, മറയൂര്‍ ഡിഎഫ്‌ഒമാരും ഹൈറേഞ്ച് സിസിഎഫും അരിക്കൊമ്പന്‍ നില്‍ക്കുന്ന കുന്നിന്‍ചെരുവിന്റെ മറുഭാഗമായ 301 കോളനിയിലെത്തി പരിശോധിച്ചു മടങ്ങി.

അരിക്കൊമ്പനെ ഇവിടെ എത്തിച്ച മയക്കുവെടി വയ്്ക്കാനാവുമോ എന്നാണ് പരിശോധിച്ചതെന്നാണ് സൂചന. 50 മീറ്റര്‍ ക്ലോസ് റേഞ്ചില്‍ നിന്നു മാത്രമേ മയക്കുവെടിവയ്ക്കാന്‍ കഴിയൂ. ആനയുടെ ആരോഗ്യത്തിന് ഒരു ഭീഷണിയും ഉണ്ടാകാനും പാടില്ല.

നേരത്തെ നിശ്ചയിച്ച പോലെ പുലര്‍ച്ചെനാലു മണിക്കു തന്നെ ദൗത്യസംഘം ഒരുക്കം തുടങ്ങിയിരുന്നു. മയക്കുവെടി വയ്ക്കാനുള്ള മരുന്നുകളുടെ കൊക്‌ടെയ്ല്‍ തയ്യാറാക്കുകയായിരുന്നു പ്രധാന ജോലി.

6.18 ഓടെയാണ് സിമന്റ് പാലത്തിന് സമീപം അരിക്കൊമ്പനെ കണ്ടെത്തിയത്. 6.20 ഓടെ ദൗത്യസംഘം സ്ഥലത്തെത്തി. 6.27 ഓടെ കുങ്കിയാനകളെയും എത്തിച്ചു. ഇതിനിടെ അരിക്കൊമ്പന്‍ മറ്റ് ആനകള്‍ക്കൊപ്പം പ്ലാന്റേഷനിലേക്ക് കയറി.

അനുകൂല കാലാവസ്ഥ ആയതിനാല്‍ വൈകിട്ട് മൂന്നു മണിവരെ ദൗത്യം തുടരാനാവുമെന്നാണ് പ്രതീക്ഷ.

ആനയെ പിടികൂടാന്‍ കാലാവസ്ഥ അനുകൂലമാണെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞൂ. മിഷന്‍ അരിക്കൊമ്പന്‍ ഇന്നു തന്നെ നടക്കും. ആനയെ എവിടേക്കാണ് കൊണ്ടുപോകുക എന്നത് രഹസ്യമാണ്.

കോടതിയില്‍ മുദ്രവച്ച കവറില്‍ നല്‍കിയ വിവരമാണിത്. അത് പരസ്യപ്പെടുത്താനാവില്ല. ജനക്കൂട്ടത്തിന്റെ സാന്നിധ്യം ആന പുറത്തുവരുന്നതിന് തടസ്സമാകുമെന്നും മന്ത്രി പറഞ്ഞു.

Related posts

Leave a Comment