ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല; സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി തീര്‍പ്പാക്കി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി നിരസിച്ചു. ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ അട്ടിമറിക്കാനും ശ്രമിച്ചുവെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത്. ഇത് ഹൈക്കോടതി തീര്‍പ്പാക്കി. പ്രത്യേക കോടതിയുടെ ഉത്തരവിലെ പരാമര്‍ശങ്ങള്‍ വിചാരണയെ ബാധിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയാണ് ഹൈക്കോടതി അപ്പീല്‍ തീര്‍പ്പാക്കിയത്. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

മലപ്പുറത്ത് ഇ.ടി, പൊന്നാനി, സമദാനി; ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളെ മുസ്ലീം ലീഗ് പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനിയില്‍ അബ്ദുള്‍ സമദ് സമദാനിയും മത്സരിക്കും. തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് സിറ്റിംഗ് എം.പി കനി.കെ നവാസ് മത്സരിക്കും. പൊന്നാനിയിലും മലപ്പുറത്തും സ്ഥാനാര്‍ത്ഥികളെ ലീഗ് പരസ്പരം മാറ്റിയാണ് ഇത്തവണ പരീക്ഷിക്കുന്നത്. വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് മത്‌സരിക്കുമെന്നും സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചിട്ടില്ലെന്നും ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞൂ. ചര്‍ച്ചകള്‍ക്ക് ഇനിയും സമയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ യുഡിഎഫിനൊപ്പവും തമിഴ്‌നാട്ടില്‍ ഡിഎംകെയ്‌ക്കൊപ്പവുമായിരിക്കും മത്സരിക്കുക. അതേസമയം, യുഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസ് 16 സീറ്റിലും മുസ്ലീ ലീഗ് രണ്ട് സീറ്റിലും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ആര്‍.എസ്.പിയും ഓരോ സീറ്റുകളിലും മത്സരിക്കും.

ഹിമാചലില്‍ പ്രതിസന്ധി രൂക്ഷം; വിക്രമാദിത്യ സിംഗ് മന്ത്രിസ്ഥാനം രാജിവച്ചു; 15 ബിജെപി എംഎല്‍എമാരെ പുറത്താക്കി സ്പീക്കര്‍

ഷിംല: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിംഗ് സുഖുവിനോടുള്ള വിയോജിപ്പ് പരസ്യമാക്കി മന്ത്രി വിക്രമാദിത്യ സിംഗ് രാജിവച്ചു. മുതിര്‍ന്ന നേതാവ് വീര്‍ഭദ്ര സിംഗിന്റെ മകനാണ് വിക്രമാദിത്യ. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന നേതാവ് കൂടിയായ തന്റെ പിതാവിനെ എംഎല്‍എമാര്‍ അധിക്ഷേപിക്കുകയാണെന്നും മുഖ്യമന്ത്രി കാഴ്ചക്കാരനായി നില്‍ക്കുകയാണ്. എംഎല്‍എമാരെ മുഖ്യമന്ത്രി അവഗണിക്കുകയാണെന്നും വിക്രമാദിത്യ ആരോപിച്ചു. അതിനിടെ, ഇന്നലെ കൂറുമാറിയ ആറ് കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ നോട്ടീസ് നല്‍കി. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. സര്‍ക്കാരിനെതിരെ നാളെ ബിജെപി അവിശ്വാസം കൊണ്ടുവരാനിരിക്കേ പ്രതിപക്ഷ നേതാവ് ജയ്‌റാം താക്കൂര്‍ അടക്കം 15 എംഎല്‍എമാരെ സ്പീക്കര്‍ സസ്‌പെന്റ് ചെയ്തു. നാളെ ബജറ്റ് പാസാക്കാന്‍ ശബ്ദവോട്ട് പറ്റില്ലെന്നും വോട്ടെടുപ്പ് നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.