ബിജെപി സീറ്റ് നിഷേധിച്ചു; കർണാടക മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവടി കോൺഗ്രസിലേക്ക്

ബെംഗളൂരു : ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങിയതിനു പിന്നാലെ കര്‍ണാടക ബിജെപിയില്‍ പൊട്ടിത്തെറി.

മുന്‍ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ലക്ഷ്മണ്‍ സാവഡി കോണ്‍ഗ്രസില്‍ ചേരുമെന്നുറപ്പായി.ഭാവികാര്യങ്ങള്‍ തീരുമാനിക്കാന്‍ സ്വന്തം തട്ടകമായ ബെളഗാവി അത്തണിയില്‍ സാവഡി വിളിച്ച അനുയായികളുടെ യോഗത്തിലാകും പ്രഖ്യാപനം.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി സാവഡി ചര്‍ച്ച നടത്തിയിരുന്നു. മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷട്ടര്‍ സുബ്ബള്ളിയില്‍ റിബലായി മത്സരിക്കുമെന്ന് വ്യക്തമാക്കി.

സീറ്റില്ലെന്നുറപ്പായതോടെ ചൊവ്വാഴ്ച മറ്റൊരു ഉപമുഖ്യമന്ത്രിയായ കെ.എസ്.ഈശ്വരപ്പ രാഷ്ട്രീയ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.തിരഞ്ഞെടുപ്പിന് അപ്പുറത്ത് കര്‍ണാടക ബിജെപിയിലെ മുഖംമാറ്റത്തിനാണു കേന്ദ്രനേതൃത്വം തുടക്കമിട്ടത്.

ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ക്കപ്പുറം പ്രാദേശിക തീരുമാനങ്ങളുമായി മുന്നോട്ടുപോയിരുന്ന മുന്‍മുഖ്യമന്ത്രി അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒന്നടങ്കം വെട്ടിയത് ഇതിന്റെ തുടക്കമാണ്.

പുതുമുഖങ്ങള്‍ക്ക് അവസരമെന്ന പേരിലായിരുന്നു ഈ ഒതുക്കല്‍.

Related posts

Leave a Comment