14 നൂറ്റാണ്ടുകൾക്കപ്പുറം മെക്കയ്ക്ക് സമീപത്തുള്ള ലെജിനാൻകുന്നുകളുടെ താഴ്‌വരയിൽ ഞാൻ നിൽക്കുകയാണ്.. വീണ്ടും വൈറൽ കുറിപ്പുമായി ജോൺ ഡിറ്റോ.

മാധ്യമപ്രവർത്തകനും, എഴുത്തുകാരനും, സംവിധായകനും, തിരക്കഥാകൃത്തുമാണ് ജോൺ ഡിറ്റോ. സമൂഹമാധ്യമങ്ങളിൽ സജീവമാണ് ജോൺ ഡിറ്റോ. എല്ലാ കാര്യങ്ങൾക്കും അദ്ദേഹത്തിന് അദ്ദേഹത്തിൻറെ അഭിപ്രായങ്ങളുണ്ട്. സാഹിത്യമായാലും, സിനിമ ,രാഷ്ട്രീയം, തുടങ്ങി എല്ലാ വിഷയങ്ങളിലും അദ്ദേഹം സ്വന്തം നിലപാട് വ്യക്തമാ കാറുണ്ട്. പെരുന്നാൾ ദിനമായ ഇന്ന് ഒരു കുറിപ്പുമായി വന്നിരിക്കുകയാണ് അദ്ദേഹം. ഫേസ്ബുക്കിൽ ജോൺ കുറിച്ച കുറിപ്പ് എങ്ങനെ . ഇത് പെരുന്നാൾപാതിരാവ്..

14 നൂറ്റാണ്ടുകൾക്കപ്പുറം മെക്കയ്ക്ക് സമീപത്തുള്ള ലെജിനാൻകുന്നുകളുടെ താഴ്‌വരയിൽ ഞാൻ നിൽക്കുകയാണ്..

ആ വഴി വരുന്നുണ്ട് ഒട്ടകങ്ങളെയും തെളിച്ചു കൊണ്ട് ഒരു ഇടയബാലൻ..
ഹത്താബിന്റെ മകൻ ഉമർ .

പിന്നീട് നബി തിരുമേനിയുടെ സർവ്വസ്വവുമായിത്തീർന്ന ഖലീഫ ഉമർ…
നീതിയെന്തെന്നും
ഭരണാധികാരിയെന്തെന്നും
ലോകത്തെപ്പഠിപ്പിച്ച ഖലീഫ ഉമർ.

ചെറിയ ക്ലാസ്സിൽ കേട്ടിട്ടുണ്ട് ഈ പേര് ..
പിന്നീട് ഇസ്ലാമിനെത്തൊട്ടകാലംമുതൽ
വല്ലാണ്ട് കാന്തികശക്തിയോടെ വലിച്ചടുപ്പിച്ച അനുഭവം: അതാണ് ഉമർ ..

യേശു ക്രിസ്തുവിന് സ്നാപകയോഹന്നാൻ പോലെ.
ശ്രീകൃഷ്ണന് അർജ്ജുനൻ പോലെ
ആയിരുന്നു
മുഹമ്മദ്നബിക്ക് ഉമർ.

പ്രവാചകനെക്കൊല്ലാൻ നടന്ന ഉമർ.
പ്രവാചകന്റെ സാമീപ്യത്തിൽ കാട്ടാളത്തം ഉരിഞ്ഞുകളഞ്ഞ് സ്ഫടികം പോലെയായ ഉമർ .. പ്രവാചകനു ശേഷം മൂന്നാമനായി ഭരണാധികാരിയായ ഖലീഫ ഉമർ.

ഒരു ശിശുവിന്റെ കരച്ചിലിനു കാരണം താനാണെന്നറിഞ്ഞ ഖലീഫ ഉമർ സുബഹ് നമസ്ക്കാര സമയത്ത് പള്ളിയിൽ പൊട്ടിക്കരഞ്ഞു.
അള്ളാഹുവിനോട് മാപ്പു പറഞ്ഞു.
ഓരോ ശിശു രോദനത്തിലും ഒരു കോടി ഈശ്വരവിലാപം കേട്ട അറേബ്യയുടെ ചക്രവർത്തി.
പ്രജാക്ഷേമത്തിനായി വേഷം മാറിച്ചെന്ന് വൃദ്ധ മാതാവിനെ ശുശ്രൂഷിച്ച ഭരണാധികാരി.

ഭരണാധികാരി സേവകനെന്ന് കാണിച്ചു തന്നൊരാൾ..
അഹന്തകളെ സംസ്ക്കരിച്ച ചക്രവർത്തി.
വെറും നിലത്ത് കീറച്ചാക്കിൽക്കിടന്നുറങ്ങിയ
ഭരണാധിപൻ…

അന്യ മതസ്ഥരായ യഹൂദരോടും ക്രിസ്ത്യാനികളോടും തുല്യനീതി നടപ്പാക്കിയ ഇസ്ലാം ചക്രവർത്തി.
പാവങ്ങളോട് അനുകമ്പ കാട്ടിയ ദീനദയാലു.

1947 ൽ ഹിന്ദു – മുസ്ലീം കലാപം നടക്കുന്ന കാലത്ത് ഗാന്ധിജി പറഞ്ഞു
“ഇൻഡ്യയിൽ ഖലീഫ ഉമറിനെപ്പോലൊരു ഭരണാധികാരിയെയാണ് ആവശ്യം.
നെപ്പോളിയൻ ബോണെപ്പാട്ട് പറയുന്നു.
“ലോകം മുഴുവൻ പിടിച്ചടക്കി ഖലീഫ ഉമറിനെപ്പോലെ നാടുഭരിക്കണം”.

കവി ഇക്ബാൽപാടുന്നു.

“ഈന്തമരങ്ങൾ ഇടതിങ്ങിയ ശീതളശാദ്വലങ്ങളിൽ
സുഖിക്കും മക്കാനഗരമേ..
എന്തു കൊണ്ട് നീയൊരു ഉമർ ഫറൂക്കിനെ
വീണ്ടും ഉയർത്തുന്നില്ല.”

മുറിവുകൾ തിങ്ങിയ ഈ ലോകത്ത്.അനേക ജനപഥങ്ങൾ വൈവിധ്യത്തിലും വിശ്വാസത്തിലും കഴിയുന്ന ഈ ലോകത്ത് , കാഫിറിങ്ങുകളെ കൊല്ലാൻ നടക്കുന്ന ജിഹാദി ദിനങ്ങളിൽ, ഔഷധസമാനമായ നാമധേയം.
ഈ റംസാനിൽ മനസ്സിൽ ഇരമ്പിയെത്തുന്ന പേര് ഒന്നു മാത്രം.. ഖലീഫാ ഉമർ.

പ്രവാചകന്റെ ഗന്ധമറിഞ്ഞവൻ.
നബി തിരുമേനിയുമായി സൗഹൃദം ലഭിച്ചവൻ.
ഖുറാൻലെ ആയത്തുകേട്ട് മനുഷ്യനായി മാറിയവൻ..
പാവങ്ങൾ പടച്ചോന്റെ പ്രതിനിധികളാണെന്നും ഭരണാധികാരികൾ
പാവങ്ങളുടെ സേവകരെന്നും പഠിപ്പിച്ച
സാക്ഷാൽ ഖലീഫാ ഉമർ ..

രാത്രിയുടെ ഏഴാം യാമം കഴിഞ്ഞു. പുലരിയാവാൻ മണിക്കൂറുകൾ . പുറത്ത് പെരുമഴ..
ഖലീഫ ഉമർ അക്കാലത്ത് ദരിദ്ര ഭവനങ്ങളിൽ സാന്ത്വനമെത്തിച്ച് മടങ്ങുന്ന സമയം..
ഈ രാത്രി എനിക്ക് വിശുദ്ധ രാത്രിയാകുന്നു.
ഞാൻ ചിന്തിച്ചതുമെഴുതിയതും ഖലീഫാ ഉമറിനെക്കുറിച്ചായിരുന്നു. കോവിഡിന്റെ വിഷാദത്തിലാണ് മനസ്സും വാക്കുകളും ..
എങ്കിലും
എങ്കിലും
പരമകാരുണികന്റെ എല്ലാ വിധ അനുഗ്രഹങ്ങളും നിറയുന്ന പെരുന്നാൾ ദിനമാണിന്ന്.
മനസ്സിൽ ഒരു സ്വർഗ്ഗം തുറക്കട്ടെ.
ഹൃദയത്തിൽ നിന്ന്
എല്ലാ സഹോദരങ്ങൾക്കും
ഈദ് ആശംസകൾ.

Related posts

Leave a Comment