സ്‌കൂളുകൾ തുറക്കാനുള്ള ആലോചനയിൽ സർക്കാർ; അന്തിമ തീരുമാനം വിദഗ്ധ സമിതി റിപ്പോർട്ടിന് ശേഷം

സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത് പരിഗണിച്ച് സംസ്ഥാന സർക്കാർ. ഇക്കാര്യം പരിശോധിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.സ്‌കൂളുകളുകൾ തുറക്കുന്നതിന്റെ പ്രായോഗികത പഠിക്കാനുള്ള വിദഗ്ധ സമിതിയെ ഉടൻ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

വിദഗ്ധ സമിതി റിപ്പോർട്ട് കിട്ടിയാൽ ഏതെല്ലാം ക്ലാസുകൾ ആദ്യം തുറക്കാമെന്നും എന്തെല്ലാം സംവിധാനങ്ങൾ ഏർപ്പെടുത്തണം എന്നതും സംബന്ധിച്ചുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പ്രോജക്ട് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിക്കും.റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മുഖ്യമന്ത്രി കൊവിഡ് സാഹചര്യം വിലയിരുത്തുന്ന ആരോഗ്യവിദഗ്ധരടങ്ങുന്ന വിദഗ്ധസമിതിയുമായി ചർച്ച ചെയ്ത് തീരുമാനം എടുക്കുകയെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

കൊവിഡ് സാഹചര്യം വിലയിരുത്താനായി ഇന്നലെ മുഖ്യമന്ത്രി ആരോഗ്യ വിദഗ്ധരടക്കമുള്ളവരുമായി നടത്തിയ ആശയവിനിമയത്തിൽ നിയന്ത്രണങ്ങളോടെ സ്‌കൂളുകൾ തുറക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നതായും ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്തെ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനയിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുമായി നടത്തിയ ആശയവിനിമയത്തിൽ വിദഗ്ധർ വ്യക്തമാക്കിയത്. വാക്സിനേഷൻ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നതിനാൽ അധികം വൈകാതെ തന്നെ രോഗവ്യാപനത്തോത് നിയന്ത്രിതമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. രാത്രി കർഫ്യൂവും ലോക്ഡൗണും ഒഴിവാക്കി, സ്‌കൂളുകൾ ഉൾപ്പെടെ തുറന്ന് ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

കൊവിഡ് നിർണയത്തിന് ആന്റിജൻ ടെസ്റ്റുകൾക്കു പകരം ആർ.ടി.പി.സി.ആർ പരിശോധന മാത്രമാക്കണമെന്നും മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ആരോഗ്യ വിദഗ്ധർ നിർദേശിച്ചു.കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്. കൊവിഡിന്റെ ആദ്യ നാൾ മുതൽ കേരളം സ്വീകരിച്ചുവരുന്ന പ്രതിരോധ മാർഗങ്ങൾ ഫലപ്രദമാണെന്നു ചർച്ചയിൽ പൊതുവേ എല്ലാവരും അഭിപ്രായപ്പെട്ടു.ഐ.സി.എം.ആർ നടത്തിയ സിറോ പ്രിവലൻസ് സർവേയിൽ ഏറ്റവും കുറച്ചു പേർക്കു രോഗം പകർന്ന സംസ്ഥാനമാണ് കേരളമെന്നു പലരും ചൂണ്ടിക്കാട്ടി. മരണനിരക്ക് കുറച്ചുനിർത്തിയതും അഭിനന്ദനാർഹമാണ്. രോഗികളുടെ എണ്ണത്തിലെ വർധനയിൽ ആശങ്കപ്പെടേണ്ടതില്ല. വ്യാപനം വൈകാതെ നിയന്ത്രിക്കാനാകും.

ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞതു നല്ല സൂചനയാണ്. അതിനാൽ സാമ്പത്തിക, സാമൂഹിക മേഖലകൾ കൂടുതൽ സജീവമാക്കാനുള്ള ആലോചനകൾ അത്യാവശ്യമാണ്. രാജ്യത്ത് കൊവിഡ് ഡേറ്റ ഏറ്റവും നന്നായി കൈകാര്യം ചെയ്യുന്ന സംസ്ഥാനം കേരളമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടിയെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.അതേസമയം രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസം സ്‌കൂളുകൾ തുറന്നിരുന്നു. കൊവിഡ് കേസുകൾ കുറഞ്ഞ സംസ്ഥാനങ്ങളായ ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, അസം, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് 50% വിദ്യാർത്ഥികളുമായി ക്ലാസുകൾ ആരംഭിച്ചത്.

കർശന നിയന്ത്രണങ്ങളോടെയാണ് സ്‌കൂൾ അധ്യയനം ആരംഭിക്കുന്നത്. അധ്യാപകരും സ്‌കൂൾ ജീവനക്കാരും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാസ്‌ക് നിർബന്ധമാണ്. 50% വിദ്യാർത്ഥികളെ വീതമാണ് പ്രവേശിപ്പിക്കുക. ദില്ലിയിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് തുറന്നത്. 6 മുതൽ 8 വരെയുള്ള ക്ലാസുകൾ ഈ മാസം 8 നും ആരംഭിക്കും. തമിഴ്‌നാട്ടിൽ ഒരു ക്ലാസിൽ ഒരേ സമയം പരമാവധി 20 വിദ്യാർത്ഥികളെ മാത്രമേ അനുവദിക്കൂ. കേരളത്തിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾ വാക്സിൻ സർട്ടിഫിക്കേറ്റോ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ഹാജരാക്കണം.രാജസ്ഥാനിൽ 50% വിദ്യാർത്ഥികളുമായി ആഴ്ചയിൽ 6 ദിവസം ക്ലാസുകൾ നടത്താനാണ് തീരുമാനം. യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഒഡീഷ, ഹിമാചൽ, മിസോറാം എന്നിവിടങ്ങളിൽ നേരത്തെ തന്നെ വിദ്യാലയങ്ങൾ തുറന്നിരുന്നു.

 

Related posts

Leave a Comment