പള്ളിയിലേക്ക് പോകവേ കാട്ടുപന്നി കുറുകെ ചാടി; ഇമാമിന് ഗുരുതര പരുക്ക്; പന്നി ചത്തു

തിരുവനന്തപുരം: ബൈക്കില്‍ പുലര്‍ച്ചെ പള്ളിയിലേക്ക് പോകവേ കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടത്തില്‍ പള്ളി ഇമാമിന് ഗുരുതര പരുക്ക്.

കൊയ്ത്തൂര്‍ക്കോണം ദാറുല്‍സലാമില്‍ ഇമാം റാഫി ബാഖവി ( 32 )യെ ആണ് ഗുരുതര പരുക്കുകളോടെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടെക്‌നോസിറ്റിക്കു പുറകിലായുള്ള കാരമൂട് – പളളിപ്പുറം സിആര്‍പിഎഫ് റോഡിലാണ് സംഭവം. പുലര്‍ച്ചെ അഞ്ചോടെ ഇമാം കൂടിയായ റാഫി ബാഖവി അമ്ബലത്തിന്‍കര മുസ്ലിം ജമാഅത്ത് പള്ളിയിലേക്ക് പോകവേ വഴിയോരത്തുണ്ടായിരുന്ന കാട്ടുപന്നി കുറുകെ ചാടുകയായിരുന്നു. പന്നിയുടെ ദേഹത്ത് സ്‌കൂട്ടര്‍ ഇടിച്ചു കയറി. റോഡിലേക്ക് തെറിച്ചു വീണ റാഫി ബാഖവിക്ക് ഗുരുതര പരുക്കേറ്റു.

ഇടിയുടെ ആഘാതത്തില്‍ പന്നിയും ചത്തു. കുറച്ചു ഭാഗം ആളൊഴിഞ്ഞ ഇടമായതിനാല്‍ ഹോട്ടലുകളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള മാലിന്യങ്ങളും അറവുശാലകളില്‍ നിന്നും മാംസാവശിഷ്ടങ്ങളും ഇവിടെ വന്‍തോടില്‍ കൊണ്ടിടുന്നുണ്ട്. ഇതു കാരണം കാട്ടുപന്നികളും തെരുവുനായ്ക്കളും ഇവിടം താവളമാക്കിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇരുചക്രവാഹനങ്ങളില്‍ വരുന്നവരാണ് കൂടുതല്‍ അപകടത്തില്‍പ്പെടുന്നത്.

Related posts

Leave a Comment