ന്യൂഡല്‍ഹി: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ നാളെ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി. നിയമസഭയില്‍ മാദ്ധ്യമങ്ങളുടെ മുന്നില്‍ വച്ച് നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. രഹസ്യ ബാലറ്റ് പാടില്ലെന്നും നടപടികള്‍ തത്സമയം മദ്ധ്യമങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പിന് രണ്ടാഴ്ച ചോദിച്ച ബി.ജെ.പിയുടെ ആവശ്യം തള്ളിയ സുപ്രീം കോടതി നാളെ അഞ്ച് മണിക്ക് മുമ്ബ് വോട്ടെടുപ്പ് നടത്തണമെന്ന് ഉത്തരവിട്ടു. പ്രോടെം സ്പീക്കറുടെ അദ്ധ്യക്ഷതയിലായിരിക്കും വോട്ടെടുപ്പ് നടക്കുക.
ജസ്റ്റിസ് എന്‍.വി രമണ അദ്ധ്യക്ഷനും ജസ്റ്റിസുമാരായ അശോക് ഭൂഷണ്, സഞ്ജീവ് ഖന്ന എന്നിവരുമടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. കഴിഞ്ഞ വര്‍ഷം കര്‍ണാടകയിലും സുപ്രീം കോടതി സമാനമായ വിധിയാണ് പ്രസ്താവിച്ചത്. ബി.എസ്. യെഡിയൂരപ്പയ്ക്ക് ഗവര്‍ണര്‍ വാജുഭായ് വാല 15 ദിവസം അനുവദിച്ചപ്പോള്‍, കോടതി അത് ഒരു ദിവസമായി കുറച്ചിരുന്നു.