സുജേഷ് ഹരിയുടെ പുരസ്കാരത്തിൽ ‘പുലരിപ്പൂ പോലെ ചിരിച്ച്’ പെരുംകുളം

സ്വന്തം ഗ്രാമത്തിലെ കാഴ്ചകൾ വരികളായി ഉതിർന്നപ്പോൾ, ഗ്രാമീണമായ ഈരടികളുടെ താളം പാട്ടിലുയർന്നപ്പോൾ സുജേഷ് ഹരിക്ക് ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്കാരം. ‘സത്യം പറഞ്ഞ​ാൽ വിശ്വസിക്കുമോ’ എന്ന സിനിമയ്ക്കു വേണ്ടി എഴുതിയ ‘പുലരിപ്പൂ പോലെ ചിരിച്ചും’ എന്നു തുടങ്ങുന്ന പാട്ട് മികച്ച ഗാനരചയിതാവിനുള്ള അവാർഡിന് അർഹമായതിന്റെ സന്തോഷത്തിലാണ് പെരുംകുളം ഗ്രാമമൊന്നാകെ.
ആദ്യസിനിമയിലെ ആദ്യപാട്ടിനു തന്നെ ആദ്യ അവാർഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് സുജേഷും കുടുംബവും. ഒറ്റയടിപ്പാതകളും സായന്തനക്കാഴ്ചകളും കൊണ്ടു മനോഹരമായ ഗ്രാമത്തിന്റെ ഭംഗിയത്രയും സുജേഷ് ഹരിയുടെ പാട്ടിലും കാണാം. നാട്ടിലെ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമാണ്. പെരുംകുളം ബാപ്പുജി ഗ്രന്ഥശാലാ പ്രവർത്തകർ‌ ‘പുസ്കഗ്രാമം’ പരിപാടി നടപ്പാക്കിയപ്പോൾ‌ അതിന്റെ നേതൃത്വത്തിൽ സുജേഷുമുണ്ടായിരുന്നു.
ആർക്കും ഇഷ്ടമുള്ള പുസ്തകം എടുത്തു വായിക്കാവുന്ന തരത്തിൽ തെരുവിൽ പുസ്തകശേഖരങ്ങൾ ഒരുക്കുന്നതാണ് പരിപാടി. സാമൂഹികവിരുദ്ധർ മാലിന്യം തള്ളുന്ന പെരുംകുളം റോഡിന്റെ പാതയോരം വൃത്തിയാക്കി നാട്ടുകാർക്ക് വിശ്രമിക്കാൻ സൗകര്യം ഒരുക്കിയപ്പോൾ അതിന് ‘സൊറ വരമ്പ്’ എന്നു പേരിട്ടത് സുജേഷ് ആണ്. സുഹൃത്തുക്കളുടെ പങ്കാളിത്തത്തോടെ ചെറിയ ബിസിനസുകൾ നടത്തുകയാണ് സുജേഷ്. ‘മറിമായം’ എന്ന മഴവിൽ മനോരമയിലെ ഹാസ്യ പരമ്പരയുടെ ശീർഷക ഗാനം രചിച്ചതും സുജേഷ് തന്നെ.

Related posts

Leave a Comment