സ്കൂട്ടര്‍ യാത്രികക്കു തോന്നിയ അസ്വഭാവികത പൊലീസ് ഉദ്യോഗസ്ഥനോട് പങ്കുവച്ചപ്പോള്‍ തിരികെ കിട്ടിയത് യുവതിയുടെ ജീവന്‍; സംഭവം ഇങ്ങനെ

വിഴിഞ്ഞം : കഴിഞ്ഞ ദിവസം വിഴിഞ്ഞം ചപ്പാത്ത് ഭാഗത്ത് കടലില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച സ്ത്രീയുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായത്‌ സ്കൂട്ടര്‍ യാത്രികക്കു തോന്നിയ അസ്വഭാവികത . തന്റെ സംശയം മ്യൂസിയം ആന്‍ഡ് സൂ ജീവനക്കാരി കാഞ്ഞിരംകുളം നിവാസി മഞ്ചുഷ പൊലീസ് ഉദ്യോഗസ്ഥനോട് പങ്കുവെച്ചതോടെയാണ് ആത്മഹത്യയ്ക്ക് തുനിഞ്ഞ യുവതിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്‌.

വിഴിഞ്ഞത്തു നിന്നു പൂവാര്‍ ഭാഗത്തേക്ക് വന്ന സ്കൂട്ടര്‍ യാത്രിക മഞ്ചുഷ ഡ്യൂട്ടിയിലായിരുന്ന സിപിഒ റഷീദിനോട് തന്നോട് മറ്റൊരു ഇരുചക്രവാഹന യാത്രികയായ യുവതി കടല്‍ത്തീരത്തേക്കുള്ള വഴി ചോദിച്ചെന്ന കാര്യം പറഞ്ഞു. ആഴിമല ഭാഗത്തേക്ക് തിരിയുന്നതിനു സമീപം വച്ചുള്ള ചോദ്യത്തില്‍ അസ്വഭാവികത തോന്നിയെന്നും മുഖത്ത് അമ്ബരപ്പു ശ്രദ്ധിച്ചുവെന്നും പറഞ്ഞതോടെ റഷീദ് അപകടം മണത്തു.
വിവരം സ്റ്റഷനില്‍ അറിയിച്ച റഷീദ് തന്റെ ബൈക്കില്‍ ആഴിമല ഭാഗത്തെ കടല്‍ത്തീരത്തേക്ക് പാഞ്ഞെത്തി. വലിയ പാറക്കെട്ടുകള്‍ നിറഞ്ഞ ഭാഗത്തേക്ക് നോക്കുമ്ബോള്‍ നിരനിരയായുള്ള പാറക്കെട്ടുകളോരോന്നായി ഇറങ്ങുന്ന സ്ത്രീയെ കണ്ടു. അപകട മുന്നറിയിപ്പു നല്‍കി അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച്‌, റഷീദ് ഓടിയെത്തി. ഇതിനിടെ കയ്യിലെ മൊബൈലും വാഹന താക്കോലും വലിച്ചെറിഞ്ഞു അവര്‍ താഴേക്ക് ചാടാനാഞ്ഞതും റഷീദ് ഇവരെ പിടികൂടി.

ആയത്തില്‍ ഇരുവരും പിന്നാക്കം വീണു. അവര്‍ മുന്നോട്ടു ഓടാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ തങ്ങള്‍ ഇരുവരും താഴേക്ക് പതിച്ചേനെയെന്നു റഷീദ് പറഞ്ഞു. സഹായത്തിനായി വിളിച്ചപ്പോള്‍ കുറച്ചകലെയുണ്ടായിരുന്ന കൂലിപ്പണിക്കാര്‍ ഓടിയെത്തി. എന്നാല്‍ കോവിഡ് ഭീതികാരണമാവണം ആദ്യം ആരും അടുത്തില്ല.

കാര്യം പറഞ്ഞു മനസിലാക്കിയതോടെ ഇവര്‍ സഹായത്തിനെത്തി. തുടര്‍ന്ന് വിഴി‍ഞ്ഞം സ്റ്റേഷനിലെത്തിച്ച യുവതിയെ ബന്ധുക്കളെ വരുത്തി വിട്ടയച്ചു. തലസ്ഥാന നിവാസിയായ യുവതി കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് ആത്മഹത്യാശ്രമത്തിനായി ഇവിടെ എത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Related posts

Leave a Comment