‘പ്രവീൺ റാണ 61 കോടി പിൻവലിച്ചു, അക്കൗണ്ട് ശൂന്യമായി; തട്ടിപ്പിന്റെ വ്യാപ്തി 150 കോടി കടക്കും’

തൃശൂർ :  3 മാസത്തിനിടെ സ്വന്തം അക്കൗണ്ടിൽ നിന്നും സേഫ് ആൻഡ് സ്ട്രോങ് ചിട്ടിക്കമ്പനിയുടെ അക്കൗണ്ടിൽ നിന്നുമായി പ്രവീൺ റാണ 61 കോടി രൂപ പിൻവലിച്ചെന്നു പൊലീസിനു വിവരം ലഭിച്ചു.

നിക്ഷേപകർ പരാതിയുമായി പൊലീസിനെ സമ‍ീപിച്ചാൽ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെയുള്ള തുകകളായി പിൻവലിച്ച് പ്രവീൺ റാണ ബാങ്ക് അക്കൗണ്ട് ഏറെക്കുറെ ശൂന്യമാക്കിയെന്നാണു വിവരം.

ബെനാമികളുടെയും ബിസിനസ് പങ്കാളികളുടെയും അക്കൗണ്ടുകളിലേക്കാണ് ഇതിലേറെത്തുകയും കൈമാറ്റം ചെയ്യപ്പെട്ടത്.

സേഫ് ആൻഡ് സ്ട്രോങ് എന്ന പേരിൽ പ്രവീൺ നടത്തിയിരുന്ന ചിട്ടിക്കമ്പനിയുടെ ലൈസൻസ് കഴിഞ്ഞ വർഷം റജിസ്ട്രാർ ഓഫ് കമ്പനീസ് റദ്ദാക്കിയതോടെയാണു കമ്പനി പൊളിയുന്ന സാഹചര്യം ഉടലെടുത്തത്.

ലൈസൻസ് ഇല്ലാതായിട്ടും കമ്പനിപ്രവർത്തനം തുടരുന്നുവെന്നു കണ്ടതോടെ വെസ്റ്റ് പൊലീസ് കേസെടുത്തു. കമ്പനി അനധികൃതമായാണു പ്രവർത്തിക്കുന്നതെന്നു നിക്ഷേപകരിൽ പലരും തിരിച്ചറിഞ്ഞത് അങ്ങനെയാണ്.

പണം ആവശ്യപ്പെട്ട് എത്തുന്ന നിക്ഷേപകരുടെ എണ്ണം കൂടിയതോടെയാണു പ്രവീൺ റാണ തന്റെയും കമ്പനിയുടെയും അക്കൗണ്ടുകളിൽ നിന്നു പണം പിൻവലിച്ചു തുടങ്ങിയത്.

മുംബൈയിലും പുണെയിലും ബെംഗളൂരുവിലുമുള്ള ഡാൻസ് ബാറുകളും മറ്റും തന്റെ സ്വന്തം ഉടമസ്ഥതയിൽ ഉള്ളവയാണെന്നാണ് പ്രവീൺ റാണ നിക്ഷേപകരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.

ഇവയെല്ലാം വാടകയ്ക്കെടുത്തവയോ പാർട്ണർഷിപ്പിൽ പ്രവർത്തിക്കുന്നവയോ ആണ്. റാണ ഇതര സംസ്ഥാനങ്ങളിൽ നടത്തിയ നിക്ഷേപങ്ങളുടെ കണക്ക് പൊലീസ് പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്.

കൊച്ചിയിൽ പൊലീസിന്റെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ട ശേഷം റാണയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Related posts

Leave a Comment