തിരുവനന്തപുരം: കൊടുമണ്ണില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പിടിക്കപ്പെട്ട കുട്ടികളെക്കൊണ്ടുതന്നെ മൃതദേഹം കുഴിയില്‍നിന്ന് പുറത്തെടുത്തതിനെതിരേ ബാലാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തു. കുറ്റകൃത്യത്തില്‍ പ്രതികളെന്നു സംശയിക്കുന്നവരാണെങ്കില്പ്പോലും കുട്ടികളെക്കൊണ്ട് മൃതദേഹം പുറത്തെടുപ്പിച്ചത് സംസ്കാരശൂന്യമായ നടപടിയാണെന്ന് ബാലാവകാശ കമ്മിഷന് പറഞ്ഞു. കൊല്ലപ്പെട്ട അഖിലിന്റെ (16) മൃതദേഹം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പ്രതികളെന്നു സംശയിക്കുന്ന കുട്ടികളെക്കൊണ്ട് മാന്തി പുറത്തെടുക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്മീഷന് കേസെടുത്തത് .
ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാതൃകാപരമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് കമ്മിഷന് പറഞ്ഞു. സംഭവത്തെക്കുറിച്ച് സംസ്ഥാന പോലീസ് മേധാവി, ജില്ലാ പോലീസ് മേധാവി, ജില്ലാ കളക്ടര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവരില്‍നിന്ന് കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അതേസമയം, കുറ്റകൃത്യത്തിന് ഇരയായിട്ടുള്ളതോ, നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളുടെയോ, ദൃശ്യങ്ങളും വിവരങ്ങളും പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. കുട്ടിയുടെ പേര്, വിലാസം, സ്കൂള്‍, കുട്ടിയെ തിരിച്ചറിയാന്‍ കഴിയുന്ന വിധത്തിലുള്ള മറ്റ് ഏതെങ്കിലും ദൃശ്യങ്ങളോ, വിവരങ്ങളോ പത്രങ്ങളിലോ, മാസികകളിലൊ, സമൂഹമാധ്യമങ്ങളിലോ, അന്വേഷണത്തിന്റെ ഭാഗമായോ, കോടതി നടപടികളുടെ ഭാഗമായോ പ്രസിദ്ധപ്പെടുത്താന്‍ പാടില്ല. ഇതു ലംഘിക്കുന്നവര്‍ക്ക് ആറു മാസം വരെ തടവും രണ്ടു ലക്ഷം രൂപ പിഴയും അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സമൂഹ മാധ്യമങ്ങള്‍ മുഖേന നടത്തുന്ന പ്രചാരണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം നിയമ നടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്നും കളക്ടര്‍ പറഞ്ഞു .