കാന്താരയിൽ അലറുന്ന ഭൂതക്കോലം കേരളത്തിലും: മിണ്ടാൻതന്നെ ഭയം; ‘പഞ്ചുരുളി’ എന്ന വരാഹ രൂപം

പ്രകൃതിയില്‍ ദൈവികത ദര്‍ശിക്കുന്ന അതിവിശിഷ്ടമായ ഒരു സംസ്കാരം കാലാകാലങ്ങള്‍ ആയിവിടെ നിലനില്‍ക്കുന്നുണ്ട്..

 

ചില മരങ്ങളുടെ മുകള്‍ ഭാഗം വെട്ടി കളഞ്ഞാലും അടിവേരുകള്‍ മണ്ണിനടിയില്‍ പടര്‍ന്നു വ്യാപിച്ചു നില്‍ക്കുന്നത് കൊണ്ട് പുതുനാമ്ബുകള്‍ തളിരിട്ട് ഉയര്‍ന്നു വരുന്നത് കാണാം.. ആ തളിരിടല്‍ ഒരു സംസ്കാരത്തിന് സംഭവിക്കുമ്ബോള്‍ ഉള്ള കാഴ്ചയാണ് ഋഷഭ് ഷെട്ടി “കാ‍ന്താര”യില്‍ പകര്‍ത്തി വച്ചിരിക്കുന്നത്.

നിഗൂഢ വനം എന്നാണ് “കാ‍ന്താര” യുടെ അര്‍ത്ഥം.ആ നിഗൂഢതയില്‍ ചരിത്രം ഉറങ്ങി കിടപ്പുണ്ട്, വനപാലകനും, ദൈവവും, കാടിന്റെ മക്കളുമുണ്ട്. മണ്ണും മരവും പന്നിയും പശുവും എല്ലാം നെഞ്ചോട് ചേര്‍ക്കുന്ന ഒരു സംസ്കാരത്തിന്റെ ചലച്ചിത്ര ആവിഷ്കാരം ഓരോ ഭാരതീയനും കണ്ടിരിക്കേണ്ട ഒന്നാണ്.

കുടുംബത്തിലുള്ള എല്ലാവരെയും ചേര്‍ത്ത് പിടിക്കാന്‍ നമുക്കൊരു കുടുംബ ദേവതയുണ്ടാകും. ഒരു ഗ്രാമത്തെ ചേര്‍ത്ത് പിടിക്കാന്‍ ഗ്രാമദേവതയും, ഒരു ഗോത്രത്തെയും വനവാസികളെയും ചേര്‍ത്ത് പിടിക്കാന്‍ അവര്‍ക്കുമുണ്ട് ഒരു ദൈവം.ആ വനത്തെയും അവിടുത്തെ മക്കളെയും ചേര്‍ത്ത് പിടിക്കുന്ന ഒരു ദൈവം.
“പഞ്ചുരുളി” ദൈവസങ്കല്പത്തെ ആസ്പദമാക്കിയാണ് ഇതില്‍ വനദേവതയെ അവതരിപ്പിച്ചിരിക്കുന്നത്.

തുളുവില്‍ “പഞ്ചി” എന്നാല്‍ പന്നി.”പഞ്ചിയുരുവാം കാളി” എന്നത് പില്‍ക്കാലത്തു പഞ്ചുരുളി എന്നറിയപ്പെട്ടു തുടങ്ങി .വരാഹ സങ്കല്പത്തിലുള്ള ദൈവം പ്രകൃതിയെയും തന്റെ മക്കളെയും ചേര്‍ത്ത് പിടിക്കുന്നു. ഒപ്പം ക്ഷേത്രപാലകന്‍ ആയി ശക്തനായ ഗുളികനും.ഉഗ്രരൂപി ആണെങ്കിലും അമ്മ ഭാവത്തില്‍ ഉള്ള ദൈവം ആയതിനാല്‍ പഞ്ചുരുളി വാക്ക് തെറ്റിക്കുന്നവരോട് ക്ഷമിച്ചേക്കുമെന്ന് പറയുന്നുണ്ട്. എന്നാല്‍ ഗുളികന് അങ്ങനെ യാതൊരു നോട്ടവുമില്ല. തന്റെ മക്കളുടെ ഓരോ തുള്ളി ചോരയ്‌ക്കും ഗുളികന്‍ എണ്ണിയെണ്ണി കണക്ക് ചോദിക്കുക തന്നെ ചെയ്യും.

ദക്ഷിണ ഭാരതത്തില്‍ ഉള്ളവര്‍ക്ക് ഏറെ സുപരിചിതന്‍ ആണ് ഗുളികന്‍. കുടുംബ ക്ഷേത്രങ്ങളില്‍ ഗുളികന് കൊടുക്കുക എന്നത് വടക്കന്‍ കേരളത്തില്‍ ഒരു പതിവുള്ള കാര്യമാണ്.പൊരിയും കരിക്കും കിട്ടിയാല്‍ ഗുളികന് സന്തോഷമായി.രൗദ്ര മൂര്‍ത്തി ആയി താണ്ഡവമാടുന്ന ഗുളികന് ഭക്തര്‍ ഒരു ചാക്കില്‍ പൊരി വച്ച്‌ കൊടുക്കുമ്ബോള്‍ ഒരു ഞൊടിയിടയില്‍ ഗുളികന്റെ ആ സന്തോഷപ്രകടനമുണ്ട്. അത് കാണുമ്ബോള്‍ ഋഷഭ് ഷെട്ടിയില്‍ ഗുളികന്‍ സന്നിവേശിച്ചിരിക്കുന്നതിന് കൂടിയാണ് നമ്മള്‍ സാക്ഷിയാകുന്നത്. അഥവാ തന്റെ മൂര്‍ത്തിയെ അത്രയ്‌ക്ക് ഉള്‍ക്കൊണ്ടുകൊണ്ടാണ് അദ്ദേഹം ആ വേഷപ്പകര്‍ച്ച ചെയ്തിരിക്കുന്നത് എന്ന് കൂടി അതിനെ വായിക്കാം.

കാന്താര ഒരു അവര്‍ണ്ണ-സവര്‍ണ്ണ സ്പര്‍ദ്ധയുടെ കഥയല്ല, കാടിന്റെ മക്കളുടെയും നാടിന്റെ മക്കളുടെയും യുദ്ധകഥയല്ല. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പൊരുത്തക്കേടിന്റെ കഥയല്ല. മനുഷ്യനും വന്യജീവികളും തമ്മിലുള്ള പോരിന്റെ കഥയുമല്ല പിന്നെയോ? ഇപ്പറഞ്ഞ കഥാപാത്രങ്ങള്‍ എല്ലാം ഈ സിനിമയില്‍ ഉണ്ട്. ആരെയും ഒരു പ്രത്യേക കളത്തില്‍ കൊണ്ട് പിടിച്ചു കെട്ടിയിട്ടില്ല. മൂല്യങ്ങള്‍ സൂക്ഷിക്കുന്നവരും അതില്ലാത്തവരും ചെയ്തു കൂട്ടുന്ന പ്രവൃത്തികള്‍ ആണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത് എന്ന് കാണാം.

ജീവിതത്തില്‍ എന്ന പോലെ തന്നെ, ഈ സിനിമയിലെ “നല്ലവ”രില്‍ വനവാസികളുണ്ട്, ബ്യൂറോക്രാറ്റ്സ് ഉണ്ട്, സമ്ബന്നരുണ്ട്, സവര്‍ണ്ണര്‍ എന്ന് പറയപ്പെടുന്നവരുമുണ്ട്. വില്ലന്മാരിലും ഈ പറഞ്ഞവര്‍ ഒക്കെ തന്നെയുണ്ട്. അതാണ് ഈ കഥയുടെ സത്യസന്ധത.
ചിത്രത്തിലെ ഫോറെസ്റ്റ് ഓഫീസര്‍ ഒരു അജ്ഞേയവാദിയാണെന്ന് (Agnostic) കാണാം.. പല അഭിപ്രായ വ്യത്യാസങ്ങള്‍ക്കൊടുവില്‍ നായകനോട് ചേര്‍ന്ന് നില്‍ക്കുമ്ബോഴും അയാള്‍ ചോദിക്കുന്നത്, “ഞാന്‍ ചോദിച്ചാലും നിങ്ങളുടെ കല്‍ ദൈവം മറുപടി തരുമോ” എന്നാണ്. അവിടെ ആരുടെയും വിശ്വാസത്തെ ഹനിക്കണം എന്ന് കരുതിയല്ല പുള്ളിക്ക് വ്യക്തിപരമായ അനുഭവം ഇല്ലാത്തതിനാല്‍ സത്യസന്ധമായ ജിജ്ഞാസ കൊണ്ട് ചോദിക്കുന്ന ചോദ്യമാണത്. അതെന്ത് തന്നെ ആയാലും ദൈവക്കോലം ആള്‍ക്കൂട്ടത്തില്‍ ആദ്യം തിരക്കുന്നതും ചേര്‍ത്ത് പിടിക്കുന്നതും അദ്ദേഹത്തെ തന്നെയാണ്. സ്വന്തം മക്കളെ ഏല്പിച്ചു കൊടുക്കുന്നതും ആ കൈകളിലേക്ക് തന്നെ..

അത് കൊണ്ട് തന്നെ ഭക്തിയേക്കാള്‍ കര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ നീതിയുക്തമായി ദൈവക്കോലം തിരഞ്ഞെടുത്തു ചേര്‍ത്ത് നിര്‍ത്തുകയാണ് അദ്ദേഹത്തെ.
പണ്ടുള്ളവര്‍ പറയും ആ വഴി പോകണ്ട അവിടെ “പോക്കുവരവുണ്ട്” എന്നൊക്കെ. അങ്ങനെ ഉള്ള പോക്ക് വരവിനിടയ്‌ക്ക് ചില കാഴ്ചകള്‍ നായകനെ പോലെ നമ്മളെയും ഒന്ന് ഞെട്ടിക്കും എന്നതൊഴിച്ചാല്‍ സിനിമയില്‍ ഭയപ്പെടാന്‍ ഉള്ള കാര്യങ്ങള്‍ ഒന്നുമില്ല. പക്ഷേ നമ്മളെ ഈ കഥ വേട്ടയാടും. സിനിമ കഴിഞ്ഞു വന്നാലും ദൈവക്കോലം നമ്മുടെ ചെവിയില്‍ വന്ന് ഉണര്‍ത്തും “വ്വോ..”

കുലദേവത എന്നും നമ്മോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരാളാണ്. അമ്മയായോ സുഹൃത്തായോ വഴികാട്ടിയായോ ഒക്കെ നമുക്ക് കാണാന്‍ സാധിക്കുന്ന ഒരു അത്താണി. അവരെ നമ്മളും നമ്മള്‍ അവരെയും ചേര്‍ത്ത് പിടിച്ചു കൊണ്ട് നീങ്ങുമ്ബോള്‍ മൂല്യാധിഷ്ഠിതമായ ഒരു ജീവിതം സ്വായത്തമാകുന്നു.

കൃത്യമായ പശ്ചാത്തല സംഗീതവും, ഛായാഗ്രാഹണവും, സംഗീത-വാദ്യോപകരണങ്ങളുടെ സാന്നിധ്യവും ചിത്രത്തെ കൂടുതല്‍ മിഴിവുറ്റതാക്കി.

എല്ലാവരും പറഞ്ഞ ആ അവസാന 15 മിനിറ്റ്, നിയന്ത്രിക്കാന്‍ കഴിയാത്ത കണ്ണീര്‍പ്രവാഹത്തിന്റെ അകമ്ബടിയോടെയാണ് കണ്ടത്. ചിലര്‍ തരിച്ചിരുന്നു പോയി എന്നും പറഞ്ഞു കേട്ടു. ക്ലൈമാക്സില്‍ ഗുളികനും പഞ്ചുരുളിയും കൂടി നമ്മളെ എടുത്തെറിയുന്നത് നമ്മുടെ തന്നെ അസ്തിത്വത്തിലേക്കാണ്.എന്ത് കൊണ്ട് കരഞ്ഞു എന്ന് ചോദിച്ചാല്‍ വ്യക്തിപരമായി ചില തിരിച്ചറിവുകള്‍ ബോധമണ്ഡലത്തില്‍ മിന്നായം പോലെ വന്നു പോയത് കൊണ്ടാണെന്നു പറയാനേ സാധിക്കുന്നുള്ളൂ..

ആ തിരിച്ചറിവുകളില്‍ ചുവന്ന പട്ടുടുത്ത് ഉറഞ്ഞു തുള്ളി അരിയും പൂവും തൂകി അനുഗ്രഹം ചൊരിയാറുള്ള കുടുംബക്ഷേത്രത്തിലെ കോമരമുണ്ടായിരുന്നു..
കൈ പിടിച്ചു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു ദൈവക്കോലത്തിലെ വേഷത്തിന്റെ കൈമടക്കില്‍ നിന്ന് തെച്ചിപ്പൂ നുള്ളി അനുഗ്രഹിച്ചയക്കുന്ന ഭഗവതിയുണ്ടായിരുന്നു..
പൊരിയും ഇളനീരും വച്ച്‌ കൊടുക്കുന്ന തറവാട്ട് ക്ഷേത്രത്തിലെ ഗുളികന്‍ ഉണ്ടായിരുന്നു..
സന്ധ്യക്ക്‌ വിളക്ക് വെക്കുന്ന നേരത്ത് “എന്റെ ദൈവത്താറേ..” എന്ന് നീട്ടി വിളിച്ചിരുന്ന അമ്മമ്മയുണ്ടായിരുന്നു..

ദൈവക്കോലം സ്‌ക്രീനില്‍ നമ്മളെ നോക്കി എന്താ എന്ന് ചോദിച്ചു ചിരിക്കുന്ന ഒരു ഭാവമുണ്ട് ഒടുവില്‍..

“എന്താ എന്നെ മറന്നോ നീ..” എന്ന് ചോദിക്കും പോലെ..
ആ പോയിന്റില്‍ നമ്മള്‍ നമ്മുടെ വേരുകളില്‍ ആഴ്ന്നിറങ്ങി അവിടെ ഉടക്കി വികാരവിക്ഷോഭം പ്രകടിപ്പിക്കുക എന്നത് സ്വാഭാവികമായി ഉണ്ടാകുന്ന ഒരു കാര്യവുമാണ്

Related posts

Leave a Comment