ചെന്നൈ∙ കോയമ്പത്തൂരിൽ കാർ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഉക്കടം സ്വദേശി ജമേഷ മുബിൻ (29) ചാവേര്‍ ആക്രമണത്തിനു ലക്ഷ്യമിട്ടതിനു നിർണായക തെളിവ് ലഭിച്ചുവെന്നു അന്വേഷണ സംഘം. സ്‌ഫോടനത്തിനു തലേദിവസം ജമേഷ മുബിൻ പങ്കുവച്ച വാട്‌സാപ് സ്റ്റാറ്റസ് സംശയകരമാണെന്നും അന്വേഷണ സംഘം പറയുന്നു. മരണവിവരം അറിയുമ്പോൾ തെറ്റുകൾ പൊറുത്ത് മാപ്പാക്കണമെന്ന വാട്‌സാപ് സ്റ്റാറ്റസ് ആണ് അന്വേഷണ സംഘം കണ്ടെടുത്തത്. ഞായർ പുലർച്ചെ ടൗൺ ഹാളിനു സമീപം കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിൽ കാറിലുണ്ടായ സ്ഫോടനത്തിൽ ഉക്കടം എച്ച്എംപിആർ സ്ട്രീറ്റിലെ ജമേഷ മുബിൻ കൊല്ലപ്പെട്ടത്.
പെട്രോൾ കാർ ആണ് സ്‌ഫോടനത്തിനു ഉപയോഗിച്ചത്. കാറിൽ പാചകവാതക സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നതായും പാചക വാതകസിലിണ്ടറുകൾ സൂക്ഷിച്ചിരുന്നതായും പാചക വാതക സിലിണ്ടറുകള്‍ തുറന്നുവിട്ടും കാറിൽ ആണികളും മാർബിൾ ചീളുകളും വിതറിയും സ്ഫോടനത്തിന്റെ ആഘാതം വർധിപ്പിക്കാൻ മുബിൻ ശ്രമിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. ജമേഷ മുബിന്റെ വാട്‌സാപ് സ്‌റ്റാറ്റസുമായി ബന്ധപ്പെട്ട വിവരങ്ങൾ കോയമ്പത്തൂർ പൊലീസ് മറച്ചു വച്ചതായി ബിജെപി ആരോപിച്ചു. ഭീകരാക്രമണ വിവരങ്ങൾ പൊലീസ് ഒളിപ്പിച്ചത് ആസൂത്രിതമാണെന്നും ബിജെപി ആരോപിച്ചു.