വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി.

പാമ്ബുപിടിത്ത വിദഗ്ധന്‍ വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. മൂര്‍ഖന്റെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന സുരേഷിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം ഭാഗികമായി മെച്ചപ്പെട്ടു.

രക്തസമ്മര്‍ദം സാധാരണനിലയിലായി. ഹൃദയമിടിപ്പും സാധാരണനിലയിലായിട്ടുണ്ട്. പ്രതീക്ഷിച്ചതുപോലെ സുരേഷിന്റെ ആരോഗ്യം മെച്ചപ്പെട്ടു വരുന്നത് ശുഭസൂചനയാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു.

സുരേഷ് ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലാണ്. കഴിഞ്ഞദിവസം വൈകിട്ട് 4.30നു കുറിച്ചി കരിനാട്ടുകവലയില്‍ മൂര്‍ഖന്‍ പാമ്ബിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലാണ് വലതു കാല്‍മുട്ടിനു മുകളില്‍ കടിയേറ്റത്. ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

വാവ സുരേഷിനെ കടിച്ചത് ഒരാഴ്ചയോളമായി പ്രദേശത്തെ വിറപ്പിച്ച മൂര്‍ഖന്‍. യൂത്ത് കോണ്‍ഗ്രസ് കുറിച്ചി മണ്ഡലം പ്രസിഡന്റ് കരിനാട്ടുകവല പാട്ടാശേരിയില്‍ വാണിയപ്പുരയ്ക്കല്‍ വി.ജെ. നിജുമോന്റെ വീട്ടുവളപ്പില്‍ കൂട്ടിയിട്ട കരിങ്കല്ലുകള്‍ക്കിടയിലാണ് പാമ്ബിനെ കണ്ടത്. വാവ സുരേഷ് എത്താന്‍ വൈകുമെന്ന് അറിഞ്ഞതോടെ വീട്ടുകാര്‍ വല കൊണ്ട് പാമ്ബിനെ പിടിക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് കരിങ്കല്ലു കൂട്ടം വല കൊണ്ട് മൂടിയിട്ടു.

സുരേഷ് ഇന്നലെ എത്തിയെങ്കിലും അപകടത്തില്‍ പരുക്കേറ്റതിനെത്തുടര്‍ന്ന് നടുവേദന ഉള്ളതിനാല്‍ കല്ലും മറ്റും നാട്ടുകാരാണ് മാറ്റിയത്. അവസാനത്തെ കല്ല് ഇളക്കിയതോടെ പാമ്ബിനെ കണ്ടു. ഉടനെ സുരേഷ് പാമ്ബിനെ പിടികൂടി. പാമ്ബ് നാലു തവണ ചാക്കില്‍ നിന്നു പുറത്തു ചാടി. അഞ്ചാം തവണ സുരേഷ് കാല് ചാക്കിനടുത്തേക്കു നീക്കിവച്ച്‌ പാമ്ബിനെ കയറ്റാന്‍ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്.

സുരേഷിന്റെ കയ്യില്‍ നിന്നു പിടിവിട്ടതോടെ പാമ്ബ് വീണ്ടും ഇളക്കിയിട്ട കരിങ്കല്ലിന്റെ ഇടയില്‍ ഒളിച്ചു. സുരേഷ് വീണ്ടുമെത്തി കരിങ്കല്ല് നീക്കി പാമ്ബിനെ പിടിച്ചു കാര്‍ഡ്ബോര്‍ഡ് ബോക്സിലാക്കി സ്വന്തം കാറില്‍ കൊണ്ടു വച്ചു. പിന്നെ സ്വയം പ്രഥമശുശ്രൂഷ ചെയ്തു. കാലില്‍ കടിയേറ്റ ഭാഗം വെള്ളം കൊണ്ടു കഴുകി. രക്തം ഞെക്കികകളഞ്ഞു. തുണി കൊണ്ട് മുറിവായ കെട്ടി. സുരേഷിന്റെ കാറില്‍ത്തന്നെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഡ്രൈവര്‍ക്ക് ആശുപത്രിയിലേക്കുള്ള വഴി പരിചയമില്ലാത്തതിനാല്‍ ഇടയ്ക്ക് നിജുവിന്റെ കാറിലേക്കു സുരേഷിനെ കയറ്റി. യാത്രയ്ക്കിടെ സുരേഷ് സംസാരിച്ചിരുന്നതായി നിജു പറഞ്ഞു. എന്നാല്‍, ചിങ്ങവനത്ത് എത്തിയപ്പോള്‍ തല കറങ്ങുന്നതായി പറഞ്ഞു. നാട്ടകം സിമന്റ് കവലയെത്തിയോടെ ഛര്‍ദിച്ച്‌ അവശ നിലയിലായി.

സുരേഷിനെ പാമ്ബു കടിക്കുന്നതു കണ്ടു നിന്ന നാട്ടുകാരനായ ആള്‍ സംഭവസ്ഥലത്ത് തലകറങ്ങി വീണു. വീഴ്ചയില്‍ തലയ്ക്ക് പരുക്കേറ്റയാളെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ വാവ സുരേഷിന്റെ ചികിത്സ സംബന്ധിച്ച്‌ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞു.

Related posts

Leave a Comment