കൊട്ടാരക്കര: എം.സി റോഡില്‍ മത്സരയോട്ടവും അഭ്യാസപ്രകടനവും നടത്തിയ യുവാക്കളുടെ ബൈക്ക് വാളകം പൊലികോട് ജങ്ഷന് സമീപം അപകടത്തില്‍പെട്ടു.
വെള്ളിയാഴ്ച രാവിലെ 11ഓടെ ആയിരുന്നു അപകടം. യുവാക്കള്‍ ആയൂരില്‍നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് നാല് ബൈക്കുകളിലായി മത്സരയോട്ടം നടത്തിവരുകയായിരുന്നു.
പൊലികോടിന് സമീപമെത്തിയപ്പോള്‍ ആദ്യം പോയ ബൈക്കിലെ യുവാവ് പിന്നാലെ വന്ന ബൈക്കിലെ യുവാക്കള്‍ക്കൊപ്പം ഓട്ടത്തിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണംവിട്ട ബൈക്ക് എതിരെ വന്ന ബുള്ളറ്റ് ഇടിച്ചുതെറിപ്പിച്ച ശേഷം റോഡിന്റെ വശത്ത് കടക്ക് മുന്നിലായി പാര്‍ക്ക് ചെയ്ത ബൈക്കും തകര്‍ത്തു.
കടക്ക് മുന്നില്‍ വില്പനക്കുവെച്ചിരുന്ന അര്‍ബാന ഉള്‍പ്പെടെ ഉപകരണങ്ങളില്‍ തട്ടി ബൈക്ക് രണ്ടായി ഒടിഞ്ഞു. ബുള്ളറ്റ് യാത്രികനായ എം.ബി.എ വിദ്യാര്‍ഥി വാളകം ശ്രീനിലയത്തില്‍ ശ്രീകുമാറിന്റെ മകന് അശ്വന്ത് കൃഷ്ണന് (24) കാലിന് ഗുരുതര പരിക്കേറ്റു. അശ്വന്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അശ്വന്തിന്റെ ബുള്ളറ്റിലിടിച്ച ബൈക്ക് യാത്രികനായ പത്തനംതിട്ട സ്വദേശി ആരോമലിനെയും (19) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മത്സരയോട്ടത്തില് പങ്കെടുത്ത മറ്റ് മൂന്ന് ബൈക്കുകള്‍ നിര്‍ത്താതെ ഓടിച്ചുപോയി. ഒരു ബൈക്ക് പിന്നീട് പൊലീസ് എം.സി റോഡില്‍ തന്നെ ഒഴിഞ്ഞ പറമ്ബില്‍ കണ്ടെത്തി. മത്സരയോട്ടത്തില് പങ്കെടുത്ത നാല് ബൈക്കുകള്‍ക്കും നമ്ബര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല. ആയൂര്‍ ഭാഗത്തുവെച്ച് പൊലീസ് ഇവരെ കൈകാണിച്ചെങ്കിലും നിര്‍ത്തിയിരുന്നില്ല. കൊട്ടാരക്കര പൊലീസ് കേസെടുത്തു.