തൃശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രലില്‍ മാതാവിന് സ്വര്‍ണക്കിരീടം സമര്‍പ്പിച്ച്‌ സുരേഷ് ഗോപി

തൃശൂര്‍: തൃശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രല്‍ ദേവാലയത്തില്‍ മാതാവിന് സ്വര്‍ണക്കിരീടം സമര്‍പ്പിച്ച്‌ സുരേഷ് ഗോപി. പള്ളിയില്‍ അടുത്തിടെ തിരുനാളിന് വന്നപ്പോള്‍ സ്വര്‍ണക്കിരീടം സമര്‍പ്പിക്കുമെന്ന് നേര്‍ന്നിരുന്നു. വികാരിയം ട്രസ്റ്റിമാരും അംഗീകാരം നല്‍കിയതോടെയാണ് ഇന്ന് കുടുംബസമേതം എത്തി കിരീടം സമര്‍പ്പിച്ചത്. അടുത്ത കുടുംബാംഗങ്ങളും ബിജെപി ജില്ലാ നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു. മകളുടെ വിവാഹത്തിനുള്ള ഒരുക്കമായാണ് നേര്‍ച്ച സമര്‍പ്പിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് മത്സരിച്ച സുരേഷ് ഗോപി തുടര്‍ന്നും മണ്ഡലത്തില്‍ സജീവമാണ്. ഇത്തവണയൂം അദ്ദേഹം തന്നെ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് സൂചന.

മാസപ്പടി: സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്റെ അന്വേഷണമുണ്ടോ? ഉത്തരവ് ഹാജരാക്കാന്‍ കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദേശം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്ബനിയായ എക്‌സാലോജിക്കുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തില്‍ നടത്തുന്ന അന്വേഷണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോാടതി നിര്‍ദേശം. കേന്ദ്ര കമ്ബനി കാര്യാലയം നിലവില്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതോടെയാണ് ഉത്തരവ് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്. അന്വേഷണത്തില്‍ എന്തെല്ലാം വിഷയങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അറിയിക്കണം. വെള്ളിയാഴ്ചയ്ക്കകം വിശദീകരണം നല്‍കണം. ഹര്‍ജി 24ന് വീണ്ടും പരിഗണിക്കും. അന്വേഷണം നടക്കുന്നുണ്ടെങ്കിലും കേന്ദ്ര കോര്‍പറേറ്റ് കാര്യമന്ത്രാലയത്തിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണത്തിന് തടസ്സമില്ലെന്ന് ഹര്‍ജിക്കാരനായ അഡ്വ.ഷോണ്‍ ജോര്‍ജ് കോടതിയില്‍ ചൂണ്ടിക്കാട്ടി. വീണയുടെ ഉടമസ്ഥതയിലുളള എക്‌സാലോജിക്, കൊച്ചിയിലെ സിഎംആര്‍എല്‍ കമ്ബനി, പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസി എന്നിവക്കെതിരെ അന്വേഷണത്തിനായി മൂന്നംഗ സംഘത്തെ നിയോഗിച്ച്‌് കേന്ദ്രം കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.

ഡിജിപിക്ക് വെപ്പുമുടി പോസ്റ്റില്‍ അയച്ച്‌ യൂത്ത് കോണ്‍ഗ്രസിന്റെ വേറിട്ട പ്രതിഷേധം; ആലപ്പുഴയിലും കാര്‍ഗോട്ടും സംഘര്‍ഷം

തിരുവനന്തപുരം/ആലപ്പുഴ/ കാസര്‍ഗോഡ്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന മാര്‍ച്ച്‌ ഇന്നും സംഘര്‍ഷത്തില്‍ കലാശിച്ചു. ആലപ്പുഴയില്‍ കലക്ടറേറ്റിലേക്ക് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനു നേര്‍ക്ക് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറിയതോടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഒരു വനിത അടക്കം മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പോലീസ് മനഃപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ചുവെന്ന് ആരോപിച്ച്‌ പ്രവര്‍ത്തകര്‍ ആലപ്പുഴ ജനറല്‍ ആശുപത്രി പരിസരത്തേക്ക് റോഡ് ഉപരോധിച്ച്‌ പ്രകടനം നടത്തുകയാണ്. കാസര്‍ഗോട്ടും രാവിലെ നടന്ന പ്രതിഷേധ മാര്‍ച്ചിനു നേര്‍ക്ക് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. അതിനിടെ, തിരുവനന്തപുരത്ത് വേറിട്ട പ്രതിഷേധവുമായി വനിതാ പ്രവര്‍ത്തകരെത്തി. ഡിജിപിക്ക് വെപ്പുമുടി പോസ്റ്റില്‍ അയച്ചാണ് യൂത്ത് കോണ്‍ഗ്രസിന്റെ വേറിട്ട പ്രതിഷേധം. കണ്ണൂരില്‍ പ്രതിഷേധത്തിനിടെ പ്രവര്‍ത്തകയുടെ മുടിയില്‍ പോലീസ് ഓഫീസര്‍ ചവിട്ടിപ്പിടിച്ചതിലുള്ള പ്രതിഷേധമാണിത്.

വൈക്കം സ്വദേശിനിയെ ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വൈക്കം സ്വദേശിനിയായ യുവതിയെ ട്രെയില്‍ യാത്രയ്ക്കിടെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര സ്വദേശിനി സുരജ എസ്. നായരെയാണ് (44) ആലപ്പി ധൻബാദ് എക്സ്പ്രസ്സിന്റെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒഡീഷയില്‍ സഹോദരിയുടെ വീട്ടില്‍ പോയ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന സുരജയെ ഇന്ന് പുലര്‍ച്ചെയാണ് തീവണ്ടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്നാട്ടിലെ ജോളാര്‍പേട്ട് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സഹയാത്രികര്‍ സുരജയുടെ മൃതദേഹം ശുചിമുറിയില്‍ കണ്ടത്. ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണമെന്നാണ് പ്രാഥമിക വിവരം. ബന്ധുക്കള്‍ ജോളാര്‍പെട്ടിലേക്ക് പോയി. സാമൂഹ്യ സേവന രംഗങ്ങളിലെ സജീവ പ്രവര്‍ത്തകയുമായിരുന്നു സുരജ. പ്രവാസിയായ ജീവനാണ് ഭര്‍ത്താവ്.

ശബരിമലയില്‍ ഇന്ന് മകരവിളക്ക് ദര്‍ശനം; ഭക്തജനപ്രവാഹം, കനത്ത സുരക്ഷ

പത്തനംതിട്ട: മകരവിളക്കിന് സന്നിധാനത്തേക്ക് പോകേണ്ടവർ 15 ന് (തിങ്കളാഴ്ച) രാവിലെ 10.30 മുൻപ് നിലക്കലും 11.30 ന് മുൻപ് പമ്പയും കടക്കണം. തിരുവാഭരണ ഘോഷയാത്രയ്ക്കും മറ്റും സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതിനാൽ തിരക്ക് ഒഴിവാക്കാനാണ് മുൻകൂട്ടി ബുക്ക് ചെയ്തവരോട് നേരത്തെ എത്താൻ നിർദേശിച്ചിരിക്കുന്നത്. സ്ഥിതിഗതികൾ വിലയിരുത്തി സമയം പുനഃക്രമീകരിക്കാനും സാധ്യതയുണ്ട്.ദർശനത്തിന് ശേഷം മല ഇറങ്ങുന്നതിനും നിയന്ത്രണമുണ്ട്. ഭക്തർ കൂട്ടമായി മലയിറങ്ങുന്നത് അപകടങ്ങൾക്ക് വഴിവെക്കുമെന്നതിനാൽ കൂടുതൽ സുരക്ഷയുടെ ഭാഗമായാണിത്. അടുത്തകാലത്ത് കുസാറ്റിൽ തിരക്ക് മൂലം ഉണ്ടായ അപകടം പോലീസിന് മുന്നിൽ പാഠമായതിനാൽ കൃത്യമായ ഏകോപനം ഇക്കാര്യത്തിൽ നടപ്പിലാക്കുകയാണ്. മകരവിളക്ക് ദിവസം 1.5 ലക്ഷം മുതല്‍ രണ്ടുലക്ഷം പേരെയാണ് സന്നിധാനത്തും പരിസരപ്രദേശങ്ങളിലുമായി മാത്രം പ്രതീക്ഷിക്കുന്നത്. നിലവിലുള്ള 2500 പോലീസുകാ൪ക്ക് പുറമേ 250 ഉദ്യോഗസ്ഥ൪ കൂടി മകരവിളക്ക് സമയത്ത് സന്നിധാനത്തുണ്ടാകും. അതിന് പുറമേ, 125 പേരടങ്ങുന്ന ബോംബ് സ്ക്വാഡും റാപ്പിഡ് ആക്ഷ൯ ഫോഴ്സും എന്‍ഡിആ൪എഫ്…

വിമാനം വൈകുമെന്ന് അറിയിപ്പ്; പൈലറ്റിനെ മര്‍ദ്ദിച്ച്‌ യാത്രക്കാരന്‍, കേസ്

ന്യൂഡല്‍ഹി: വിമാനം വൈകുമെന്ന് അറിയിപ്പ് നല്‍കിയതിനു പിന്നാലെ പൈലറ്റിനെ മര്‍ദ്ദിച്ച്‌ യാത്രക്കാരന്‍. ഡല്‍ഹിയില്‍ നിന്നും ഗോവയിലേക്ക് പോകേണ്ട ഇന്‍ഡിഗോ വിമാനം (6ഇ-2175) മൂടല്‍മഞ്ഞ് കാരണം ഏതാനും മണിക്കൂറുകള്‍ വൈകുമെന്ന് പൈലറ്റ് അറിയിച്ചതിനു പിന്നാലെ പിന്‍സീറ്റിലിരുന്ന മഞ്ഞ ടീഷര്‍ട്ട് ധരിച്ച യാത്രക്കാരന്‍ എഴുന്നേറ്റ് വന്ന് മര്‍ദ്ദിക്കുകയായിരുന്നു. സഹില്‍ കട്ടാരിയ എന്ന യാത്രക്കാരനാണ് മര്‍ദ്ദിച്ചത്. ഇയാള്‍ക്കെതിരെ ഇന്‍ഡിഗോ കമ്ബനി പരാതി നല്‍കി. യാത്രക്കാരനെ വിമാനത്തില്‍ നിന്ന് പുറത്താക്കുകയും സുരക്ഷാ അധികാരികള്‍ക്ക് കൈമാറുകയും ചെയ്തു. മര്‍ദ്ദനത്തിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ വൈകുന്നത് പതിവാണ്. ഇന്ന് 110 വിമാനങ്ങള്‍ വൈകുകയും 79 എണ്ണം റദ്ദാക്കുകയും ചെയ്തു. ഇന്നലെയും സര്‍വീസുകള്‍ എട്ടു മണിക്കൂര്‍ വരെ വൈകിയാണ് നടന്നത്.