കാറിന് തീപിടിച്ചു, കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം ; ആത്മഹത്യയാണോ എന്ന് സംശയം ഉയരുന്നുണ്ട്

തിരുവമ്ബാടി: തിരുവമ്ബാടി ചപ്പാത്ത് കടവില്‍ വെള്ളിയാഴ്ച രാത്രിയോടെ കാര്‍ തീപിടിച്ച്‌ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. രാത്രി 12.30 യോടെ ഇതുവഴി പോയ ബൈക്ക് യാത്രികന്‍ കാര്‍ കത്തുന്നത് കണ്ട് ആള്‍ക്കാരെ വിവരം അറിയിക്കുകയായിരുന്നു. തീ കെടുത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കാറിനുള്ളില്‍ നിന്നും കണ്ടെത്തിയത്. സംഭവത്തില്‍ തിരുവമ്ബാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് ഫോറന്‍സിക് സംഘവും പരിശോധന നടത്തുന്നുണ്ട്. ഡ്രൈവിംഗ് സീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മാരുതി ആള്‍ട്ടോ കാറാണ് കത്തിക്കരിഞ്ഞിരിക്കുന്നത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം പുന്നാക്കല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറാണ് ഇതെന്ന് സൂചനയുണ്ട്. ആത്മഹത്യയാണോ എന്ന് പോലീസിന് സംശയമുണ്ട്്.