സംസ്ഥാനത്ത് ഓണ്‍ലൈന്‍ അധ്യയനം തുടങ്ങി; ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്‌കൂള്‍ അധ്യയന വര്‍ഷത്തിനു ഓണ്‍ലൈന്‍ പഠനത്തിലൂടെ തുടക്കം. കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴിയാണ് ക്ലാസുകള്‍ നടത്തുന്നത്. പദ്ധതിക്ക് ആശംസകള്‍ നേര്‍ന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യയനത്തിന്റെയും അധ്യാപനത്തിന്റെയും നവ മാതൃക വിജയമാകട്ടേയെന്നും ആശംസിച്ചു. വിദ്യാര്‍ഥിയും അധ്യാപകനും സ്‌കൂളും പരിസരവും ഒത്തുചേര്‍ന്ന് നടത്തുന്ന പഠനപ്രവര്‍ത്തനങ്ങളില്‍ നിന്നാണ് അറിവ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ആ അര്‍ഥത്തില്‍ ഓണ്‍ലൈന്‍ പഠനം സമ്ബൂര്‍ണമാവില്ല. എന്നാല്‍ ഈ വര്‍ഷത്തെ തുടര്‍പഠനത്തിന് കുട്ടികളെ സജ്ജമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണ രീതിയിലുള്ള ക്ലാസുകള്‍ ആരംഭിക്കുകയെന്നത് ഇപ്പോഴത്തെ നിലയില്‍ അഭികാമ്യമല്ല. അത് രോഗവ്യാപനത്തിന് ഇടയാക്കിയേക്കും. എന്നാല്‍ കുട്ടികളുടെ പഠനം ഒരു തടസ്സവുമില്ലാതെ മുന്നോട്ടു കൊണ്ടുപോവണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. എല്ലാ വര്‍ഷവും ജൂണ്‍ ആദ്യവാരം സ്‌കൂളുകള്‍ തുറക്കുന്നതു പോലെ പഠനപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സംവിധാനം ഒരുക്കുകയാണ് വിദ്യാഭ്യാസ വകുപ്പെന്നും അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈന്‍ പഠനത്തിനു സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് ബദല്‍ സംവിധാനം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. ഇ രവീന്ദ്രനാഥ് പറഞ്ഞു. പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. സാഹചര്യം അനുകൂലമായാല്‍ ക്ലാസ് മുറികളിലേക്ക് മടങ്ങും. ഓണ്‍ലൈന്‍ രീതിയില്‍ പഠിപ്പിക്കാന്‍ വിദ്യാഭാസ വകുപ്പ് പൂര്‍ണ സജ്ജമാണ്. സാഹചര്യങ്ങള്‍ വെല്ലുവിളിയായതിനാലാണ് പുതിയ രീതി അവലംബിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കുട്ടികളിലേക്ക് ഓണ്‍ലൈന്‍ ക്ലാസ് എത്തിക്കാന്‍ മികച്ച ഇടപെടല്‍ നടത്തുന്നുണ്ട്. ഒരാഴ്ച ട്രയല്‍ അടിസ്ഥാനത്തിലാണ് ക്ലാസുകള്‍ നടത്തുക. കൂടുതല്‍ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും അഭിപ്രായങ്ങള്‍ തേടി പ്രശ്‌നങ്ങള്‍ പരിഹരിക്കും. ഓണ്‍ലൈന്‍ ക്ലാസിനു ശേഷം അധ്യാപകര്‍ അവരവരുടെ വിദ്യാര്‍ഥികളുമായി ആശയ വിനിമയം നടത്തണം. എല്ലാവരുടെയും അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച്‌ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാണെന്ന് മന്ത്രി പറഞ്ഞു.

 

Related posts

Leave a Comment