ഷൂട്ടിംഗ് വിവാദം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സിനിമാ ഷൂട്ടിംഗ് വിവാദം ചർച്ചയിലൂടെ പരിഹരിക്കുമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. തെലങ്കാന നല്ല സ്ഥലമാണെങ്കിൽ സിനിമകൾ അവിടെ ചിത്രീകരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികളോടും സിനിമാക്കാരോടും സർക്കാരിന് എതിർപ്പില്ല. എല്ലാ മേഖലകളിലും പ്രതിസന്ധിയാണെന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കലാണ് സർക്കാരിന് പ്രധാനമെന്നും സജി ചെറിയാൻ പറഞ്ഞു.

ടി പി ആർ കുറഞ്ഞ ശേഷം ഇക്കാര്യത്തിൽ ആലോചിച്ച്‌ തീരുമാനമെടുക്കാമെന്നാണ് മന്ത്രി പറയുന്നത്. ഇളവുകൾ അനുവദിക്കേണ്ടത് താനല്ല. അത് സർക്കാരിൻറെ തീരുമാനമാണെന്നും സജി ചെറിയാൻ വ്യക്തമാക്കി.

കേരളത്തിൽ ഷൂട്ടിംഗ് അനുവദിക്കണമെന്ന് ഫെഫ്‌ക ഇന്നലെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ ചിത്രീകരണം അനുവദിക്കാത്ത സാഹചര്യത്തിൽ സിനിമ ഷൂട്ടിംഗുകൾ തെലങ്കാനയിലേക്കും, തമിഴ്‌നാട്ടിലേക്കും മാറ്റിയിരിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമുൾപ്പടെയാണ് ഷൂട്ടിംഗ് മാറ്റിയത്. ഇതിനുപിന്നാലെയാണ് സർക്കാർ നിലപാട് വ്യക്തമാക്കി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ഷൂട്ടിംഗിന് അനുമതി നൽകണമെന്ന ആവശ്യവും ചിത്രീകരണം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്ന വിഷയവും സർക്കാർ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം.

Related posts

Leave a Comment