ശങ്കര്‍ മോഹന് പിന്തുണ: അടൂരും ഗിരീഷ് കാസറവള്ളിയും രാജിവച്ചു; ആരോപണങ്ങള്‍ തള്ളി

തിരുവനന്തപുരം: കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവെച്ചു.

ഇന്ന് മാധ്യമങ്ങളെ കണ്ടാണ് രാജിവെച്ച കാര്യം അടൂര്‍ അറിയിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് കൈമാറിയതായും അദ്ദേഹം അറിയിച്ചു.

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരാഘോഷങ്ങള്‍ക്ക് പിന്നില്‍ ആരെന്നത് അന്വേഷിക്കണമെന്ന് അടൂര്‍ ആവശ്യപ്പെട്ടു.
കള്ളം കള്ളത്തെ പ്രസവിച്ചുവെന്നും മാധ്യമങ്ങള്‍ ആടിനെ പേപ്പട്ടി ആക്കി പേപ്പട്ടിയെ തല്ലിക്കൊന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കുറ്റവാളികള്‍ ഗേറ്റ് കീപ്പറായാലും ശുചീകരണ ജോലിക്കാരായാലും അധ്യാപകരായാലും അനധ്യാപകരോ വിദ്യാര്‍ത്ഥികളോ ആയാലും അവരെ കണ്ടെത്തി തക്ക ശിക്ഷ നല്‍കേണ്ടത് സ്ഥാപനത്തിന്റെ തുടര്‍ന്നുള്ള നടത്തിപ്പിന് അത്യന്താപേക്ഷിതമാണെന്നും അടൂര്‍.

വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് രാജിവെച്ച ശങ്കര്‍ മോഹന് പിന്തുണ പ്രഖ്യാപിച്ചാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ രാജി. ശങ്കര്‍ മോഹന്‍ മികച്ച പ്രൊഫഷണലാണ്.

അദ്ദേഹത്തോളം ചലച്ചിത്ര സംബന്ധമായ അറിവോ പ്രവര്‍ത്തന പരിചയമോയുള്ള വ്യക്തി ഇന്ത്യയിലില്ല. അദ്ദേഹത്തെ ക്ഷണിച്ചു വരുത്തി അപമാനിച്ച്‌ പടികടത്തി വിടുകയാണ് ചെയ്തത്.

അടിസ്ഥാനരഹിതമായ ആരോപണങ്ങളും വൃത്തികെട്ട അധിക്ഷേപങ്ങളുമാണ് ശങ്കര്‍ മോഹന് നേരെയുണ്ടായത്. അദ്ദേഹത്തിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെല്ലാം തെറ്റാണ്.

നാശത്തിന്റെ വക്കിലായിരുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിനെ മികച്ച സിനിമാപരിശീലന കേന്ദ്രമാക്കുന്നതിനു വേണ്ടി അഹോരാത്രം പണിയെടുത്ത വ്യക്തിയാണ് ശങ്കര്‍ മോഹന്‍.

പരാതിക്കോ പഴിക്കോ വകനല്‍കാതെ നാല് പതിറ്റാണ്ടിലധികം രാജ്യത്തെ സിനിമയെ സംബന്ധിക്കുന്ന എല്ലാ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സേവനം നടത്തിയിട്ടുണ്ടെന്നും അടൂര്‍.

ജാതിവിവേചനം ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്നാണ് ശങ്കര്‍ മോഹന്‍ രാജിവെച്ചത്. വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്നായിരുന്നു രാജി.

അടൂരിന്റെ രാജിക്കത്തില്‍ പറയുന്ന കാര്യങ്ങള്‍

ഡിസംബര്‍ 5 നാണ് സമരത്തിലാണെന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ പ്രഖ്യാപിക്കുന്നത്. കാരണമായി പറഞ്ഞത് ദളിത് വിരോധവും ജാതി വിവേചനവും.

ഇന്‍സ്റ്റിറ്റ്യൂട്ടിലെ ദളിത് ശുചീകരണ തൊഴിലാളികളെ ഡയറക്ടര്‍ നിര്‍ബന്ധിപ്പിച്ച്‌ അടിമപ്പണി ചെയ്യിപ്പിച്ചിരുന്നുവെന്നായിരുന്നു ആദ്യം മുതല്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

എന്നാല്‍ തന്റെ അന്വേഷണത്തില്‍ ഇത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ ജോലിക്കാരില്‍ ആരും തന്നെ പട്ടികജാതിയില്‍ പെടുന്നവരല്ല. നായരും ക്രിസ്ത്യാനിയും ആശാരിയുമെല്ലാമാണവര്‍.

ഡയറക്ടറുടെ രാജിയോടെ ഇന്‍സ്റ്റിറ്റൂട്ടിലെ സമരങ്ങള്‍ക്ക് തിരശ്ശീല വീണുവെന്ന് കരുതുന്നത് തെറ്റാണ്.

അദ്ദേഹത്തിന്റെ രാജി പ്രശ്നങ്ങള്‍ക്ക് കുറച്ചു കൂടി തീവ്രത കൂട്ടുമെന്നാണ് തനിക്ക് തോന്നുന്നത് .

അധ്യാപനത്തില്‍ നിന്നും നടത്തിപ്പു വിഭാഗത്തില്‍ നിന്നും യോഗ്യരും അനുഭവ സമ്പന്നരുമായ എട്ടുപേരാണ് രാജിവെച്ചത്. പ്രശസ്ത സംവിധായകന്‍ ഗിരീഷ് കാസറവള്ളി അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് രാജിവെച്ചു.

കൂടുതല്‍ പേര്‍ വിട്ടുപോകുമെന്നും അറിയുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സാമാന്യബുദ്ധിക്കോ നീതിക്കോ നിരക്കാത്ത സമരമുറകളുടെ ഉറവിടവും പിന്തുണയും പുറത്തുവരാന്‍ സത്യസന്ധരായ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തണം.

അല്ലാതെ നടത്തുന്ന അന്വേഷണങ്ങള്‍ വിഫലവും വിപരീതഫലങ്ങള്‍ ഉളവാക്കുന്നവയുമാകും. അതാണ് ഇതിനകം നടന്നത്.

കുറ്റവാളികളെ തിരിച്ചറിയാതെ നേരുംനെറിയുമായി പ്രവര്‍ത്തിച്ചവരെ തേജോവധം ചെയ്യാനും സമൂഹമധ്യത്തില്‍ അവഹേളിക്കുവാനുമാണ് അന്വേഷണണങ്ങളിലൂടെ ഒരുമ്പെട്ടത്.

തിരുത്താനാവാത്ത വലിയൊരു ദുരന്തമാണ് ഇതിന്റെയെല്ലാം ഫലമായി വരുത്തിവെച്ചത്.

Related posts

Leave a Comment