ചെന്നൈ: തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ വിദേശവനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി പ്രത്യാക്രമണത്തില്‍ നിലതെറ്റി വീണപ്പോള്‍ രക്ഷിക്കാനെത്തിയത് പോലീസും നാട്ടുകാരും. തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ 30കാരിയായ അമേരിക്കന്‍ യുവതിയെ കയറിപ്പിടിച്ച് വീട്ടിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയെ ആയോധനകലയില്‍ വിദഗ്ധയായ യുവതി അടിച്ചുവീഴത്തുകായിരുന്നു.
തമിഴ്നാട്ടിലെ ക്ഷേത്ര നഗരിയായ തിരുവണ്ണാമലൈയിലാണ് സംഭവം. കഴിഞ്ഞ മാര്‍ച്ചിലാണ് വിദേശ യുവതി ഇവിടെ എത്തിയത്. ലോക്ഡൗണില്‍ യാത്ര മുടങ്ങിയതോടെ ക്ഷേത്രത്തിനു സമീപം വീട് വാടകക്കെടുത്ത് താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം വീടിനു പുറത്തു നില്‍ക്കുമ്ബോഴാണ് കാഷായ വസ്ത്രവും രുദ്രാക്ഷ മാലകളും ധരിച്ച നാമക്കല്‍ സ്വദേശിയായ സ്വാമി മണികണ്ഠന് യുവതിയെ കടന്നുപിടിച്ചത്. വീട്ടിനകത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിനിടെ യുവതി പ്രത്യാക്രമണം നടത്തി. യുവതിയുടെ കൈക്കരുത്തിനു മുന്നില്‍ അവശനായി വീണുപോയ സ്വാമിയെ ഒടുവില്‍ യുവതി തന്നെ നാട്ടുകാരെയും പോലിസിനെയും വിളിച്ചുവരുത്തി കൈമാറുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, അതിക്രമിച്ചു കയറല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം മണികണ്ഠന് സ്വാമിക്കെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്.
വിദേശ വനിതയെ കയറിപ്പിടിച്ചതേ സ്വാമിക്ക് ഓര്മയുള്ളൂ: ആശുപത്രിയിലാക്കാന്‍ പോലീസ് എത്തേണ്ടിവന്നു
