വിതരണത്തിനിടെ കട്ടില്‍ ഒടിഞ്ഞു വീണു; കരാര്‍ റദ്ദാക്കി അടിമാലി പഞ്ചായത്ത്

അടിമാലി: വയോജനങ്ങള്‍ക്കായി അടിമാലി പഞ്ചായത്ത് നല്‍കിയ കട്ടില്‍ വിതരണത്തിനിടെ ഒടിഞ്ഞു വീണു.

‘വയോജനങ്ങള്‍ക്കൊരു കട്ടില്‍ പദ്ധതി’ പ്രകാരം വിതരണം ചെയ്യാനെത്തിച്ച കട്ടിലുകളാണ് അധികൃതര്‍ക്ക് മുന്നില്‍ തന്നെ ഒടിഞ്ഞു വീണത്. പ്രതിഷേധത്തെ തുടര്‍ന്നു കട്ടില്‍ വിതരണം നിര്‍ത്തി. പിന്നീട് അടിയന്തര കമ്മിറ്റി ചേര്‍ന്ന് കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചു.

ഇന്നലെ രണ്ടാം ഘട്ടം വിതരണത്തിനു കൊണ്ടുവന്ന കട്ടിലുകളില്‍ ഒന്നാണ് അധികൃതരുടെ കണ്‍മുന്നില്‍ ഒടിഞ്ഞു വീണത്. ബലമില്ലാത്ത തടികൊണ്ടാണ് പല കട്ടിലും നിര്‍മ്മിച്ചതെന്നു കണ്ടെത്തി. 20 ലക്ഷം മുടക്കിയാണ് ‘വയോജനങ്ങള്‍ക്കൊരു കട്ടില്‍ പദ്ധതി’ നടപ്പാക്കുന്നത്. 60 വയസ്സിനു മുകളിലുള്ള 540 പേര്‍ക്കാണ് കട്ടില്‍ നല്‍കുന്നത്. ഒരു കട്ടിലിന് 2800 രൂപ വച്ച്‌ കോട്ടയത്തുള്ള ഫര്‍ണിച്ചര്‍ സ്ഥാപനത്തിനാണ് കരാര്‍ നല്‍കിയത്.

ആദ്യ ഘട്ടത്തില്‍ 161 കട്ടില്‍ വിതരണം ചെയ്തു. ഇതില്‍ കിടന്ന പലരും പരാതിയുമായി പഞ്ചായത്തിലെത്തിയെങ്കിലും അധികൃതര്‍ കാര്യമായെടുത്തില്ല. എല്‍ഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. ഫര്‍ണിച്ചര്‍ സ്ഥാപനത്തോടു വിശദീകരണം ചോദിച്ചതായി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. വിതരണം ചെയ്ത കട്ടിലുകള്‍ തിരിച്ചെടുത്ത് കരാര്‍ റദ്ദാക്കി ഉറപ്പുള്ളവ വിതരണം നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി.

ഗുണനിലവാരം ഇല്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ കട്ടിലുകള്‍ തിരികെ കൊണ്ടു പോകുന്നതിന് കരാറുകാരന് നിര്‍ദ്ദേശം നല്‍കുന്നതിനു തീരുമാനിച്ചിട്ടുണ്ടെന്ന് അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി മാത്യു പറഞ്ഞു.

Related posts

Leave a Comment