മദ്യപിച്ചുണ്ടായ വാക്കുതര്‍ക്കത്തിനിടെ അച്ഛന് മകനെ കുത്തിക്കൊന്നു. ഓലത്താന്നി, പാതിരിശ്ശേരി, താഴങ്കാട് വീട് എസ്.എസ്.
ഭവനില്‍ കുട്ടു എന്നു വിളിക്കുന്ന എസ്.എസ്.അരുണാ(32)ണ് മരിച്ചത്. സംഭവസമയം വീട്ടില്‍ ശശിധരന്‍നായര്‍, ഭാര്യ ശാന്തകുമാരി, മകന് അരുണ്‍ എന്നിവരാണുണ്ടായിരുന്നത്. ശശിധരന്‍നായരും അരുണും മദ്യപിച്ചിരുന്നു. പലപ്പോഴും ഇവര്‍ ഒരുമിച്ച് മദ്യപിക്കാറുണ്ടെന്ന് പോലീസ് പറയുന്നു.
സംഭവശേഷം ഒളിവില്‍പ്പോയ അച്ഛന് ശശിധരന്‍നായരെ(62) നെയ്യാറ്റിന്‍കര പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 9.45-നാണ് സംഭവം. മദ്യപിച്ചശേഷം ഇവര്‍ വഴക്കിടുന്നതും പതിവാണ്. സംഭവദിവസം ഇരുവരും മദ്യപിച്ചശേഷം വീട്ടില്‍വെച്ച് വഴക്കിട്ടു. മദ്യപിച്ച് ബഹളംവയ്ക്കുമ്ബോഴെല്ലാം ശശിധരന്‍നായര്‍ മകനെ കത്തിയെടുത്ത് കുത്തുമെന്ന് പലപ്പോഴും പറയാറുണ്ടായിരുന്നു. അരുണിന്റെ ഇടതുനെഞ്ചിലാണ് കുത്തേറ്റത്. ഹൃദയത്തിനേറ്റ മുറിവാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.