തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കുകിഴക്കന്‍ ഭാഗത്താണ് ബുറേവി ചുഴലിക്കാറ്റ് രൂപം കൊണ്ടിരിക്കുന്നത്. ഇന്ന് ശ്രീലങ്കന്‍ തീരത്തെത്തുന്ന ബുറേവി, വൈകീട്ടോടെ തീരം കടക്കുമെന്നാണ് സൂചന.
ശ്രീലങ്കന്‍ തീരത്തെത്തുമ്ബോള്‍ 75 മുതല്‍ 85 കിലോമീറ്റര്‍ വരെ വേഗത ഉണ്ടായിരിക്കുന്ന കാറ്റ്, അടുത്ത 12 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് കരുതുന്നത്. ഡിസംബര്‍ നാലോടെ കന്യാകുമാരി തീരത്തെത്തുന്ന കാറ്റ് അവിടെ കനത്ത നാശനഷ്ടങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ധാഭിപ്രായം.
അതേസമയം കാറ്റിന്റെ സഞ്ചാരപാത ഇതുവരെ കൃത്യമായി പ്രവചിക്കപ്പെട്ടിട്ടില്ല. ഇതിനാല്‍, ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ കേരള തീരങ്ങളില്‍ നിന്നും മത്സ്യബന്ധനത്തിന് പോകുന്നത് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. കേരളം, തമിഴ്നാട് എന്നിവിടങ്ങളിലെ തെക്കന്‍ തീരങ്ങള്‍ക്ക് കാലാവസ്ഥ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.