കൊച്ചി: വ്യാജരേഖ സമര്‍പ്പിച്ചെന്ന കേസില്‍ വിവാദത്തിലായ കെ. വിദ്യ സമര്‍പ്പിച്ച വ്യാജരേഖ പോലീസ് കണ്ടെത്തി. അഗളി പോലീസാണ് പാലവരിവട്ടത്തെ ഇന്റര്‍നെറ്റ് കഫേയില്‍ നിന്നും പ്രിന്റ് കണ്ടെത്തിയത്.
അദ്ധ്യാപകജോലിയ്ക്ക് മഹാരാജാസ് കോളേജിന്റെ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ ഈ മാസം തന്നെ അട്ടപ്പാടി പോലീസ് കുറ്റപത്രം സമര്‍പ്പിക്കും.
ഗൂഗിളിന്റെ സഹായത്തോടെയാണ് പകര്‍പ്പ് എടുത്ത കട കണ്ടെത്തിയത്. കഫേ നടത്തിപ്പുകാരന്റെ മൊഴി അഗളിപോലീസ് രേഖപ്പെടുത്തി. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് അട്ടപ്പാടി ചുരത്തില്‍ കീറിയെറിഞ്ഞതായിട്ടാണ് നേരത്തേ വിദ്യ പോലീസിന് നല്‍കിയ മൊഴി.
ജില്ലാ പൊലീസിലെ സൈബര്‍ വിദഗ്ധന്റെ സഹായത്തോടെയായിരുന്നു പരിശോധന നടത്തിയത്.
വിദ്യയുടെ ഫോണില്‍ നിന്നും വ്യാജസര്‍ട്ടിഫിക്കറ്റ് അറ്റാച്ച് ചെയ്തതത് കണ്ടെത്തിയിരുന്നു. അഗളി ഡിവൈഎസ്പി എന്‍. മുരളീധരന്‍ ഗൂഗിളിനെ സമീപിച്ചത്. കേസില്‍ ഈ മാസം ഒന്നിന് കാസര്‍ഗോഡ് ഫസ്റ്റ്ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
അട്ടപ്പാടി ഗവ. കോളജില്‍ ഗെസ്റ്റ് ലക്ചറര്‍ അഭിമുഖത്തില്‍ ഹാജരാക്കാനാണ് വിദ്യ വ്യാജരേഖ തയ്യാറാക്കിയത്.
ഫോണിലാണ് വ്യാജരേഖ നിര്‍മ്മിച്ചതെന്നാണ് നേരത്തേ വിദ്യ നല്‍കിയിരുന്ന മൊഴി.
പോലീസ് നല്‍കുന്ന വിവരം അനുസരിച്ച് വിദ്യ രണ്ടു വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് അട്ടപ്പാടി കോളജില്‍ ഹാജരാക്കിയത്.
കാസര്‍കോട് കരിന്തളം ഗവ. കോളജില്‍ ഹാജരാക്കിയ വ്യാജസര്‍ട്ടിഫിക്കറ്റ് തൃക്കരിപ്പൂരിലെ ഒരു അക്ഷയകേന്ദ്രത്തില്‍ നിന്നും പ്രിന്റ് എടുത്തതായും പോലീസിന് വിവരം കിട്ടിയിട്ടുണ്ട്.