കൊച്ചി: സ്വര്‍ണക്കടകള്‍ അടഞ്ഞുകിടക്കുകയാെണങ്കിലും സ്വര്‍ണവില കുതിച്ചു കയറുകയാണ്. ഇന്ന് പവന് 200 രൂപ വര്‍ധിച്ച് 33800 രൂപയെന്ന പുതിയ റെക്കോര്‍ഡിട്ടു. അതേസമയം, ലോക്ഡൗണായതിനാല്‍ ഈ വര്‍ഷത്തെ അക്ഷയ തൃതീയ സീസണും നഷ്ടമാകുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍.
ഏപ്രില്‍ 26 നാണ് അക്ഷയ തൃതീയ. എന്നാല്‍, സ്വര്‍ണ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. 2019ലെ അക്ഷയ തൃതീയക്ക് സ്വര്‍ണത്തിന് ഗ്രാമിന് 2945 രൂപയായിരുന്നു വില. പവന് 23560 രൂപയും. ഇന്നത് യഥാക്രമം 4225 ഉം 33800ഉമായി ഉയര്‍ന്നു. ഗ്രാമിന് 1280 രൂപയുടെയും പവന് 10240 രൂപയുടെയും വര്‍ധനവാണ് ഒരുവര്‍ഷംകൊണ്ട് ഉണ്ടായത്. ഏതാണ്ട് 40 ശതമാനത്തിലധികം വര്‍ധന.
കേരളത്തില്‍ ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ സ്വര്‍ണം വിറ്റഴിയുന്ന ദിവസമാണ് അക്ഷയ തൃതീയ. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ 12000 ലധികം സ്വര്‍ണക്കടകളിലേക്ക് ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ഈ ദിവസം സ്വര്‍ണം വാങ്ങാനായി ഒഴുകിയെത്തിയത്. 2000 കിലോ സ്വര്‍ണം വിറ്റഴിയുമെന്നാണ് വിപണിയില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്. ഇത്തവണ സ്വര്‍ണക്കടകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ വ്യാപാരം നടക്കില്ല. ചിലര്‍ ഓണ്‍ലൈന്‍ ബുക്കിങ് സ്വീകരിച്ച് അക്ഷയ തൃതീയ ആലോഷമാക്കുന്നുണ്ട്. മിക്കവാറും ജ്വല്ലറികളും ഫോണ്‍, വാട്ട്സാപ് വഴി ബുക്കിങ് സ്വീകരിക്കുന്നുണ്ട്.