നല്ല ഓർമ്മകൾ ഒരു സുഖമാണ്. മണികണ്ഠൻ പട്ടാമ്പി.

ടെലിവിഷൻ രംഗത്തും, സിനിമാരംഗത്തും ഒരുപോലെ ശോഭിച്ച അതുല്യ കലാകാരനാണ് മണികണ്ഠൻ പട്ടാമ്പി. അച്ഛനുറങ്ങാത്ത വീട്, മാണിക്യക്കല്ല്, ഞാൻ മേരിക്കുട്ടി, താപ്പാന, തുടങ്ങിയ സിനിമകളും അമൃത ടിവി സംരക്ഷണം ചെയ്ത അളിയൻ വേഴ്സസ് അളിയൻ, ത്രീ കുട്ടീസ് , മഴവിൽ മനോരമ സംരക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന ആക്ഷേപഹാസ്യ പരിപാടിയായ മറിമായം, തുടങ്ങിയ പരമ്പരകളുടെ യും മണികണ്ഠൻ ശ്രദ്ധേയനാണ്. ഇപ്പോൾ അദ്ദേഹം കുറിച്ച ഒരു കുറിപ്പാണ് വൈറലാകുന്നത് . കുറുപ്പിൻറെ പരിപൂർണ രൂപം ഇങ്ങനെ. നല്ല ഓർമ്മകൾ ഒരു സുഖമാണ്….. അതൊരിയ്ക്കലും മുഷിയാത്ത, സമാനതകളില്ലാത്ത ആസ്വാദ്യതയാണ്. കാറ്റുപോലെ……
പാട്ടു പോലെ……
സുഗന്ധം പോലെ……
കഴിഞ്ഞു പോയതെങ്കിലും, ഇനിയില്ലെന്ന് വരുകിലും ഓർമ്മകളിലൂടെയുള്ള യാത്ര സ്വയം നവീകരിയ്ക്കപ്പെടാനുള്ള മാർഗ്ഗമന്വേഷിയ്ക്കൽ കൂടിയാണ്.

വായിയ്ക്കുന്നവരോട്…….

കെട്ട കാലത്തിന്റെ മുഷിഞ്ഞിരിപ്പിൽ മനസ്സ് വാടാതിരിയ്ക്കാനുള്ള കേവലം ഒരു വ്യായാമം എന്ന് കണ്ടാൽ മതി. അതിൽ കവിഞ്ഞൊന്നും ഇതിലില്ല.

ഞാൻ വരയ്ക്കുന്ന,
നാടും,മനുഷ്യരും…!!

കിഴക്ക് പടിഞ്ഞാറ് നീണ്ടു കിടക്കുന്ന നെൽപ്പാടത്തിന്റെ തെക്കേ കരയിലെ ഓല മേഞ്ഞ, തലയെടുപ്പുള്ള, ഇരുനില വീടായിരുന്നു ഞങ്ങളുടെ തറവാട്.
വേനൽക്കാലമായാലും, മഴക്കാലമായാലും,
പാടവരമ്പിലൂടെ നടന്നു തന്നെ വേണം വീട്ടിലെത്താൻ. അല്ലെങ്കിൽ,
ഒരാൾ പൊക്കത്തിലുള്ള ഉരുളൻ കല്ലുകൾ നിറഞ്ഞ ഇടവഴിയാണ് മാർഗ്ഗം. ഞങ്ങൾക്ക് താല്പര്യം പക്ഷെ പാടവരമ്പായിരുന്നു.

വടക്കുവശത്തെ വിശാലമായ പാടത്തേയ്ക്കാണ് വീടിന്റെ മുഖം. പാടത്തേയ്ക്ക് ഇറക്കി വെട്ടിയ
പത്തുപതിനാറു പടവുകൾ കയറിച്ചെല്ലുമ്പോഴാണ്
വിശാലമായ മുറ്റത്തെത്തുക.
ചെറുതും വലുതുമായ കല്ലുകൾ അടുക്കി വെച്ചുണ്ടാക്കിയതാണ് പടവുകളെങ്കിലും അതിന് പ്രത്യേക ഭംഗിയുണ്ടായിരുന്നു.

പടവുകൾക്കിരുവശങ്ങളിലും, മുറ്റത്തും, എത്രയെന്നറിയില്ല ഒരുപാട് ചെടികൾ: തെച്ചിയും, ചെമ്പരത്തിയും, നന്ത്യാർവട്ടവും, ഗന്ധരാജനും, കൃഷ്ണകിരീടവും എന്നു വേണ്ട, തുളസിയും, ചെണ്ടുമല്ലിയും….. തൊട്ടാവാടി വരെ പൂത്തു നിൽക്കുന്ന കാഴ്ച കാണണം…..! ഹൊ….! എന്തൊരുത്സാഹവും, പ്രസരിപ്പുമായിരുന്നു അവയ്ക്കൊക്കെ. വിത്തായാലും, കമ്പായാലും മണ്ണിലേയ്ക്കിടുകയേ വേണ്ടൂ, അവിടെ വളർന്നോളും.
എല്ലാം കൂടൊരുമിച്ച് പൂവിടുമ്പോഴുള്ള ഭംഗി പറഞ്ഞറിയിയ്ക്കാവുന്നതിനും അപ്പുറത്താണ്. പലതും ശുശ്രൂഷിച്ച് വളർത്തുന്നതൊന്നുമല്ല.
എങ്കിലും ആ മണ്ണിലും ചുറ്റുപാടിലും അവ സമൃദ്ധിയോടെ പൂവിട്ടു.

ചെടികൾ മൊട്ടിട്ടു തുടങ്ങുമ്പോഴേയ്ക്കും വരും,
തേൻ കുടിയ്ക്കാൻ…..
ആരോ കൂട് തുറന്നു വിട്ടതു പോലെ…. കൂട്ടം കൂട്ടമായി….
പല വലിപ്പത്തിലും, നിറത്തിലുമുള്ളവ… പൂമ്പാറ്റകൾ….!
അധികം വലിപ്പമില്ലാത്ത മഞ്ഞ പൂമ്പാറ്റകളെ ഓർക്കുന്നുണ്ടോ….?
അതുപോലെ , കറുത്ത ചിറകിൽ വെള്ള പുള്ളികളുള്ളവയും, മഞ്ഞയിൽത്തന്നെ കറുത്ത പുള്ളികളുള്ളവയും…….?
ചെടികൾ പൂവിടുന്നതിന് മുമ്പും, പൂക്കാലത്തിന് ശേഷവും ഈ സുന്ദരിക്കോതകളെ കാണാൻ പ്രയാസമാണ്.
പൂക്കാലമായാൽ പൂക്കളിലെല്ലാം തേൻ കിനിയുന്ന വിവരം ഇവരോട് ആരായിരിയ്ക്കും ചെന്ന് പറയുന്നത് എന്നാലോചിച്ചിട്ടുണ്ട്….!
മതിയാവോളം തേൻ കുടിച്ചും, സ്വയം മറന്നും അവയങ്ങനെ സർവ്വ സ്വാതന്ത്ര്യത്തോടും കൂടി
മതിമറന്നുല്ലസിയ്ക്കുന്ന
അതീവ സുന്ദരമായ കാഴ്ച ആരുടേയും മനം കുളിർപ്പിയ്ക്കും.
ആ ദൃശ്യഭംഗിയൊക്കെ ഇനിയെന്ന് കാണാനാവുമോ ആവോ……?!
ഒരു പക്ഷെ ഏതെങ്കിലും കാലത്ത് വിഷമയമല്ലാത്ത ഒരന്തരീക്ഷം സാധാരണ രീതിയിൽ ഉണ്ടായി വരികയാണെങ്കിൽ…… അന്ന്,
പൂ വിരിയുകയും, അതിൽ തേൻ കിനിയുകയും ചെയ്യുമ്പോൾ,
അവ കൂട്ടത്തോടെ പറന്ന് വരുമായിരിയ്ക്കും………!

രുചിയും മണവുമില്ലാത്ത കെട്ടകാലം നമ്മുടെ കാഴ്ച കൂടി മറയ്ക്കില്ലെന്ന് ആശിയ്ക്കാം…….!!

(എഴുത്ത് തുടരും) #ManikandanPattambi

Related posts

Leave a Comment