എംഡിഎംഎ ലഹരികടത്തു കേസുമായി, ‘ടീച്ചർ’ എന്നു പ്രതികൾ വിശേഷിപ്പിക്കുന്ന സ്ത്രീക്കുള്ള ബന്ധം തിരഞ്ഞ് എക്സൈസ് ക്രൈംബ്രാഞ്ച്. പിടിയിലായ പ്രതികൾക്കും സിനിമാ മേഖലയിലെ ചിലർക്കും ഇടയിലെ കണ്ണിയാണു ‘ടീച്ചർ’ എന്നുള്ള സംശയം ഉയർന്നതോടെ ഇവരെയും ഇന്നലെ എക്സൈസ് സംഘം ചോദ്യം ചെയ്തു. അഭിഭാഷകയ്ക്കൊപ്പമാണ് ഇവർ രാവിലെ ചോദ്യം ചെയ്യലിനു ഹാജരായത്. മട്ടാഞ്ചേരി പാണ്ടിക്കുടി സ്വദേശിനിയായ ഇവർക്കു സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിനു ബോധ്യമായിട്ടുണ്ട്. പ്രതികളുമായി അടുത്ത ബന്ധം പുലർത്തുന്ന ഇവർക്കാണു, ലഹരിക്കടത്തിനു മറയായി സംഘം ഉപയോഗിച്ച മുന്തിയ ഇനം നായ്ക്കളെ എക്സൈസ് കൈമാറിയത്. റോട്ട്‍വീലർ, കേൻ കോർസോ ഇനങ്ങളിൽ പെട്ട മൂന്നു നായ്ക്കളെയാണു പ്രതികൾ കൊണ്ടു വന്നത്. ഇതിൽ ഒരു നായയ്ക്ക് ഏകദേശം 80,000 രൂപ വരെ വിലവരും. ഇവയെ പ്രതികൾക്കൊപ്പം തൊണ്ടി മുതലായി കണ്ടുകെട്ടി മൃഗസംരക്ഷണ വകുപ്പിനെ ഏൽപിക്കുകയും പിന്നീട് ലേലത്തിലൂടെ വിറ്റു മുതൽക്കൂട്ടുകയും ചെയ്യുന്നതാണ് നടപടിക്രമം. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥൻ ‘ടീച്ചർ’ എന്ന് അവകാശപ്പെട്ടെത്തിയ സ്ത്രീക്ക് നായ്ക്കളെ സംരക്ഷിക്കാൻ നൽകുകയായിരുന്നു. ഇവർ പ്രതികളിൽ ഒരാളുടെ ബന്ധുവാണെന്നും പിന്നീടു ടീച്ചറാണെന്നും പറഞ്ഞുവെങ്കിലും ഇതു രണ്ടും വസ്തുതയല്ലെന്നു വ്യക്തമായതോടെയാണ് എക്സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഇവരിലേക്കു നീണ്ടത്. റോട്ട്‍വീലർ പോലെയുള്ള നായ്ക്കൾ ഏക യജമാനനെ മാത്രം അംഗീകരിക്കുന്ന സ്വഭാവക്കാരാണ്. അപരിചിതരോട് അക്രമാസക്തമായി മാത്രം പെരുമാറുന്ന നായ, സ്വീകരിക്കാനെത്തിയ സ്ത്രീയോട് ഇണക്കം കാട്ടിയെന്ന അപൂർവത ആദ്യ ഘട്ടത്തിൽ ഉദ്യോഗസ്ഥർ അവഗണിച്ചിരുന്നു. പിന്നീടു സംഭവം വിവാദമായതോടെ നായ്ക്കൾക്ക് ഇവരെ മുൻപരിചയമുണ്ടെന്ന സംശയം ഉയർന്നു. തുടർന്നാണ് ഇവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചത്. അതിനിടെ കാക്കനാട് രാസലഹരിമരുന്നു കടത്തു കേസിലെ പ്രതികളായ മുഹമ്മദ് ഫവാസ്, ശ്രീമോൻ എന്നിവരെ അന്വേഷണ സംഘം തെളിവെടുപ്പിനായി ചെന്നൈയിലെത്തിച്ചു. രാജ്യാന്തര മാർക്കറ്റിൽ 11 കോടി രൂപ വിലമതിക്കുന്ന ഒന്നേകാൽ കിലോഗ്രാം ലഹരിമരുന്നാണു കസ്റ്റംസും എക്സൈസും ചേർന്നു പിടിച്ചെടുത്തത്. ലഹരിമരുന്നിന്റെ ഉറവിടം തേടിയുള്ള അന്വേഷണമാണു ചെന്നൈയിൽ എത്തിയത്.കോഴിക്കോട് സ്വദേശികളായ പ്രതികൾ പുതുച്ചേരിയും സന്ദർശിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള മറ്റു പ്രതികളായ കോഴിക്കോട് സ്വദേശി ഷബ്ന, ഇടുക്കി വണ്ണപ്പുറം സ്വദേശി മുഹമ്മദ് അഫ്സൽ, കാസർകോട് സ്വദേശി മുഹമ്മദ് അജ്മൽ എന്നിവരുടെ ചോദ്യം ചെയ്യൽ കൊച്ചിയിൽ തുടരുകയാണ്. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത തിരുവല്ല സ്വദേശി തയ്യിബ ഔലാദിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നാളെ കോടതിയിൽ അപേക്ഷ സമർപ്പിക്കും.
Related posts
-
നിത്യാനന്ദയുടെ സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടതുണ്ടോ? നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി
ചെന്നൈ: വിവാദ ആള്‍ദൈവം നിത്യാനന്ദ ഒളിവിലിരുന്ന് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി. മധുര ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. ഒട്ടേറെ കേസുകളില്‍ അറസ്റ്റ് വാറണ്ട്... -
ജനസാഗരമായി കല്‍പ്പറ്റ; പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ തുടങ്ങി
കല്‍പ്പറ്റ: വയനാട് ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് തുടങ്ങി. പ്രിയങ്ക ഗാന്ധി ഇന്നു നാമനിര്‍ദേശപത്രിക... -
നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യര്‍
പത്തനംതിട്ട : ണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകര്‍. പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ...