മകന് മരിച്ച തീവ്രദുഃഖവും പേറി കൊലയാളിയെ കീഴടക്കാന്‍ കഴിയാത്ത നിരാശയില്‍ ജോലി ഉപേക്ഷിച്ച് പോയ ഗീത പ്രഭാകര്‍, ദൃശ്യം 2-വിലൂടെ പ്രതികാരദാഹിയായി തിരികെവരുമ്ബോള്‍ പ്രേക്ഷകരുടെ വെറുപ്പ് ഏറ്റുവാങ്ങുന്നുണ്ടെങ്കിലും താന്‍ ചെയ്ത കഥാപാത്രം പ്രേക്ഷകരുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ട നേടിയ സന്തോഷത്തിലാണ് നടി ആശ ശരത്ത്.
തമിഴ് സിനിമയുടെ ലൊക്കേഷനില്‍ ആയതിനാല്‍ ദൃശ്യം 2 കാണാന്‍ കഴിഞ്ഞില്ലെങ്കിലും അഭ്യുദയ കാംഷികളുടെ ഫോണ്‍ കോളുകളിലൂടെയും മെസേജുകളിലൂടെയും, സോഷ്യല്‍ മീഡിയ നിറയുന്ന അഭിപ്രായ പ്രകടനങ്ങളിലൂടെയും ദൃശ്യം 2 ഒരു വന്‍ വിജയമായെന്ന് അറിഞ്ഞതില്‍ ഹൃദയം നിറയുകയാണെന്ന് ആശാ ശരത്ത് പറയുന്നു. ദൃശ്യം റിലീസ് ചെയ്തപ്പോഴും ഇപ്പോള്‍ ദൃശ്യം 2 റിലീസ് ചെയ്തപ്പോഴും ആദ്യം വിളിച്ച് സന്തോഷം പങ്കുവച്ചത് ലാലേട്ടന് ആണെന്നും ആശാ ശരത്ത് പറഞ്ഞു.
ചിത്രത്തിന്റെ സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ സിനിമ വിജയിക്കും എന്ന് അറിയാമായിരുന്നു. വളരെ ശക്തമായ ഒരു കഥയും തിരക്കഥയുമായിരുന്നു, ഇതിന്റെ മാത്രമല്ല ദൃശ്യം സിനിമയുടേതും അങ്ങനെ തന്നെയായിരുന്നു. എന്നാലും ഇത്തരമൊരു വിജയം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.
ദൃശ്യം ആദ്യ ഭാഗം എടുക്കുമ്ബോഴും ആ സിനിമ ഒരു നാഴികക്കല്ലാകാന്‍ പോകുന്നു എന്ന് കരുതിയില്ല, അതുപോലെ തന്നെ അത്തരമൊരു വിജയിച്ച സിനിമയുടെ രണ്ടാം ഭാഗം എടുക്കുമ്ബോള്‍ ശരിക്കും പേടി ഉണ്ടായിരുന്നു.
കാരണം ജോര്ജ്ജുകുട്ടിയും റാണിയും വരുണും ഗീതാ പ്രഭാകറും സഹദേവനുമൊക്കെ മലയാളികളുടെ മനസ്സില്‍ അത്രമേല്‍ പതിഞ്ഞ കഥാപാത്രങ്ങളാണ്. ഇവരെല്ലാം ഏഴ് വര്‍ഷം കഴിഞ്ഞു വീണ്ടും വരുമ്ബോള്‍ വളരെ ശക്തമായി തന്നെ തിരിച്ചു വന്നില്ലെങ്കില്‍ അതൊരു പരാജയമാകും.
പക്ഷേ അങ്ങനെയൊന്നും ഉണ്ടായില്ല. ദൃശ്യം 2-നെ ക്കുറിച്ചുള്ള അഭിപ്രായവും അനുമോദനങ്ങളും ഫോണില്‍ മലവെള്ളപ്പാച്ചില്‍ പോലെ വരികയാണ്. സന്തോഷം കൊണ്ട് മനസ്സ് നിറയുന്നു. ഞാന്‍ പടം കണ്ടിട്ടില്ല, പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലാണ്, വീട്ടില്‍ തിരിച്ചെത്തിയിട്ടു വേണം കുടുംബത്തോടൊപ്പം ദൃശ്യം 2 കാണാന്‍.
സിനിമ ഇറങ്ങി പിറ്റേന്ന് തന്നെ ലാലേട്ടന് വിളിച്ച് വിജയാഹ്ളാദം പങ്കുവച്ചിരുന്നു, ഒന്നാം ഭാഗം കഴിഞ്ഞപ്പോഴും ആദ്യം വിളിച്ചത് ലാലേട്ടന് ആണ്. ലാലേട്ടന് വിളിച്ചപ്പോള്‍ വളരെയധികം സന്തോഷം തോന്നി.
ഞാന്‍ ഒരു അമ്മയായതുകൊണ്ടു തന്നെ മകനെ നഷ്ടപ്പെട്ട ‘അമ്മ’ എന്നുള്ളത് ഉള്ളുലച്ച ഒരു കഥാപാത്രമായിരുന്നു. ഒരു റോള്‍ വീണ്ടും ചെയ്യുമ്ബോള്‍ ഏഴു വര്‍ഷം മുന്‍പ് ചെയ്ത അതേ ഫീലിങ്ങും വികാരങ്ങളും കൊണ്ടുവരണം. ആദ്യ ഭാഗത്തില്‍ മകന് മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നറിയാത്ത അമ്മയുടെ അങ്കലാപ്പും നിരാശയുമായിരുന്നു പ്രേക്ഷകര്‍ സിനിമയിലുടനീളം കണ്ടത്.
ഒടുവില്‍ മകന് ഇല്ല എന്നറിയുമ്ബോള്‍ അവര്‍ തളര്‍ന്നു പോവുകയാണ്. ഒരു പൊലീസ് ഓഫീസര്‍ ആയിരിക്കുമ്ബോള്‍ തന്നെ ഒരു സ്ത്രീയും അമ്മയുമായ അവര്‍ മകന്റെ തിരോധാനത്തിനിടയാക്കിയവരോട് നിയമത്തിന്റെ പരിധികള്‍ വിട്ട് പ്രതികരിക്കുകയാണ്, ഒടുവില്‍ നിരാശയിലും ദുഃഖത്തിലും എല്ലാം ഉപേക്ഷിച്ചു പോകുന്നു.
പക്ഷേ ആ അമ്മയുടെ വേദന മാത്രം തീരില്ലല്ലോ. രണ്ടാം ഭാഗത്തില്‍ ഏഴ് വര്‍ഷം മനസ്സില്‍ കൊണ്ട് നടന്ന വ്യഥയും പ്രതികാരദാഹവും കൊണ്ട് ഉറച്ച മനസ്സുമായി ഗീത തിരികെ വരികയാണ്. ഏഴ് വര്‍ഷം അവര്‍ തിരശീലക്കു പിന്നില്‍ ഇരുന്നു കരുക്കള്‍ നീക്കുകയായിരുന്നു.
തോമസ് ബാസ്റ്റിന് എന്ന സുഹൃത്തായ പൊലീസ് ഓഫീസറിനു പിന്നില്‍ നിന്ന് കേസ് അന്വേഷണം നടത്തിയത് മകനെ നഷ്ടപ്പെട്ട ആ ‘അമ്മ തന്നെയാണ്. ഞാന്‍ ആലോചിച്ചിട്ടുണ്ട് എങ്ങനെയാണ് ഈ ഗീത പ്രഭാകറിന് ഉറങ്ങാന്‍ പറ്റുക, ഞാന്‍ ആണെങ്കില്‍ എനിക്ക് ഉറങ്ങാന്‍ പോലും പറ്റില്ലല്ലോ എന്ന്.
അങ്ങനെ ഒരുപാട് സങ്കടങ്ങളും കടുത്ത വൈരാഗ്യവുമുള്ള ഒരു സ്ത്രീ തിരിച്ചു വരുമ്ബോള്‍ അത് എനിക്ക് അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിയുമോ എന്ന് സംശയമുണ്ടായിരുന്നു. ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തും എന്നെ എന്തുകൊണ്ട് തെരഞ്ഞെടുത്തു എന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്.
അന്ന് ഞാന്‍ ടിവി സീരിയലില്‍ അഭിനയിക്കുന്ന സമയമായിരുന്നു. പക്ഷേ ജീത്തു സാറും ലാലേട്ടനും ഇത് ആശ ചെയ്താല്‍ ശരിയാകും എന്ന് ആത്മവിശ്വാസം പകര്‍ന്നു തന്നു.
എനിക്ക് ഇങ്ങനെ ഒരു കഥാപാത്രം അഭിനയിക്കാനുള്ള അവസരം തന്നതിനും മലയാളികളുടെ മനസ്സില്‍ ഒരു ഇടം നേടി തന്നതിനും ജീത്തു സാറിനോടും ലാലേട്ടനോടും ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു