കൊച്ചി:പുതുതായി ചുമതലയേറ്റ മഫ്തി വേഷത്തിലെത്തിയ മേലുദ്യോഗസ്ഥയെ തിരിച്ചറിയാതെ പൊലീസ് സ്റ്റേ്ഷനിലേക്ക് കടത്തിവിടാതെ തടഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ ശിക്ഷാ നടപടി സ്വീകരിച്ച സംഭവത്തില്‍ ന്യായീകരണവുമായി ഡിസിപി ഐശ്വര്യ ഡോങ്ങ്‌റേ. ഏറെ ജാഗ്രത വേണ്ട ജോലിയാണ് പാറാവു. മേലുദ്ദ്യോഗസ്ഥ വന്നിറങ്ങിയത് ശ്രദ്ധിക്കാതെ ജാഗ്രത കുറവു കാട്ടിയ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ശ്രദ്ധാലുവായിരുന്നില്ല എന്നാണ് ഡിസിപിയുടെ വിശദീകരണം. സംഭവത്തില്‍ വനിതാ ഉദ്യോഗസ്ഥയെ ട്രാഫിക്കിലേക്ക് മാറ്റിയിരുന്നു. അവിടെ അവര്‍ അഭിനന്ദനാര്‍ഹമായ രീതിയില്‍ ജോലി ചെയ്യുന്നുണ്ടെന്നും ഡിസിപി പറഞ്ഞു.
എറണാകുളം നോര്‍ത്ത് വനിതാ സ്റ്റേഷനിലാണ് സംഭവം നടന്നത്. ഒരു യുവതി സ്റ്റേഷനിലേക്ക് കയറിപോകാന്‍ ശ്രമിക്കുന്നത് കണ്ടാണ് പാറാവു ജോലിയിലുണ്ടായിരുന്ന ഉദ്യോഗസഥ അവരെ തടഞ്ഞത്. യൂണിഫോമില്ലാതെ വന്നതിനാലും ഡിസിപിയെ മുഖപരിചയമില്ലാത്തതിനാല്‍ ആളറിയാതെയാണ് അവര്‍ മേലുദ്യോഗസ്ഥയെ തടഞ്ഞത്. കോവിഡ് കാല മുന്‍കരുതലുകളുടെ ഭാഗമായി സ്റ്റേഷനിലെത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കേണ്ടതും തടയാന്‍ കാരണമായി. തുടര്‍ന്നാണ് വനിതാ പൊലീസ് സ്റ്റേഷന്‍ പരിശോധിക്കാനെത്തിയ ഡിസിപിയാണ് മുന്നില്‍ നില്‍ക്കുന്നത് എന്നു വ്യക്തമായത്. പ്രകോപിതയായ ഡിസിപി വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് വിശദീകരണം ചോദിക്കുകയും തൃപ്തികരമല്ലാത്തതിനാല്‍ രണ്ടു ദിവസത്തേക്ക് ട്രാഫിക്കിലേയ്ക്ക് ശിക്ഷാനടപടിയായി അയയ്ക്കുകയുമായിരുന്നു. ഡിസിപി വാഹനത്തില്‍ ഇറങ്ങുന്നത് ശ്രദ്ധയില്‍പെട്ടിരുന്നില്ലെന്നായിരുന്നു വിശദീകരണം.