ബെംഗളൂരു: തനിക്ക് എല്ലാം നഷ്ടപ്പെട്ടുവെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ബെംഗളൂരുവിൽ മെട്രോ നിർമാണത്തിനിടെ തൂണിന്റെ ഇരുമ്പ് ചട്ടക്കൂട് തകർന്നുവീണു മരിച്ച സ്കൂട്ടർ യാത്രിക തേജസ്വിനിയുടെ ഭർത്താവ് ലോഹിത്.
നമ്മ മെട്രോ കെആർപുരം –ബെംഗളൂരു വിമാനത്താവള പാതയുടെ ഭാഗമായ കല്യാൺനഗർ എച്ച്ബിആർ ലേയൗട്ടിൽ ഇന്നലെ രാവിലെ 10.30നാണ് അപകടമുണ്ടായത്.
ഹൊറമാവ് സ്വദേശിനി തേജസ്വിനി (28), രണ്ടരവയസ്സുകാരനായ മകൻ വിഹാൻ എന്നിവരാണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ലോഹിത്, മകൾ വിസ്മിത (രണ്ടര) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇവർ അപകടനില തരണം ചെയ്തു. അതേസമയം, മെട്രോ തൂണിന്റെ നിർമാണ പ്രവർത്തനങ്ങളും കരാറും റദ്ദാക്കണമെന്നും, റദ്ദാക്കുന്നതുവരെ മകളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നും തേജസ്വിനിയുടെ പിതാവ് മദൻ കുമാർ പറഞ്ഞു.
‘‘കരാറുകാരന്റെ ലൈസൻസ് റദ്ദാക്കുന്നതുവരെ മൃതദേഹം ഏറ്റെടുക്കില്ല. ഇത്രയും ഉയരമുള്ള തൂണുകൾ നിർമിക്കാൻ ആരാണ് അനുമതി നൽകിയത്?. ഇതിന്റെ ടെൻഡർ റദ്ദാക്കണം.
പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണം’’– അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മെട്രോ തൂൺ നിർമാണത്തിന്റെ ചുമതലയുള്ള കരാറുകാരൻ സുരക്ഷാ നടപടികൾ സ്വീകരിച്ചിരുന്നില്ലെന്ന് തേജസ്വിനിയുടെ ഭര്‍തൃപിതാവ് വിജയകുമാർ ആരോപിച്ചു.
ഇന്നലെ രാവിലെ കുട്ടികളെ നഴ്സറിയിലാക്കാൻ ദമ്പതികൾ സ്കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടം. മെട്രോ തൂൺ സ്ഥാപിക്കാനുള്ള ഇരുമ്പ് കമ്പികൾ ഉപയോഗിച്ച ചട്ടക്കൂട് ഇവരുടെ സ്കൂട്ടറിനു മുകളിലേക്ക് പതിക്കുകയായിരുന്നു.
മരിച്ചവരുടെ കുടുംബത്തിനു നഷ്ടപരിഹാരമായി 20 ലക്ഷം രൂപ നൽകുമെന്നും പരുക്കേറ്റവരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്നും ബാംഗ്ലൂർ മെട്രോറെയിൽ കോർപറേഷൻ (ബിഎംആർസി) പ്രഖ്യാപിച്ചു.