തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മേയര്‍ ആര്യാ രാജേന്ദ്രന്റെ ഓഫീസിലെ അഞ്ച് കമ്ബ്യൂട്ടറുകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.
ഇവ ഫോറന്‍സിക്ക് പരിശോധനയ്ക്ക് അയച്ചു. ഡി ആര്‍ അനിലിന്റെ മൊബൈലും ഫോറന്‍സിക് പരിശോധനക്ക് നല്‍കിയിട്ടുണ്ട്.
കോര്‍പ്പറേഷനില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെയും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍. അനിലിനെതിരെയും ഉയര്‍ന്ന നിയമനക്കത്ത് ആരോപണങ്ങളില്‍ പ്രതിപക്ഷം നിലപാട് കടുപ്പിച്ചതോടെ അനിലിനെ ബലിയാടാക്കി സമരം അവസാനിപ്പിക്കാനായെങ്കിലും മേയറുടെ പ്രവര്‍ത്തനങ്ങളിലും സമീപനത്തിലും സി പി എം നേതൃത്വത്തിന് കടുത്ത എതിര്‍പ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്തുവന്നാലും മേയറെ മാറ്റില്ലെന്ന ആദ്യ നിലപാടില്‍ നിന്ന് കോടതിവിധിക്ക് അനുസരിച്ച് തീരുമാനമെടുക്കുമെന്ന് സമവായ ചര്‍ച്ചയില്‍ സമ്മതിച്ചത് ഇതിന് തെളിവാണെന്നാണ് വിലയിരുത്തുന്നത്.
ഇന്നലെ മന്ത്രിമാരായ എം.ബി. രാജേഷിന്റെയും വി. ശിവന്‍കുട്ടിയുടെയും സാന്നിദ്ധ്യത്തില്‍ രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗത്തിലാണ് ഡി.ആര്‍. അനിലിനെ മാറ്റി നിറുത്തിക്കൊണ്ടുള്ള സമവായത്തിന് ധാരണയായത്.
ഡി.ആര്‍. അനിലിനെ സ്ഥാനത്തുനിന്നു നീക്കാന്‍ ധാരണയായെന്ന് ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി എം.ബി. രാജേഷ് മറ്റ് കക്ഷി നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ മാദ്ധ്യമങ്ങളെ അറിയിച്ചു.
മേയര്‍ക്കെതിരായ കേസ് പരിഗണനയിലായതിനാല്‍ കോടതി നിര്‍ദ്ദേശം അനുസരിച്ച് മാത്രമേ തുടര്‍നടപടി സ്വീകരിക്കാനാകൂവെന്ന മന്ത്രിമാരുടെ നിലപാട് പ്രതിപക്ഷ നേതാക്കള്‍ അംഗീകരിക്കുകയായിരുന്നു.
ഇതോടെ കോര്‍പ്പറേഷനില്‍ നടത്തിവന്ന സമരം പിന്‍വലിക്കുന്നതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷും ഡി.സി.സി പ്രസിഡന്റ് പാലോട് രവിയും അറിയിച്ചു.
മേയര്‍ക്കെതിരായ ആരോപണത്തില്‍ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തില്‍ അത് നിയമപരമായി നേരിടുമെന്നും നേതാക്കള്‍ വ്യക്തമാക്കി. മേയര്‍ക്കെതിരായ കത്ത് വ്യാജമാണെന്ന നിലപാടിലാണ് കോര്‍പ്പറേഷനും സര്‍ക്കാരും.
എന്നാല്‍, എസ്.എ.ടി ആശുപത്രിയിലേക്കുള്ള നിയമനത്തിന് പാര്‍ട്ടിക്കാരുടെ പട്ടിക തേടിക്കൊണ്ട് ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത് താനാണെന്ന് ഡി.ആര്‍. അനില്‍ നേരത്തെ സമ്മതിച്ചിരുന്നു. ഇതോടെ അനിലിന്റെ രാജിയല്ലാതെ മറ്റൊന്നും സമവായത്തിന് മുന്നിലുണ്ടായിരുന്നില്ല.