ഓസ്കാര്‍ പുരസ്കാര വേദിയില്‍ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി നടന്‍ വാകീന്‍ ഫീനികസ് നടത്തിയ പ്രസംഗം പ്രേക്ഷകര്‍ക്ക് അത്ര വേഗം മറക്കാന്‍ സാധിക്കില്ല. നല്ല നടന്‍ എന്നതിലുപരി നല്ലൊരു മനുഷ്യനാണെന്ന് തെളിയിച്ച ഫീനിക്സിന്റെ വാക്കുകള്‍ കയ്യടിയോടെയായിരുന്നു പ്രേക്ഷകരും സിനിമ പ്രവര്‍ത്തകരും സ്വീകരിച്ചത്. പാലിനും ഇറച്ചിയ്ക്കും വേണ്ടി മൃഗങ്ങളെ ചൂഷണം ചെയ്യുന്നതിനെ കുറിച്ച് കണ്ണീരോടെയാണ് താരം പ്രതികരിച്ചത്.
എന്നാല്‍ പ്രതികരണം വാക്കുകളില്‍ ഒതുങ്ങുന്നതല്ലെന്ന് തെളിയിച്ചിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോക്കര്‍. കാലിഫോര്‍ണിയയിലെ അറവ് ശാലയില്‍ എത്തിയിരിക്കുകയാണ് താരം. മൃഗസംരക്ഷണപ്രവര്‍ത്തകരോടൊപ്പമാണ് എത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ മൃഗസംരക്ഷകര്‍ പുറത്ത് വിട്ടിട്ടുണ്ട്. ഒരമ്മപ്പശുവിനും മൂന്നുദിവസംമാത്രം പ്രായമുള്ള കുഞ്ഞിനുമൊപ്പമാണ് മടങ്ങി പോയത്. പശുകുട്ടിയെ എടുത്തു കൊണ്ട് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
മൃഗങ്ങളെ ഭക്ഷണത്തിനായി കൊല്ലുന്നതും കൊലപാതകമാണെന്ന് അറവ്ശാല ഉടമയോട് വിശദീകരിച്ചതിന് ശേഷമാണ് താരം അവിടെ നിന്ന് മടങ്ങിയത്. താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമായിട്ടുണ്ട്. അറവ് ശാലയില്‍ നിന്ന് സംരക്ഷിച്ച പശുവിനും കുട്ടിക്കും ലിബര്‍ട്ടി, ഇന്‍ഡിഗോ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഫീനിക്‌സിനെയും മൃഗസംരക്ഷണകേന്ദ്രത്തിലെ പുല്‍ത്തകിടിയില്‍ സ്വതന്ത്രരായി ഓടിക്കളിക്കുന്ന പശുവിനെയും കുട്ടിയെയുമൊക്കെ മൃഗസംരക്ഷകര്‍ പുറത്തു വിട്ട ദൃശ്യങ്ങളില്‍ കാണാം.