തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി. മദ്ധ്യ തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരാന്‍ സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വെള്ളപ്പൊക്ക മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടുണ്ട്.
അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴ കനക്കും. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴയില്‍ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായിട്ടുണ്ട്. കൊച്ചി നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കലൂര്‍ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. തിരുവനന്തപുരത്ത് ഇന്നലെ വൈകിട്ട് ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്.
അരുവിക്കര ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. പൊന്മുടി ബോണക്കാടു നിന്ന് മുന്‍കരുതലായി ആളുകളെ വിതുരയിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഇതിനിടെ വിഴിഞ്ഞത്ത് നിന്നും കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണ്ടെത്തി. വിഴിഞ്ഞും ഹാര്‍ബര്‍ വഴി മത്സ്യബന്ധനത്തിന് പോയ മൂന്ന് മത്സ്യത്തൊഴിലാളികളെയാണ് ഇന്ന് പുലര്‍ച്ചെയോടെ കാണാതായത്.
മീരാ സാഹിബ്, മുഹമ്മദ് ഹനീഫ, അന്‍വര്‍ എന്നിവര്‍ ഇന്നലെ വൈകുന്നരം നാലരയോടെയാണ് മത്സ്യബന്ധനത്തിന് പോയത്. ഇവര്‍ തമിഴ്നാട് തേങ്ങാപട്ടണത്ത് എത്തിയതായി അധികൃതര്‍ അറിയിച്ചു. അതിശക്തമായ മഴയ്ക്കുള്ള മുന്നറിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരള തീരത്തു നിന്ന് മത്സ്യബന്ധനം നിരോധിച്ചു.
രാത്രിയാത്രാ നിരോധനം ഉള്‍പ്പടെയുള്ള കൂടുതല്‍ മുന്‍ കരുതല്‍ നടപടികളും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ടും തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം തൃശ്ശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ് നിലവിലുള്ളത്.