അരവിന്ദ് കെജ്രിവാള്‍ കൊച്ചിയില്‍ : ആംആദ്മിയും ട്വന്‍റി ട്വന്‍റിയും സഹകരിച്ച്‌ പ്രവര്‍ത്തിക്കും

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനിടെ കേരളത്തിലെ ബദല്‍ രാഷ്ട്രീയത്തിന്‍റെ സാധ്യത തേടി കൊച്ചിയില്‍.

ഇന്ന് ആംആദ്മിയും ട്വന്‍റി ട്വന്‍റിയും സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ഉള്ള തീരുമാനം ഉണ്ടാകും. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ട്വന്‍്റി ട്വന്‍്റി ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു ജേക്കബും ചേര്‍ന്ന് കിഴക്കമ്ബലത്തില്‍ വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തില്‍ തീരുമാനം പ്രഖ്യപിക്കും. തൃക്കാക്കരയിലെ രാഷ്ട്രീയ നിലപാടിലും സൂചന നല്‍കും. ഏതെങ്കിലും ഒരു മുന്നണിക്ക് തെരഞ്ഞെടുപ്പില്‍ പിന്തുണ പ്രഖ്യാപിക്കാന്‍ സാധ്യത കുറവാണ്. സാബു ജേക്കബ് ഇന്നലെ കൊച്ചിയില്‍ എത്തിയ കെജ്‌രിവാളുമായി ചര്‍ച്ച നടത്തി.

രാവിലെ കെജ്‌രിവാള്‍ കൊച്ചിയില്‍ ആംആദ്മി നേതാക്കളുമായി ചര്‍ച്ച നടത്തും. കെജ്‌രിവാളിന് മുന്നില്‍ സംസ്ഥാനത്ത് പാര്‍ട്ടി വളര്‍ത്താന്‍ സംസ്ഥാന നേതൃത്വം തയ്യാറാക്കിയ റിപ്പോര്‍ട്ട് നേതാക്കള്‍ അവതരിപ്പിക്കും. കെജ്‌രിവാളിന്‍റെ നിലപാട് പാര്‍ട്ടിയുടെ തുടര്‍ നയങ്ങള്‍ തീരുമാനിക്കുന്നതില്‍ അന്തിമമാകും.

കിഴക്കമ്ബലത്തെ ട്വന്‍റി 20 ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റും ഗോഡ്സ് വില്ലയും വൈകീട്ട് കെജ്‌രിവാള്‍ സന്ദര്‍ശിക്കും.കെജ്‌രിവാള്‍ 5 മണിക്ക് കിറ്റക്സ് ഗാര്‍മെന്‍റ്സ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ജനസംഗമ പരിപാടിയില്‍ സംസാരിക്കും. കെജ്‌രിവാള്‍ രാത്രി 9 മണിക്കുള്ള വിമാനത്തില്‍ ദില്ലിക്ക് മടങ്ങും. കേരളത്തില്‍ ബദല്‍ നീക്കങ്ങള്‍ സജീവമാക്കാനുള്ള കെജ്രിവാളിന്റെ വരവ് ദില്ലിക്ക് പുറമെ പഞ്ചാബും പിടിച്ച ശേഷമാണ്. ആദ്യ സഹകരണം മുന്നണികള്‍ക്ക് ഭീഷണി ഉയര്‍ത്തി എറണാകുളത്ത് കരുത്ത് തെളിയിച്ച ട്വന്റി- 20യുമായാണ്.

തൃക്കാക്കരയില്‍ ഇരു കക്ഷികളും യോജിച്ച്‌ സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ നേരത്തെ ധാരണയായെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും പിന്നീട് തീരുമാനം പിന്‍വലിക്കുകയായിരുന്നു. തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്നു൦ ഉപ തെരഞ്ഞെടുപ്പിനേക്കാള്‍ നിയമസഭാ ലോക് സഭാ തെരഞ്ഞെടുപ്പുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും ഇരു പാര്‍ട്ടികളും സംയുക്തമായി അറിയിച്ചിരുന്നു.

Related posts

Leave a Comment