അനുവദിച്ചത് രണ്ട് കോടി, ചെലവഴിച്ചത് 12 ലക്ഷം; മോര്‍ബി തൂക്കുപാല നിര്‍മ്മാണത്തില്‍ വന്‍വെട്ടിപ്പ്

മോര്‍ബി: ഗുജറാത്തില്‍ ദുരന്തത്തിനിടയാക്കിയ മോര്‍ബി തൂക്കുപാല നിര്‍മ്മാണത്തില്‍ വന്‍വെട്ടിപ്പ്. പാലത്തിന്റെ അറ്റക്കുറ്റപണികള്‍ക്കായി രണ്ട് കോടി രൂപയായിരുന്നു അനുവദിച്ചിരുന്നത്.

എന്നാല്‍ ഇതില്‍ 12 ലക്ഷം മാത്രമാണ് ചെലവാക്കിയതെന്നാണ് റിപ്പോര്‍ട്ട്. മുഴുവന്‍ തുകയും ചെവഴിച്ചു എന്നായിരുന്നു കമ്പനിയുടെ അവകാശവാദം. എന്നാല്‍ പാലം ബലപ്പെടുത്തിയില്ലെന്നും മോടി പിടിപ്പിക്കല്‍ മാത്രമാണ് നടന്നതെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍.

കരാര്‍ ലഭിച്ച ഒറേവ കമ്പനിക്കോ അവര്‍ ഉപകരാര്‍ നല്‍കിയ കമ്പനിക്കോ പാലം നിര്‍മ്മാണത്തില്‍ മുന്‍പരിചയമില്ലെന്നും പൊലീസ് കണ്ടെത്തി.

ദുരന്തവുമായി ബന്ധപ്പെട്ട് മോര്‍ബിയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചീഫ് ഓഫീസറായ സന്ദീപ് സിംഗ് സാലയെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് തൂക്കുപാലം തുറന്നതെന്ന് ആദ്യം വെളിപ്പെടുത്തിയത് ഇദ്ദേഹമായിരുന്നു.

പാലത്തിന്റെ അറ്റകുറ്റ പണിയില്‍ സര്‍വത്ര ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അറസ്റ്റിലായ ഒമ്പത് ജീവനക്കാരില്‍ നാല് പേരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വീഴ്ച്ചകള്‍ എണ്ണിപ്പറയുന്നത്.

ഒക്ടോബര്‍ 24 ന് ഒറേവ ഗ്രൂപ്പ് ചെയര്‍മാന്‍ ജയ്‌സൂഖ് പട്ടേലും കുടുംബവും പാലത്തിലൂടെ ചുറ്റിനടന്നതാണ് പാലത്തിന്റെ ഏക ഫിറ്റ്‌നസ് ടെസ്റ്റെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ദേവപ്രകാശ് സൊല്യൂഷന്‍സ് എന്ന കമ്പനിക്കാണ് ഇവര്‍ ഉപകരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇവര്‍ക്ക് പാലനിര്‍മ്മാണത്തില്‍ ആവശ്യമായ പരിജ്ഞാനമോ മുന്‍ പരിചയമോ ഇല്ലെന്നാണ് കണ്ടെത്തല്‍.

ഏഴ് മാസത്തോളമാണ് അറ്റകുറ്റപ്പണിക്കായി പാലം അടച്ചിട്ടിരുന്നത്. എന്നാല്‍ പഴയ കമ്പികള്‍ മാറ്റുകയോ ബലപ്പെടുത്തുകയോ ചെയ്തിട്ടില്ല. തറയിലെ മരപ്പാളികള്‍ക്ക് പകരം അലൂമിനിയമാണ് ഉപയോഗിച്ചത്.

ഇത് പാലത്തിന് ഭാരം കൂട്ടി. ആ പണികളിലൊന്നും എഞ്ചിനീയറിംഗ് വൈദഗ്ദ്യം ഉള്ളവര്‍ മേല്‍നോട്ടത്തിനുണ്ടായിരുന്നില്ല. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പാലം തുറന്നുകൊടുക്കുകയും ചെയ്തു.

അഞ്ച് ദിവസമായി നടന്ന തെരച്ചിലില്‍ ഇതുവരെ 135 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഞായറാഴ്ചയായിരുന്നു മോര്‍ബിയിലെ മച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലം തകര്‍ന്നുവീണത്.

Related posts

Leave a Comment