കൽപ്പറ്റ: പഞ്ചാരക്കൊല്ലിയിലെ കടുവയെ ചത്തനിലയിൽ കണ്ടെത്തി. പീലക്കാവ് ഭാഗത്താണ് കടുവയെ ചത്തനിലയിൽ കണ്ടെത്തിയത്.
ശരീരത്തിൽ പരിക്കുകളുണ്ടെന്ന് റിപ്പോർട്ട്. ആളെക്കൊല്ലി കടുവ ചത്തതായി വനംവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ വനംവകുപ്പ് സംഘാംഗങ്ങൾ കടുവയെ അവശനിലയിൽ കണ്ടത്. കടുവയുടെ കഴുത്തിൽ രണ്ട് വലിയ മുറിവുകളുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്.
അവശനിലയായിരുന്ന കടുവ രണ്ടരയോടെ ചാവുകയായിരുന്നു.
മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാണെന്നാണ് പ്രാഥമിക നിഗമനം.കടുവയുടെ കാൽപ്പാടുകൾ പരിശോധിച്ചു പോയപ്പോഴാണ് ചത്ത നിലയിൽ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെതെന്ന് വനം വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കടുവയുടെ ജഡം ബേസ് ക്യാംപിലേക്ക് എത്തിച്ചു.പോസ്റ്റ് മോർട്ടം ചെയ്താലെ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
കടുവയെ വെടി വെച്ചിട്ടില്ലെന്നും അധികൃതർ പ്രതികരിച്ചു. പ്രിയദർശിനി എസ്റ്റേറ്റിന് സമീപത്തെ വനമേഖലയിലാണ് ജഡം കണ്ടെത്തിയത്.
കടുവയുടെ കഴിഞ്ഞ ദിവസത്തെ ഫോട്ടോയും കിട്ടിയ ജഡത്തിലെയും ഐഡൻ്റിഫിക്കേഷൻ മാർക്കുകൾ ഒത്തു നോക്കിയാണ് ചത്തത് ആളെ കൊല്ലി കടുവ തന്നെയാണ് എന്ന് സ്ഥിരീകരിച്ചത്
പഞ്ചാരക്കൊല്ലി സ്വദേശിനിയായിരുന്ന രാധയെ കൊന്ന കടുവയാണ് ചത്തത്. കടുവയെ വെടിവച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം കടുവയ്ക്കായി കാടുകയറിയുള്ള പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് കടുവ ചത്തത്.
കടുവാ ഭീതിയെത്തുടർന്ന് രാവിലെ ആറ് മണി മുതൽ മേഖലയിൽ 48 മണിക്കൂർ കർഫ്യൂ ആരംഭിച്ചിരുന്നു.
മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലി, ചിറക്കര, പിലാക്കാവ് ഡിവിഷനുകളിലെ മദ്രസകൾ, അങ്കണവാടികൾ, സ്കൂളുകൾ എന്നിവയ്ക്ക് അവധിയാണ്.
പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നത്.
വനംവകുപ്പ് താല്‍ക്കാലിക വാച്ചറായ അച്ചപ്പൻ്റെ ഭാര്യയാണ് മരിച്ച രാധ. കാപ്പി പറിക്കാന്‍ തോട്ടത്തിലേക്കു പോകുന്നതിനിടെയാണു രാധയെ കടുവ കൊന്നതെന്നാണു വിവരം.
നൂറ് മീറ്ററോളം രാധയുടെ മൃതദേഹം കടുവ വലിച്ചുകൊണ്ടു പോയി. പകുതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തുന്നത്.